സന്തോഷ് ട്രോഫി; ബംഗാളിനെ 2-0ത്തിന് തകർത്ത കേരളത്തിന് തുടർച്ചയായ രണ്ടാം ജയം
text_fieldsപയ്യനാട് (മലപ്പുറം): ഗാലറി തിങ്ങിനിറഞ്ഞ കാൽലക്ഷത്തോളം കാണികൾക്ക് മുന്നിൽ ആക്രമണ ഫുട്ബാളിലെ പതിനെട്ടടവും പുറത്തെടുത്തിട്ടും 83 മിനിറ്റ് വരെ സ്കോർ ചെയ്യാനാവാതെ കേരളം. ഗോൾകീപ്പറും ഡിഫൻഡറുമൊരുക്കിയ പ്രതിരോധക്കോട്ടയിൽ ആതിഥേയരെ ചെറുത്ത് ബംഗാൾ. സന്തോഷ് ട്രോഫി ഗ്രൂപ്പ് എയിലെ നിർണായക മത്സരം ഗോൾ രഹിത സമനിലയിലേക്ക് നീങ്ങവെ 84ാം മിനിറ്റിൽ ജെസിൻ ബോക്സിനകത്തേക്ക് നൽകിയ ലോങ് പാസ് ക്യാപ്റ്റൻ ജിജോ ജോസഫ് പോസ്റ്റിനരികിലേക്ക് നീക്കിയത് ബംഗാൾ പ്രതിരോധക്കോട്ട ഭേദിച്ച് പകരക്കാരൻ പി.എൻ. നൗഫൽ ഗോൾവര കടത്തിയപ്പോൾ ഗാലറി ഒന്നടങ്കം ആർപ്പുവിളിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞ് ഇഞ്ചുറി സമയത്ത് മറ്റൊരു പകരക്കാരൻ ജെസിനും സ്കോർ ചെയ്തു. തുടർച്ചയായ രണ്ടാം മത്സരവും ജയിച്ച് സെമി ഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു ആതിഥേയർ.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ബംഗാളിന് ഫ്രീകിക്ക്. കേരള പ്രതിരോധം തട്ടിയകറ്റി. പിന്നാലെ കേരള ഡിഫൻഡർ സോയൽ ജോഷി വലതുവിങ്ങിലൂടെ പന്തുമായി കുതിച്ചു. ഗാലറിയുടെ ആർപ്പുവിളികൾ പക്ഷെ പാതിവഴിയിലൊടുങ്ങി. നാലാം മിനിറ്റിൽ കേരള ഗോൾമുഖത്ത് വീണ്ടും ബംഗാൾ. ഇത്തവണ ഗോളി മിഥുൻ രക്ഷകനായി. 11ാം മിനിറ്റിൽ സ്കോർ ചെയ്യാൻ കേരളത്തിന് ലഭിച്ച അവസരം ആശയക്കുഴപ്പത്തിൽ പാഴായി. പിന്നാലെ ലഭിച്ച കോർണറിനെത്തുടർന്ന് മുഹമ്മദ് ഷഹീഫിന്റെ ഹെഡ്ഡർ ബാറിന് മുകളിലൂടെ പുറത്തേക്ക്. 19ാം മിനിറ്റിൽ ബംഗാൾ താരം ശുഭം ഭൗമിക്കിന്റെ ഷോട്ട് ഗാലറിക്ക് നെഞ്ചിടിപ്പും ആശ്വാസവും നൽകി ബാറിന് മീതേ പറന്നു. 22ാം മിനിറ്റിൽ അഡ്വാൻസ് ചെയ്ത ഗോളി മിഥുന്റെ പാസ് പിഴച്ചു. ഞൊടിയിടയിൽ പന്ത് വരുതിയിലാക്കിയ ബംഗാളിന്റെ അണ്ടർ 21 താരം സജൽ ബാഗ് കേരള ഗോളി പോസ്റ്റിലേക്ക് തിരിച്ചെത്തുംമുമ്പെ തൊടുത്തുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി.
25ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് വിഘ്നേഷിന്റെ മികച്ച ശ്രമം ബംഗാൾ ഗോളി പ്രിയന്ത് തടുത്തു. തൊട്ടടുത്ത മിനിറ്റിൽ നിജോ ഗിൽബർട്ട് ബോക്സിലേക്ക് നൽകിയ ക്രോസ് കേരള താരങ്ങളെ മറികടന്ന് പ്രിയന്ത് കൈപ്പിടിയിലൊതുക്കി. 29ാം മിനിറ്റിൽ ഭൗമിക്കിന്റെ മുന്നേറ്റം അജയ് അലക്സ് രക്ഷപ്പെടുത്തിയത് ആതിഥേയർക്ക് ആശ്വാസമായി. 38ാം മിനിറ്റിൽ അർജുൻ ജയരാജിന്റെ ഫ്രീ കിക്ക് ബംഗാൾ ഗോളി ഉഗ്രൻ സേവിലൂടെ തട്ടിയകറ്റി.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ക്യാപ്റ്റൻ ജിജോക്ക് ലഭിച്ച സുവർണാവസരവും ബാറിന് മുകളിലൂടെ പുറത്തേക്ക്. രണ്ടാം പകുതി തുടങ്ങിയത് കേരളത്തിന്റെ ആക്രമണത്തോടെ. ബംഗാൾ പ്രതിരോധത്തിൽ നിന്ന് ഗോൾ കീപ്പർക്ക് ലഭിച്ച മൈനസ് പാസ് ക്ലിയർ ചെയ്യും മുമ്പ് ഷിഗിലിന് ലഭിച്ചു. വിഘ്നേഷിന് നൽകിയ പാസ് പുറത്തേക്കടിച്ചു. 49ാം മിനിറ്റിൽ വീണ്ടും കേരളത്തിന് അവസരം. ബംഗാളിന്റെ പ്രത്യാക്രമണവും ഫലം കണ്ടില്ല.
തൊട്ടടുത്ത മിനിറ്റുകളിൽ അവസരങ്ങൾ മത്സരിച്ച് തുലക്കുകയായിരുന്നു കേരള താരങ്ങൾ. ഏത് സമയത്തും ബംഗാൾ പോസ്റ്റിൽ ഗോൾ വീഴുമെന്ന അവസ്ഥ. പക്ഷെ, നിരാശയായിരുന്നു ഫലം. 59ാം മിനിറ്റിൽ പന്തുമായി കേരള ഗോൾമുഖത്തേക്ക് കുതിച്ച സജൽബാഗിനെ അതിസാഹസികമായി ചെറുത്ത ഗോൾ കീപ്പർ മിഥുൻ പരിക്കേറ്റു വീണു. 66ാം മിനിറ്റിൽ വിഘ്നേഷിൻറെ മറ്റൊരു ആക്രമണം ബംഗാളി ഗോളി അഡ്വാൻസ് ചെയ്ത് രക്ഷപ്പെടുത്തി.
പിന്നാലെ കേരളത്തിന് ഫ്രീകിക്ക്. അർജുൻ നേരിട്ട് പോസ്റ്റിലേക്കടിച്ചത് കീപ്പർ തട്ടിയകറ്റിയതിനെത്തുടർന്ന് കിട്ടിയ പന്ത് പുറത്തേക്കടിച്ചുകളഞ്ഞു. 71ാം മിനിറ്റിൽ കേരളത്തിനും പിന്നാലെ ബംഗാളിനും തുടർച്ചയായ അവസരങ്ങൾ. പകരക്കാരനായിറങ്ങിയ നൗഫൽ 79ാം മിനിറ്റിൽ ബംഗാളിന്റെ പോസ്റ്റിൽ അപകടംവിതച്ചെങ്കിലും കൃത്യസമയത്ത് ഗോളിയും ഡിഫൻഡർമാരും ഇടപെട്ടു.
