ഗോവക്കായി രണ്ടടിച്ച് ഫെർണാണ്ടസ്; കേരളത്തിന് തോൽവി
text_fieldsപനാജി: സന്തോഷ് ട്രോഫിയിൽ കേരളത്തിന് തോൽവി. യോഗ്യത ഘട്ടത്തിലെ വീഴ്ചക്ക് മധുരപ്രതികാരം തേടിയിറങ്ങിയ മലയാളിപ്പട രണ്ടു പകുതികളിലായി വഴങ്ങിയ രണ്ട് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്. നെസിയോ എം. ഫെർണാണ്ടസാണ് രണ്ടു ഗോളുകളും നേടിയത്.
45, 59 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ഓഫ്സൈഡ് കൊടി ഉയർന്നത് അവഗണിച്ചായിരുന്നു റഫറി ആദ്യ ഗോൾ അനുവദിച്ചത്. ഇതിനെതിരെ കേരള താരങ്ങളും കോച്ച് സതീവൻ ബാലനുമടക്കം കടുത്ത പ്രതിഷേധമുയർത്തിയെങ്കിലും റഫറി വഴങ്ങിയില്ല. ഇടവേളക്കു ശേഷവും മുന്നിൽനിന്ന് പടനയിച്ച കേരളം പലവുരു ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം പാളി.
ഇതിനിടെ പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് ഫെർണാണ്ടസ് വീണ്ടും കേരളത്തിന്‍റെ വലകുലുക്കി. ഗ്രൂപ് എയിൽ കേരളം ആദ്യ കളിയിൽ അസമിനെ വീഴ്ത്തിയിരുന്നു. മറുവശത്ത്, അരുണാചൽ പ്രദേശിന് മുന്നിൽ ആദ്യ കളി സമനിലയിലായ ഗോവ ജയത്തോടെ നാലു പോയന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. രണ്ടു കളികൾ ജയിച്ച് സർവിസസ് ഒന്നാമതാണ്.
സർവിസസ്, അരുണാചൽ പ്രദേശ്, മേഘാലയ ടീമുകളുമായാണ് കേരളത്തിന് അടുത്ത മത്സരങ്ങൾ. ഗ്രൂപ് എയിൽനിന്ന് കൂടുതൽ പോയന്റ് നേടുന്ന നാല് ടീമുകൾ ക്വാർട്ടറിൽ കടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.