സന്തോഷ് ട്രോഫി: സെമിയിൽ കേരളത്തിന് എതിരാളി കർണാടക
text_fieldsപയ്യനാട് (മലപ്പുറം): സസ്പെൻസും ത്രില്ലും നിറഞ്ഞൊരു വൈകുന്നേരത്തിനും രാത്രിക്കുമൊടുവിൽ സന്തോഷ് ട്രോഫി സെമി ഫൈനലിലേക്ക് കർണാടകയുടെ രംഗപ്രവേശം. തിങ്കളാഴ്ച വൈകുന്നേരം കോട്ടപ്പടി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യന്മാരായ സർവിസസിനോട് ഒഡിഷ പരാജയം ഏറ്റുവാങ്ങിയതോടെ ആയുസ്സ് നീട്ടിക്കിട്ടിയ കർണാടക രാത്രി പയ്യനാട്ട് ഗുജറാത്തിനെ 4-0ത്തിന് തോൽപിച്ച് ഗോൾ ശരാശരിയുടെ ബലത്തിലാണ് അവസാന നാലിലെത്തിയത്.
ഇതോടെ ഒമ്പത് പോയൻറുള്ള മണിപ്പൂർ ഗ്രൂപ് ബി ജേതാക്കളായി. ഏഴ് പോയൻറോടെ രണ്ടാമതുള്ള കർണാടകയെ ഏപ്രിൽ 28ന് നടക്കുന്ന സെമി ഫൈനലിൽ ആതിഥേയരും ഗ്രൂപ് എ ജേതാക്കളുമായ കേരളം നേരിടും. 28ന് ഗ്രൂപ് എ റണ്ണറപ്പായ ബംഗാളിനെ മണിപ്പൂർ രണ്ടാം സെമിയിൽ നേരിടും.
ഒഡിഷയെ തുരത്തി പട്ടാളം
സെമി ഫൈനലിൽ കടക്കുമെന്ന നേരിയ പ്രതീക്ഷ മാത്രമായിരുന്നു ഇന്നലെ വൈകുന്നേരം വരെ കർണാടകക്കുണ്ടായിരുന്നത്. മൂന്ന് മത്സരങ്ങളിൽനിന്ന് ഓരോ ജയവും തോൽവിയും സമനിലയുമായി നാലു പോയൻറ് മാത്രം. ഒഡിഷയാവട്ടെ മൂന്ന് കളിയിൽ തോൽവി അറിയാതെ രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയൻറിലും. സെമിയിലേക്ക് ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ, സെമി കാണാതെ പുറത്തായെങ്കിലും സർവിസസ് വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു.
വിജയത്തോടെ മടങ്ങാനുറച്ചാണ് പട്ടാളം വന്നത്. 74-ാം മിനിറ്റിൽ അവർ ലീഡ് എടുത്തു. ഇടതുവിങ്ങില്‍നിന്ന് മലയാളി പ്രതിരോധ താരം സുനില്‍ വലത് കാലുകൊണ്ട് ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ ക്രോസ് രണ്ട് ഒഡീഷന് പ്രതിരോധ താരങ്ങളുടെ ഇടയില്‍നിന്ന് സര്‍വിസസ് ക്യാപ്റ്റന്‍ വിവേക് കുമാര്‍ ഹെഡ് ചെയ്ത് ഗോളാക്കി മാറ്റുകയായിരുന്നു. 82-ാം മിനിറ്റിൽ രണ്ടാം ഗോളും.
ഇടതു വിങ്ങിലൂടെ ബോളുമായി മുന്നേറിയ സുനില്‍ ബോക്സിന് അകത്തുനിന്ന് പോസ്റ്റിലേക്ക് അടിക്കാന്‍ ശ്രമിക്കവേ ഒഡിഷന് പ്രതിരോധ താരങ്ങളുടെ ദേഹത്ത് തട്ടിത്തെറിച്ച പന്ത് നിഖില്‍ ശര്‍മ ഗോളാക്കി. ചാമ്പ്യൻഷിപ്പിൽ ഒഡിഷയുടെ ആദ്യ തോൽവി.
കർണാടക്ക് കാത്തിരിപ്പിന്റെ മധുരഫലം
കോട്ടപ്പടിയിൽ ഒഡിഷ സർവിസസിനോട് തോറ്റതോടെ പയ്യനാട്ട് രാത്രി നടന്ന കർണാടക-ഗുജറാത്ത് മത്സരം നിർണായകമായി. എതിരില്ലാത്ത മൂന്ന് ഗോളിനെങ്കിലും ജയിച്ചാലേ കർണാടകക്ക് പ്രതീക്ഷയുണ്ടായിരുന്നുള്ളൂ. ജയിച്ചാൽ കർണാടകക്കും ഒഡിഷക്കും ഏഴ് വീതം പോയൻറാണുണ്ടാവുക. സെമി യോഗ്യത തീരുമാനിക്കാൻ ഇരു ടീമും നേരിട്ട് ഏറ്റുമുട്ടിയതിന്റെ ഫലമാണ് ആദ്യം നോക്കുക. കർണാടക-ഒഡിഷ മത്സരം സമനിലയിലായിരുന്നു. പിന്നെ തീരുമാനമെടുക്കുക ഗോൾ ശരാശരി നോക്കി.
അതോടെയാണ് വൻജയം തേടി കർണാടക ഇറങ്ങിയത്. ഇരട്ട ഗോൾ നേടിയ സുധീർ കൊട്ടികല (12,29), കമലേഷ് (28), മഗേഷ് സെൽവ (60) എന്നിവർ ടീമിനെ അവിശ്വസനീയമായി സെമിയിലേക്ക് എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.