കാത്തിരിപ്പിനൊടുവിൽ 85ാം മിനിറ്റിൽ നൗഫൽ കേരളത്തിന് വേണ്ടി ലക്ഷ്യം കാണുകയായിരുന്നു. ഇഞ്ചുറി സമയത്തിന്റെ രണ്ടാം മിനിറ്റിൽ ബംഗാളിന്റെ സമനില ഗോൾ പിറന്നെന്ന് ഉറപ്പിച്ച നിമിഷം ഗോളിയും പ്രതിരോധവും കാത്തു. പിന്നാലെ കേരളത്തിന്റെ രണ്ടാം ഗോളുമെത്തി. ഇഞ്ചുറി സമയത്തിന്റെ നാലാം മിനിറ്റിൽ ഷഹീഫ് എത്തിച്ച പന്ത് ജെസിൻ ഗോളിയെ വീഴ്ത്തി പോസ്റ്റിലേക്ക് തൊടുത്തു.
യുവരാജസ്ഥാനുമേൽ മേഘാലയം
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ ഗ്രൂപ് എയിൽ ബംഗാളിനും കേരളത്തിനും പിന്നാലെ ആദ്യ മത്സരം ജയിച്ച് മേഘാലയയും. രണ്ടിനെതിരെ മൂന്ന് ഗോളിന് രാജസ്ഥാനെയാണ് വീഴ്ത്തിയത്. മേഘാലയക്ക് വേണ്ടി ഫിഗോ സിന്‍ഡായി (25, 39) ഇരട്ടഗോള്‍ നേടി. ക്യാപ്റ്റന്‍ ഹോര്ഡിക്ലിഫ് നോണ്‍ഗബ്രിയും (62) സ്കോർ ചെയ്തു. രാജസ്ഥാൻ നിരയിൽ യുവരാജ് സിങ്ങും (രണ്ടാം മിനിറ്റ്), ഇംറാന്‍ ഖാനും (56) സ്കോർ ചെയ്തു. തുടർച്ചയായ രണ്ട് തോൽവിയോടെ രാജസ്ഥാന്റെ കാര്യം പരുങ്ങലിലായി.
മൈതാനം ഉണർന്നതുതന്നെ ഗോളോടെയാണ്. രണ്ടാം മിനിറ്റിൽ ത്രിലോക്ക് ലോഹര്‍ എറിഞ്ഞ ലോങ് ത്രോ രാജസ്ഥാന് സ്ട്രൈക്കര്‍ യുവരാജ് സിങ് ഹെഡറിലൂടെ ഗോളാക്കി.
ഗോള്‍ വഴങ്ങിയ ശേഷം മേഘാലയ പ്രത്യാക്രമണങ്ങൾക്ക് തുടക്കമിട്ടു. 25ാം മിനിറ്റില്‍ വലതുവിങ്ങില്‍നിന്ന് ഫിഗോ സിന്‍ഡായിയുടെ ഇടംകാലന്‍ മഴവില്‍ ഗോൾ. 39ാം മിനിറ്റില്‍ മേഘാലയക്ക് ലീഡായി. പകരക്കാരൻ ഷാനോ ടാരിയങ്ക് ബോക്സിലേക്ക് നീട്ടി നൽകിയ പാസില്‍നിന്ന് ലഭിച്ച പന്ത് കിട്ടിയ സിന്‍ഡായി അനായാസം രണ്ടാം പോസ്റ്റിലേക്ക് തൊടുത്തു.
56ാം മിനിറ്റിൽ മേഘാലയയുടെ മധ്യനിരയിലെ പിഴവില്‍നിന്ന് വീണുകിട്ടിയ അവസരത്തിൽ ഗൗതം ബിസ ബോക്സിന് പുറത്തുനിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചത് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും കൃത്യമായി ഇടപെട്ട് ഇംറാന്‍ ഖാന് സ്കോർ ചെയ്തു . പകരക്കാരനായ മേഘാലയയുടെ സ്റ്റീഫന്‍സണ്‍ പെലെയെ ബോക്സിനകത്തുനിന്ന് ഫൗള്‍ ചെയ്തതിന് 62ാം മിനിറ്റിൽ ലഭിച്ച പെനാല്‍റ്റി കിക്കിൽ ക്യാപ്റ്റന്‍ നോണ്‍ഗബ്രി ഗോൾ നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.