മൂന്നടിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം
text_fieldsഇട്ടനഗര്‍: സന്തോഷ് ട്രോഫി ഫുട്ബാൾ ഫൈനൽ റൗണ്ടിൽ ജയത്തോടെ തുടങ്ങി കേരളം. ഗ്രൂപ് എയിൽ തങ്ങളുടെ ആദ്യ കളിയിൽ കരുത്തരായ അസമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് തോൽപിച്ചത്. യിയുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കെ. അബ്ദുറഹീം (19), ഇ. സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവർ സ്കോർ ചെയ്തു. ദീപു മിർധ 78ാം മിനിറ്റിൽ അസമിന്റെ ആശ്വാസ ഗോളും നേടി.
കേരളത്തിന്റെ ഷോട്ടുകൾ പലതും പോസ്റ്റിൽത്തട്ടിത്തെറിച്ച ആദ്യ പകുതിയിൽ കൊണ്ടുംകൊടുത്തും കളി മുന്നേറവെയാണ് ഗോൾ പിറക്കുന്നത്. അസമിന്റെ പ്രതിരോധനിരയെ കബളിപ്പിച്ച് റഹീം ഗോൾ കണ്ടെത്തി. ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് സ്വീകരിച്ച റഹീം നൽകിയ ക്രോസ് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ സഹതാരങ്ങൾക്ക് പിഴച്ചെന്നു തോന്നിയ നിമിഷമായിരുന്നു ഗോൾ. പാഞ്ഞെത്തിയ റഹീം തന്നെ ഡിഫൻഡർമാർക്കു മുകളിലൂടെ ഗോളിയെ നിസ്സഹായനാക്കി തൊടുത്ത ഷോട്ട് മാരിവിൽപോലെ വലയിലേക്ക് പറന്നിറങ്ങി (1-0). കേരളത്തിന്റെ ലീഡോടെ ഒന്നാം പകുതി തീർന്നു. 67ാം മിനിറ്റിൽ കേരള ഹാഫിൽ നിന്ന് ലഭിച്ച പന്തിലാണ് ഗോൾ പിറന്നത്. ബോക്സിനുള്ളില്‍ മുഹമ്മദ് ആഷിഖിലേക്കാണ് പന്തെത്തിയത്. ആഷിഖിന്റെ ഉജ്ജ്വല പാസ് സജീഷ് പോസ്റ്റിലേക്കടിച്ചുകയറ്റി (2-0).
10 മിനിറ്റുകൂടി കഴിഞ്ഞപ്പോൾ മിർധ ഒരു ഗോൾ മടക്കിയത് കേരളത്തിൽ സമ്മർദമുണ്ടാക്കി. ഇടക്ക് ഒരിക്കൽക്കൂടി ഇവർ കേരളത്തിന്റെ വലകുലുക്കിയിരുന്നു. ഇതിൽ റഫറി ഓഫ്സൈഡ് വിളിച്ചില്ലെങ്കിൽ കളി മാറിയേനെ. എതിരാളികളുടെ മികച്ച മുന്നേറ്റങ്ങളെ മലയാളി പ്രതിരോധം തടഞ്ഞുനിർത്തിയതും തുണയായി. മത്സരം 2-1ൽ തീരുമെന്നു കരുതിയ നിമിഷങ്ങളിൽ മൂന്നാം ഗോൾ. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ബോക്സിനുള്ളില്‍ നിജോക്ക് മുഹമ്മദ് സഫ്നീദിന്റെ പാസ്. എതിർ കളിക്കാരെ വെട്ടിച്ച് പന്ത് വലയിലേക്ക് വിട്ടു നായകൻ. വെള്ളിയാഴ്ച രാത്രി ഗോവക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം.
സർവിസസിന് ജയം
ഇട്ടനഗര്‍: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ സർവിസസിന് ജയം. കഴിഞ്ഞ തവണത്തെ റണ്ണറപ്പായ മേഘാലയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപിച്ചത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പ് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മലയാളി പി.പി. ഷഫീൽ (90+7) സർവിസസിനായി ഗോൾ നേടി. കേരളമുൾപ്പെടുന്ന ഗ്രൂപ് എയിലാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.