സന്തോഷ് ട്രോഫി: ഇന്ന് പഞ്ചാബിനെ തോൽപിച്ചാൽ കേരളം സെമി കളിക്കാൻ സൗദിയിലേക്ക്
text_fieldsഭുവനേശ്വർ: ജയിച്ചാൽ സെമി ഫൈനലിനായി വിമാനത്തിൽസൗദി അറേബ്യയിലേക്ക് പറക്കാം, തോൽവി പോയിട്ട് സമനിലയാണെങ്കിൽപോലും പുറത്തായി നാട്ടിലേക്ക് തിരിക്കാം... ഞായറാഴ്ച ഗ്രൂപ് എയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിനിറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന്റെ അവസ്ഥ ഇതാണ്. ആലങ്കാരികമായി പറഞ്ഞാൽ ജയിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സാഹചര്യം. ഗ്രൂപ്പിൽ 10 പോയന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്ന പഞ്ചാബാണ് കേരളത്തിന്റെ ഇന്നത്തെ എതിരാളികൾ.
കഴിഞ്ഞ നാലിൽ മൂന്നു കളിയും ജയിക്കുകയും ഒരെണ്ണം സമനിലയിൽ പിടിക്കുകയും ചെയ്ത പഞ്ചാബിന് പക്ഷേ, ഒറ്റത്തോൽവി മതി പുറത്തേക്ക് വഴിതുറക്കാൻ എന്നതിനാൽ ഇരു ടീമിനും ഇത് ജീവന്മരണ പോരാട്ടംതന്നെ. വൈകീട്ട് മൂന്നിനാണ് കേരളം-പഞ്ചാബ് മത്സരം. ഇതേസമയംതന്നെ സെമി ബെർത്ത് നോട്ടമിട്ട് കർണാടക ആതിഥേയരായ ഒഡിഷയെയും നേരിടുന്നുണ്ട്.
പഞ്ചാബ് (10), കർണാടക (8), കേരളം (7) എന്നിങ്ങനെയാണ് ഗ്രൂപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാരുടെ പോയന്റ്. മറ്റു ടീമുകൾ പുറത്തായിട്ടുണ്ട്. പഞ്ചാബിനെ തോൽപിച്ചാൽ കേരളത്തിന് 10 പോയന്റാവും. ഇരു ടീമിനും ഒരേ പോയന്റ് വന്നാൽ മുഖാമുഖം ഏറ്റുമുട്ടിയപ്പോഴത്തെ ഫലമാണ് നോക്കുക. പഞ്ചാബിനെ വീഴ്ത്തിയ ആനുകൂല്യത്തിൽ കേരളത്തിന് കടക്കാം എന്നർഥം.
പഞ്ചാബിനെ സംബന്ധിച്ച് മുന്നേറാൻ ഒരു സമനില മാത്രം മതി. കർണാടകക്ക് ഒഡിഷയോട് ജയിച്ചാൽ 11 പോയന്റുമായി ബർത്ത് ഉറപ്പ്. കർണാടക തോറ്റാലും കേരളം ഇന്ന് ജയിച്ചില്ലെങ്കിൽ ഇവർ പഞ്ചാബിനൊപ്പം സെമിയിൽ കടക്കും. നേരത്തേ കേരളത്തെ പരാജയപ്പെടുത്തിയതിനാൽ ഇരു ടീമിനും ഒരേ പോയന്റാവുന്നതിന്റെ മെച്ചവും കർണാടകക്ക് ലഭിക്കും. ആദ്യ മത്സരത്തിൽ ഗോവയെ 2-1ന് തോൽപിച്ച് തുടങ്ങിയ നിലവിലെ ജേതാക്കൾ പിന്നീട് അയൽക്കാരോട് മുട്ടുമടക്കുകയും (0-1) മഹാരാഷ്ട്രയുമായി സമനിലയിൽ പിരിയുകയും (4-4) ചെയ്തു. നിർണായകമായ നാലാം മത്സരത്തിൽ ഒഡിഷയെ ഒറ്റ ഗോളിന് വീഴ്ത്തിയാണ് കേരളം സെമി പ്രതീക്ഷ നിലനിർത്തിയത്.
സെമിക്കരികെ സർവിസസ്
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഗ്രൂപ് ബിയിൽ മണിപ്പൂരിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോൽപിച്ച സർവിസസ് സെമി ഫൈനലിലേക്ക് ഒരുപടി കൂടി അടുത്തു. ഗ്രൂപ്പിലെ അവസാന മത്സരം ശേഷിക്കെ പട്ടാളക്കാർക്ക് 10 പോയന്റായി. നിലവിലെ റണ്ണറപ്പായ ബംഗാളിന് വീണ്ടും തിരിച്ചടി നൽകി റെയിൽവേസ് 1-0ത്തിനും മേഘാലയ ഡൽഹിക്കെതിരെ 5-1നും ജയിച്ചു.
സർവിസസിന് പിറകിലായി അടുത്ത മൂന്നു സ്ഥാനങ്ങളിലുള്ള മേഘാലയ (7), റെയിൽവേസ് (7), മണിപ്പൂർ (6) ടീമുകൾക്കും സെമി പ്രതീക്ഷയുണ്ട്. അവസാന മത്സരങ്ങളിൽ റെയിൽവേസും സർവിസസും മേഘാലയയും ബംഗാളും ഡൽഹിയും മണിപ്പൂരും ഏറ്റുമുട്ടും. സെമിയിലെത്താൻ സർവിസസിന് സമനില മാത്രം മതി. റെയിൽവേസാണ് ജയിക്കുന്നതെങ്കിൽ ഇരു ടീമിനും 10 വീതം പോയന്റാവും. ഇത് റെയിൽവേസിന് വാതിൽ തുറക്കുമെങ്കിലും അപ്പുറത്ത് മേഘാലയ ജയിച്ച് 10 പോയന്റിലെത്തിയാലും പട്ടാളക്കാർക്ക് സെമി കാണാം. മേഘാലയയുമായുള്ള മത്സരത്തിൽ ജയിച്ചതാണ് സർവിസസിന് ഗുണം ചെയ്യുക. മേഘാലയ -റെയിൽവേസ് മത്സരം സമനിലയിലുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.