കേറിവാടാ മക്കളേ: കേരളം കർണാടകക്കെതിരെ, സന്തോഷ് ട്രോഫി ആദ്യ സെമിഫൈനൽ ഇന്ന്
text_fieldsമലപ്പുറം: 75ാമത് സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വ്യാഴാഴ്ച തുടക്കം. പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 8.30ന് ആതിഥേയരായ കേരളം അയൽക്കാരായ കർണാടകയെ നേരിടും. ബംഗാളും പഞ്ചാബും ഉൾപ്പെട്ട ഗ്രൂപ് എയിൽ അപരാജിതരായി മൂന്ന് ജയവും ഒരു സമനിലയും നേടി 10 പോയന്‍റോടെ ഒന്നാമതെത്തിയവരാണ് കേരളം. രണ്ട് ജയവും ഓരോ സമനിലയും തോൽവിയുമായി ഗ്രൂപ് ബിയിൽ രണ്ടാം സ്ഥാനക്കാരായി ഏഴ് പോയന്‍റോടെ കർണാടകയും സെമിയിലെത്തി. വെള്ളിയാഴ്ച രണ്ടാം സെമി ഫൈനൽ മത്സരത്തിൽ മുൻ ജേതാക്കളായ ബംഗാളും മണിപ്പൂരും ഏറ്റുമുട്ടും.
മുൻതൂക്കം നാട്ടുകാർക്ക്
തോൽവിയറിയാതെയാണ് കേരളത്തിന്‍റെ യാത്ര. നാല് മത്സരങ്ങളിലായി എതിർവലയിൽ പത്തിലധികം തവണ പന്തെത്തിച്ച ടീം വേറെയില്ല. വെറും മൂന്ന് ഗോൾ വഴങ്ങി ഇക്കാര്യത്തിലും മുന്നിലാണ്. ആതിഥേയരെന്ന നിലയിൽ കാണികളിൽനിന്ന് കിട്ടുന്ന കലവറയില്ലാത്ത പിന്തുണ കേരളത്തിന് നൽകുന്ന മാനസിക മുൻതൂക്കം ചെറുതല്ല.
പക്ഷേ, പ്രതിരോധത്തിലും ഫിനിഷിങ്ങിലും പോരായ്മകളുണ്ട്. ക്യാപ്റ്റൻ ജിജോ ജോർജും അർജുൻ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടിൽനിന്നും തലയിൽനിന്നുമായി പിറന്നത്. രണ്ടാം പകുതിയിലെ സൂപ്പർ സബുകൾ നൗഫലും ജെസിനും നടത്തുന്ന ആക്രമണവും എതിരാളികൾക്ക് വെല്ലുവിളിയുയർത്തും. സ്ട്രൈക്കർ വിഘ്നേഷ് ഇതുവരെ അക്കൗണ്ട് തുറക്കാത്തതും കാണാതിരുന്നുകൂടാ.
കന്നട നിറയെ മലയാളം
പരിശീലകന്‍ അടക്കം നാല് മലയാളി താരങ്ങള്‍ കര്‍ണാടക ടീമിലുണ്ട്. മിഡ്ഫീൽഡർമാരായി കോഴിക്കോട് വെള്ളിമാട്കുന്ന് സ്വദേശി ബാവു നിഷാദ്, പട്ടാമ്പിക്കാരൻ പി.ടി. റിയാസ്, സെന്‍റർ ബാക്ക് തിരുവനന്തപുരം പുതിയതുറയിലെ സിജു സ്റ്റീഫൻ എന്നിവർ കളിക്കളത്തിൽ. കരയിൽ തന്ത്രങ്ങൾ മെനഞ്ഞ് തൃശൂർ സ്വദേശി ബിബി തോമസും. പോരാട്ടവീര്യത്തിന്‍റെ പ്രതീകമാണ് കർണാടക. കറുത്തകുതിരകളാവുമെന്നുറപ്പിച്ച ഒഡിഷ സർവിസസിനോട് അപ്രതീക്ഷിതമായി തോൽവി വഴങ്ങിയപ്പോൾ വന്ന അവസരം മുതലെടുത്ത് ഗുജറാത്തിനെതിരെ വൻവിജയവുമായി അവസാന നാലിലേക്ക് മാർച്ച് ചെയ്തവർ. ഏത് നിലവാരത്തിലേക്കുമുയരാനുള്ള കരുത്ത് ടീമിനുണ്ടെന്ന് നാല് ഗോൾ ജയത്തിൽ വ്യക്തം. സിജു നയിക്കുന്ന പ്രതിരോധമാണ് കർണാടകയുടെ പ്രധാന കരുത്ത്. വിങ്ങിൽ കമലേഷിന്‍റെ ആക്രമണവും ഗോളടി വീരൻ സുധീർ കൊട്ടികലയുടെ ഫിനിഷിങ്ങും ടീമിന് പ്ലസാണ്.
സെമിയിലേക്കുള്ള വഴി
കേരളം
രാജസ്ഥാനെതിരെ 4 -0
ബംഗാളിനെതിരെ 2 -0
മേഘാലയക്കെതിരെ 2 -2
പഞ്ചാബിനെതിരെ 2 -1
കർണാടക
ഒഡിഷക്കെതിരെ 3 -3
സർവിസസിനെതിരെ 1 -0
മണിപ്പൂരിനെതിരെ 0 -3
ഗുജറാത്തിനെതിരെ 4 -0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.