സന്തോഷ് ട്രോഫി: സൂപ്പർ സബ് ആയി ജസിൻ
text_fieldsമഞ്ചേരി: സന്തോഷ് ട്രോഫിയിൽ പകരക്കാരനായിറങ്ങി കേരളത്തിന്‍റെ വിജയത്തിൽ നിർണായകമായി മലപ്പുറം സ്വദേശി ജസിൻ. കരുത്തരായ ബംഗാളിനെതിരെ രണ്ടാം ഗോൾ നേടി വിജയം ഉറപ്പിക്കാനും പത്താം നമ്പറുകാരന് സാധിച്ചു.
കളത്തിലിറങ്ങിയ നിമിഷം മുതൽ മുന്നേറ്റത്തിൽ ബംഗാളിനെ വിറപ്പിക്കാൻ താരത്തിനായി. ആദ്യ ഗോളിലേക്ക് വഴിതുറന്നതും ജസിന്‍റെ മുന്നേറ്റത്തിലൂടെയായിരുന്നു. ജസിനും പകരക്കാരനായി നൗഫലും ഇറങ്ങിയതോടെയാണ് മുന്നേറ്റത്തിൽ കേരളത്തിന് വേഗം വന്നത്. തുടരെ തുടരെ നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.
84ാം മിനിറ്റിൽ ഗോൾ നേടിയാണ് കേരളം കളം പിടിച്ചത്. അധിക സമയത്ത് ജസിനും ഗോൾ നേടിയതോടെ വംഗനാട്ടുകാരുടെ പതനം പൂർത്തിയായി. ആദ്യ ഗോൾ നേടിയ നൗഫലും പകരക്കാരനായാണ് കളത്തിലിറങ്ങിയത്. കേരള യുനൈറ്റഡ് എഫ്.സി താരമായ ജസിൻ മമ്പാട് എം.ഇ.എസ് കോളജ് വിദ്യാർഥിയാണ്.
കിരീട നേട്ടത്തിന്‍റെ ഓർമ പുതുക്കി അവർ കേരളത്തിനായി കൈയടിച്ചു
1992ലെ കേരളത്തിന്‍റെ കിരീട നേട്ടത്തിന്‍റെ ഓർമ പുതുക്കി രണ്ടുപേരും ഫൈനലിൽ പരാജിതനായി തലകുനിക്കേണ്ട വന്ന ഒരാളും. ഇവർ മൂന്നുപേരും ചേർന്ന് പയ്യനാട്ടിൽ കേരളത്തിനായി കൈയടിക്കാനെത്തി. അന്ന് കിരീടം നേടിയ ടീമിൽ അംഗമായിരുന്ന ടൈറ്റാനിയം ഹമീദും റഫീഖ് ഹസനും ബംഗാൾ താരമായിരുന്ന യു. ഷറഫലിയുമാണ് പഴയ ഓർമകൾ പുതുക്കി മൈതാനത്ത് എത്തിയത്.
ഹമീദും റഫീഖ് ഹസനും ജോലിത്തിരക്ക് കാരണം ആദ്യ മത്സരം കാണാനെത്തിയിരുന്നില്ല. എതിർ ടീം ബംഗാൾ ആയതുകൊണ്ട് മാത്രമാണ് കാണാൻ എത്തിയതെന്ന് ഇരുവരും പറഞ്ഞു. യു. ഷറഫലി ഇവന്‍റ് കോഓഡിനേറ്ററായി സജീവമാണ്. മത്സരത്തിന് മുന്നിൽ തിമിർത്ത് പെയ്ത മഴ മൂലം ഗ്രൗണ്ടിലെ നനവ് ഇരു ടീമുകൾക്കും തിരിച്ചടിയായി.
അതുകൊണ്ടുതന്നെ മത്സരത്തിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ലെന്ന് ടൈറ്റാനിയം ഹമീദ് പറഞ്ഞു. സ്വന്തം നാട്ടിൽ ഇത്രയും കാണികൾക്ക് മുന്നിൽ കളിക്കാൻ നമുക്ക് സാധിച്ചില്ല. എന്നാൽ, നിറഞ്ഞ കാണികൾക്ക് മുന്നിൽ കേരളം ജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം-ബംഗാൾ പോരാട്ടം കളിക്കളത്തിലെ യുദ്ധമാണ്. കേരളം മുന്നേറി സെമിയിലെത്തിയാൽ മത്സരം കാണാൻ വീണ്ടുമെത്തുമെന്നും ഹമീദ് പറഞ്ഞു.
ആരോരുമറിയാതെ സുഹൈറും വന്നുപോയി
സന്തോഷ് ട്രോഫിയിൽ കേരളവും ബംഗാളും ഏറ്റുമുട്ടുമ്പോൾ സാധാരണക്കാരനായി ഒരാൾ ഗാലറിയിൽ ഇരുന്ന് കളി കണ്ടു. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ഗോളടി യന്ത്രവും ഐ ലീഗിലും കൊൽക്കത്ത ലീഗിലുമൊക്കെ ബംഗാളി ആരാധകരുടെ മനംകവർന്ന പ്രകടനക്കാരനുമായ വി.പി. സുഹൈർ ആയിരുന്നു ഇത്.
ഐ.എസ്.എല്ലിലെ തകർപ്പൻ ഫോമിനെ തുടർന്ന് ഈയിടെ ദേശീയ ടീമിലും അരങ്ങേറിയ താരം. സ്പോൺസർമാർ അടക്കം പലരും വി.ഐ.പി ഗാലറിയിൽ ഇരുന്ന് കളി കണ്ടപ്പോൾ ആരോ നൽകിയ ചെയർ ടിക്കറ്റ് ഉപയോഗിച്ചാണ് സുഹൈർ അകത്തുകയറിയത്. ദേശീയതാരങ്ങൾ പലരും പയ്യനാട്ട് കളി കാണാൻ എത്തുന്നു. ഇവർക്ക് വി.ഐ.പി പരിഗണന നൽകണം എന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.