ഒരുക്കം പഴയതുപോലല്ല, ബെറ്ററാണ് കേരള ടീം
text_fieldsകോഴിക്കോട്: ടീം പ്രഖ്യാപനത്തിനുശേഷം നടന്ന ആദ്യ പ്രാക്ടീസ് മാച്ചിൽ സന്തോഷ് ട്രോഫി കേരള ടീം കോച്ച് ബിബി തോമസ് മുട്ടത്ത് ഹാപ്പിയാണ്. ഫിറ്റ്നസും ഫങ്ഷനൽ ട്രെയിനിങ്ങും കഴിഞ്ഞതോടെ ടീം ബെറ്ററായെന്നാണ് ടീമിനെക്കുറിച്ച് അദ്ദേഹത്തിന്റെ വിലയിരുത്തൽ. എട്ടാം തവണ വിജയമെന്ന ലക്ഷ്യവുമായി സന്തോഷ് ട്രോഫി ഫുട്ബാളിന് കേരള ടീം ഒരുങ്ങുന്നത് പഴയ പാഠങ്ങളിൽനിന്നു തന്നെയാണ്. റെയിൽവേസുമായുള്ള ആദ്യ കളി ടഫ് തന്നെയാണ്. പുതിയ റിക്രൂട്ട്മെന്റ് നടത്തിയ പോണ്ടിച്ചേരിയും ലക്ഷദ്വീപുമായുള്ള കളിയും കടുപ്പമേറിയതാകുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
യുവതാരങ്ങൾക്കും പരിചയസമ്പന്നർക്കും പ്രാധാന്യം നൽകിയുള്ള ടീമിനെയാണ് കേരള ഫുട്ബാൾ അസോസിയേഷൻ കരുതലോടെ ഇറക്കിയത്. ടീമിൽ പുതുതായി ഇടംനേടിയ 15 പേർ സന്തോഷ് ട്രോഫിയിൽ പുതുമുഖങ്ങളാണെങ്കിലും മികച്ചവരുടെ പട്ടികയിലേക്ക് വരാനുള്ളവരാണെന്നതാണ് വലിയ നേട്ടമായി കാണുന്നത്. മൂന്ന് ഗോൾകീപ്പർമാരെയും പ്രതിരോധനിരയിലും മധ്യനിരയിലും ഏഴുപേരെ വീതവും അറ്റാക്കിങ്ങിന് അഞ്ചുപേരെയുമാണ് കേരള ഒരുക്കി നിർത്തിയിരിക്കുന്നത്. സൂപ്പർ ലീഗിലും കൽക്കത്ത ലീഗിലും പൊലീസ് ടീമിലും സ്ഥിരമായി കളിക്കുന്ന യുവതാരങ്ങളാണെന്നതാണ് പുതിയ സ്ക്വാഡിന്റെ പ്രത്യേകത.
കളിക്കാരുടെ ശരാശരി പ്രായം 22.5 ആണെന്നത് ഏറെ പ്രയോജനകരമാകും. ഒത്തൊരുമിച്ചുള്ള പരിശീലനത്തിലൂടെ കരുത്തുറ്റ ടീമിനെ വാർത്തെടുക്കാനായെന്നാണ് ആക്രമണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ടീമിനെ മെനഞ്ഞ മുഖ്യപരിശീലകൻ ബിബി തോമസ് പറയുന്നത്. 20ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ റെയിൽവേസിനെതിരെ കേരളം ആദ്യ മത്സരത്തിനിറങ്ങുമ്പോൾ കഴിഞ്ഞ തവണ ക്വാർട്ടറിൽനിന്ന് മടങ്ങേണ്ടിവന്നതിന്റെ വേദനയിൽനിന്നാകും കളി തുടങ്ങുക. സൂപ്പർ ലീഗ് കേരളയിൽ നിറഞ്ഞാടിയ താരങ്ങളെന്ന നിലയിൽ ഗ്രൗണ്ട് പരിചയം കേരള ടീമിന് ഏറെ ഗുണം ചെയ്യും. സൂപ്പർ ലീഗ് കേരളയിൽ കളിച്ച എട്ടുതാരങ്ങളാണ് സന്തോഷ് ട്രോഫിക്കിറങ്ങുന്നത്. ലക്ഷദ്വീപുമായുള്ള മത്സരം നവംബർ 22നും പോണ്ടിച്ചേരിയുയി 24നുമാണ്. ഗ്രൂപ് ജേതാക്കളാവാൻ കഴിയുമെന്നാണ് സഹപരിശീലകൻ സി. ഹാരി ബെന്നി പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.