കേരളത്തിനായി കൈയടിക്കാൻ മുഹമ്മദ് സാബിത്തും നൗഷാദുമെത്തി
text_fieldsമഞ്ചേരി: ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം എത്തിയതോടെ കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് സാബിത്തും പാലക്കാട് സ്വദേശി നൗഷാദ് ഖാനും കേരളത്തിനായി കൈയടിക്കാൻ പയ്യനാട് സ്റ്റേഡിയത്തിലെത്തി. കളി കാണാൻ ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാബിത്ത് കായികമന്ത്രിക്ക് കത്തയച്ചിരുന്നു.
കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ 'മഞ്ഞപ്പട'യുടെ ജില്ല കോർ കമ്മിറ്റി അംഗമായ സാബിത്ത് ആദ്യമായാണ് സന്തോഷ് ട്രോഫി മത്സരം കാണാനെത്തുന്നത്. ജില്ലയിൽ ഇത്തരത്തിൽ വലിയ ചാമ്പ്യൻഷിപ് നടക്കുമ്പോൾ വീട്ടിലിരിക്കാനാവാത്തത് കൊണ്ടാണ് ഗാലറിയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
സഹോദരൻ സുഫൈൽ, സുഹൃത്ത് ഷഫീഖ് എന്നിവരോടൊപ്പം കാറിലാണ് എത്തിയത്. നാട്ടിൽനിന്നും പുറപ്പെട്ട് ആറ് മണിയോടെ തന്നെ ഗാലറിയിലെത്തി. വീൽചെയറിലിരുന്ന് മുൻ നിരയിൽനിന്ന് കളി കാണാൻ സൗകര്യം ഒരുക്കിയിരുന്നു. സംസ്ഥാനത്തെ മുഴുവൻ സ്റ്റേഡിയങ്ങളിലും ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്ന് സാബിത്ത് പറഞ്ഞു. ഗാലറിയിൽ വീൽചെയർ കയറാൻ റാമ്പ് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെത്തി വലിയ ജനക്കൂട്ടത്തിന് മുന്നിൽ കളി കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഒലവക്കോട് സ്വദേശിയായ നൗഷാദ് ഖാൻ ടാക്സി വിളിച്ചാണ് കുടുംബസമേതം കളി കാണാനെത്തിയത്. 12 മണിക്ക് പുറപ്പെട്ട് 4.30ഓടെ തന്നെ പയ്യനാട്ടെത്തി. എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്ന നൗഷാദ് 20 വർഷം മുമ്പാണ് വീൽചെയറിലായത്.
കേരളത്തിലെ സ്റ്റേഡിയങ്ങളും പൊതുയിടങ്ങളും ഭിന്നശേഷി സൗഹൃദമായാൽ ഇത്തരത്തിൽ വീട്ടിലിരിക്കുന്ന പലരും കളികാണാൻ എത്തുമെന്നും ഇത്രയും സൗകര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു. ഭാര്യ ഷംസാദ് ബീഗം, മക്കളായ റിയഖാൻ, റിസ്വാൻ ഖാൻ എന്നിവരും കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.