ഞങ്ങളും ഒരു വർണ പട്ടമായിരുന്നു!
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബാൾ സെമി ഫൈനലിലെത്താതെ കേരളം പുറത്തായത് സംസ്ഥാന ഫുട്ബാൾ അസോസിയേഷനു മാത്രമല്ല, അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തിരിച്ചടിയായി. ടീം തെരഞ്ഞെടുപ്പിലെ പാളിച്ചകൂടി നിലവിലെ ജേതാക്കളുടെ നേരത്തേയുള്ള മടക്കത്തിന് കാരണമായെന്ന വിമർശനമുയർന്നിട്ടുണ്ട്.
മലയാളികൾ ഏറെയുള്ള സൗദി അറേബ്യയിൽ നോക്കൗട്ട് മത്സരങ്ങൾ നടത്തുമ്പോൾ കാണികൾ ഒഴുകിയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കേരളം കളിക്കാത്ത സെമിഫൈനലിന് റിയാദ് കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വേണ്ടത്ര ആളനക്കമുണ്ടാക്കാൻ കഴിയുമോയെന്ന ആശങ്കയുണ്ട്.
എന്തുകൊണ്ട് നമ്മൾ തോറ്റു?
ഗ്രൂപ്, ഫൈനൽ റൗണ്ടിലായി 10 മത്സരങ്ങൾ കളിച്ചതിൽ ഒന്നിൽ മാത്രമാണ് കേരളം തോറ്റത്. ഇത് പുറത്താകലിന് കാരണമാവുകയും ചെയ്തു. കോഴിക്കോട്ട് നടന്ന ഗ്രൂപ് മത്സരങ്ങളിൽ അഞ്ചിൽ അഞ്ചും ജയിച്ച ടീം ഭുവനേശ്വറിലെത്തിയപ്പോൾ പക്ഷേ പലപ്പോഴും കളി മറന്നു.
കൂട്ടത്തിൽ ദുർബലരായ ഗോവയുമായി വിയർത്താണ് ജയിച്ചത്. കഴിഞ്ഞ തവണ കർണാടകയുടെ പോസ്റ്റിൽ ഗോൾമഴ പെയ്യിച്ച കേരളം ഇക്കുറി പക്ഷേ അവരോട് പരാജയംരുചിച്ചു. മഹാരാഷ്ട്രക്കെതിരെ കനത്ത തോൽവിയുടെ വക്കത്തുനിന്ന് പൊരുതി സമനില നേടിയത് മിച്ചം. ഒഡിഷയോടും ജയിച്ചെങ്കിലും ഒടുവിൽ പഞ്ചാബിനോട് സമനില വഴങ്ങിയതോടെ എല്ലാം അവസാനിച്ചു.
ഇക്കഴിഞ്ഞ നാലിൽ രണ്ട് സന്തോഷ് ട്രോഫി കിരീടങ്ങളും നേടിയത് കേരളമാണ്. അന്നൊക്കെ സർവകലാശാല, ക്ലബ് തലങ്ങളിൽ നിറഞ്ഞുനിൽക്കുകയും സ്ഥിരമായി ദേശീയ മത്സരങ്ങളുടെ ഭാഗമായിക്കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരുന്നവരായിരുന്നു പരിശീലകർ. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലെ പ്രകടനം അടിസ്ഥാനമാക്കിയായിരുന്നു സന്തോഷ് ട്രോഫി ടീം തെരഞ്ഞെടുപ്പ്. ഇത്തവണ ഈ മാനദണ്ഡം വേണ്ടത്ര പാലിക്കപ്പെട്ടില്ല.
ടീം തെരഞ്ഞെടുപ്പിൽ ചില താൽപര്യങ്ങളും കടന്നുകൂടി. 16 പുതുമുഖങ്ങളുമായാണ് കേരളം ഒഡിഷയിലേക്ക് ട്രെയിൻ കയറിയത്. മുമ്പ് സന്തോഷ് ട്രോഫി കളിച്ചവർ ഒരു കൈയിന്റെ വിരലുകളിൽ എണ്ണാവുന്നവർ മാത്രം. ഫോർവേഡ് ജോൺ പോൾ ജോസ്, മിഡ്ഫീൽഡർ ഗിഫ്റ്റി ഗ്യേഷസ്, ഡിഫൻഡർമാരായ ജി. സഞ്ജു, സച്ചു സിബി എന്നിവർക്ക് പരിക്കേറ്റതും വിനയായി. മുന്നേറ്റക്കാരൻ എം. വിഘ്നേഷ് നിരോധിത മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ടീമിൽനിന്ന് പുറത്താവുകയും ചെയ്തു.
കേരളമില്ലാതെ സൗദിയിലേക്ക്
2022ൽ മലപ്പുറം കോട്ടപ്പടിയിലും മഞ്ചേരി പയ്യനാട്ടുമായി നടന്ന സന്തോഷ് ട്രോഫി ടൂർണമെൻറ് കാണാൻ ആയിരങ്ങളെത്തിയിരുന്നു. മുൻകൂട്ടി ടിക്കറ്റെടുത്തവർക്കുപോലും അകത്തേക്ക് കയറാനാവാതെ മടങ്ങേണ്ട സാഹചര്യമുണ്ടായി. ഫൈനൽ ദിവസം തിരക്ക് പിടിവിട്ടപ്പോൾ പൊലീസിന് ലാത്തിയും പ്രയോഗിക്കേണ്ടിവന്നു.
സംസ്ഥാന സർക്കാറിന്റെയും സ്പോർട്സ് കൗൺസിലിന്റെയും നിയന്ത്രണത്തിൽ നടന്ന ടൂർണമെന്റിൽനിന്ന് വലിയ വരുമാനവും ലഭിച്ചു. ഒരു വർഷത്തിനിപ്പുറം പക്ഷേ കോഴിക്കോടും ഭുവനേശ്വറും സാക്ഷിയായത് ആളില്ലാ ടൂർണമെന്റിനാണ്.
സൗദിയിൽ പക്ഷേ നിറഞ്ഞ ഗാലറി പ്രതീക്ഷിച്ചാണ് മലയാളിയായ ഷാജി പ്രഭാകരൻ തലപ്പത്തിരിക്കുന്ന അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ ചരിത്രത്തിലാദ്യമായി വിദേശത്ത് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചത്. ഫൈനൽ റൗണ്ട് മുഴുവൻ സൗദിയിലായിരിക്കുമെന്നായിരുന്നു തുടക്കത്തിലെ റിപ്പോർട്ടുകൾ. പിന്നീട് സെമിഫൈനൽ മുതലങ്ങോട്ടുള്ള നാലു കളികളാക്കി ചുരുക്കി.
കഴിഞ്ഞ ഒക്ടോബറിൽ എ.ഐ.എഫ്.എഫും സൗദി അറേബ്യ ഫുട്ബാൾ ഫെഡറേഷനും ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു. സാങ്കേതിക പിന്തുണ നൽകൽ, സ്ഥിരമായി പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരങ്ങൾ സംഘടിപ്പിക്കൽ, ഫുട്ബാൾ-ഭരണ വിദഗ്ധരുടെ കൈമാറ്റം എന്നിവയുൾപ്പെടെ വിപുലമായ പ്രവർത്തനങ്ങൾ കരാറിലുണ്ട്.
സംസ്ഥാനതലത്തിലുള്ള കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദിയിലെ വലിയ ഇന്ത്യൻ സമൂഹത്തെ ഇന്ത്യൻ ഫുട്ബാളുമായി ബന്ധിപ്പിക്കുന്നതിനും രണ്ടു ഫെഡറേഷനുകൾക്കും വിജയസാഹചര്യം സൃഷ്ടിക്കുന്നതിനുമായാണ് സന്തോഷ് ട്രോഫിയിലൂടെത്തന്നെ തുടങ്ങുക എന്ന ആശയം ഉയർന്നത്.
കേരളമില്ലാത്തത് പക്ഷേ ആരംഭത്തിലേ ആവേശം കുറച്ചിരിക്കുകയാണ്. മുക്കാൽ ലക്ഷം പേരെ ഉൾക്കൊള്ളാവുന്ന വിദേശത്തെ ഒരു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ആദ്യമായി ഇന്ത്യയിലെ ദേശീയ ടൂർണമെന്റ് നടക്കുമ്പോൾ കാണികൾ നന്നേ കുറയുന്നത് തിരിച്ചടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.