സന്തോഷ് ട്രോഫി: ഒഡിഷയെ ഒരു ഗോളിന് വീഴ്ത്തി കേരളം; സെമി സാധ്യത സജീവമാക്കി
text_fieldsഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നിർണായക യുദ്ധത്തിൽ ജയിച്ച് കേരളം. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ എ ഗ്രൂപ്പിൽ ആതിഥേയരായ ഒഡിഷയെ 1-0ത്തിന് തോൽപിച്ച് സെമിഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. 16ാം മിനിറ്റിൽ നിജോ ഗിൽബർട്ട് പെനാൽറ്റിയിലൂടെയാണ് നിർണായക ഗോൾ നേടിയത്.
നാലു കളികളിൽനിന്ന് ഏഴു പോയന്റുള്ള കേരളത്തിന് അവസാന മത്സരത്തിൽ ഞായറാഴ്ച പഞ്ചാബിനോട് ജയിച്ചാൽ സൗദി അറേബ്യയിൽ നടക്കുന്ന സെമിഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കും. എട്ടു പോയന്റുമായി കർണാടകയാണ് എ ഗ്രൂപ്പിൽ രണ്ടാമതുള്ളത്. ഒഡിഷയുമായാണ് കർണാടകയുടെ അവസാന മത്സരം. ഒഡിഷക്കെതിരെ ജയിച്ചാൽ കർണാടകക്ക് ഫൈനൽ ഉറപ്പിക്കാം.
3-5-2 ഫോർമേഷനിൽ കലിംഗയിൽ അങ്കത്തിനിറങ്ങിയ കേരള ടീമിൽ റിസ്വാൻ അലിയും വിശാഖ് മോഹനും മുന്നേറ്റനിരയിലിറങ്ങി. എം. റാഷിദിന് പകരം വി. അർജുനും കെ. അമീന് പകരം ബെൽജിനും കേരള നിരയിലെത്തി. ആസിഫ് തിരിച്ചെത്തിയതോടെ സച്ചു സിബിയെ ബെഞ്ചിലിരുത്തി.
3-4-1-2 എന്ന ഫോർമേഷനിലാണ് ഒഡിഷ ടീമിനെ സജ്ജമാക്കിയത്. ആതിഥേയരുടെ ഗോൾകീപ്പർ അങ്കിത് ബുയാന് പകരം സിദ്ധാന്ത പ്രധാൻ ഇറങ്ങി. 1956-57ൽ ഹൈദരാബാദിന് സന്തോഷ് ട്രോഫി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച, കഴിഞ്ഞ ദിവസം അന്തരിച്ച മുൻ ഇന്ത്യൻ താരം തുളസീദാസ് ബലറാമിന് ആദരാഞ്ജലിയർപ്പിച്ചാണ് മത്സരം തുടങ്ങിയത്.
തുടക്കത്തിൽ ഒഡിഷയാണ് കളി നിയന്ത്രിച്ചത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ മുന്നേറ്റമുണ്ടായത്. ആസിഫിന്റെ പാസ് അർജുന് കിട്ടിയതുമില്ല. 11ാം മിനിറ്റിൽ വിശാഖിന്റെ ഇടംകാലൻ ഷോട്ട് ഒഡിഷ ഗോളി കൈയിലൊതുക്കി. രാഹുൽ മുഖിയും പ്രബിൻ ടിഗ്ഗയും ആനന്ദ് ഓറവും കേരള ഗോൾമുഖത്തും സമ്മർദം ചെലുത്തി.
ക്യാപ്റ്റൻ മിഥുൻ ബാറിനു കീഴിൽ മികച്ച ഷോട്ട് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെയായിരുന്നു പെനാൽറ്റി കിക്ക് കേരളത്തിന് ലഭിച്ചത്. റിസ്വാൻ അലിയുടെ കോർണർ കിക്കിൽനിന്നുള്ള പന്ത് വലതുവിങ്ങിൽനിന്ന് അർജുൻ ഹെഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. പന്ത് ബോക്സിനുള്ളിൽ ചന്ദ്രമോഹൻ മുർമുവിന്റെ കൈയിൽ തട്ടിനിന്നു. റഫറി കിഷോർ ഗംഗാറാം ചൗധരി പെനാൽറ്റി കിക്ക് വിധിച്ചു.
കെ.എസ്.ഇ.ബി താരമായ നിജോ ഗിൽബർട്ടിന് ലക്ഷ്യം പിഴച്ചില്ല. ഒഡിഷക്ക് ഷോക്ക് സമ്മാനിച്ച് പന്ത് ലക്ഷ്യത്തിലെത്തി. ഫൈനൽ റൗണ്ടിൽ നിജോയുടെ മൂന്നാം ഗോളായിരുന്നു അത്.
തിരിച്ചടിക്കാനുള്ള ശ്രമത്തിൽ ഒഡിഷ അറ്റാക്കിങ് മൂഡിലേക്കുയർന്നു. പ്രവീൺ ടിഗ്ഗയുടെ ക്രോസുകളും ത്രോ ഇന്നും കേരള പ്രതിരോധത്തിന് ഭീഷണിയായി. മഹാരാഷ്ട്രക്കെതിരെ പുറത്തെടുത്ത ലോങ്ബാൾ പാസ് തന്ത്രമായിരുന്നു കേരളത്തിന്റേത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് വിശാഖിന്റെ പാസിൽനിന്ന് അർജുന്റെ ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്.
രണ്ടാം പകുതിയിൽ ഒഡിഷ ആഞ്ഞുപിടിച്ചിട്ടും ഗോൾ മാത്രം അകന്നുനിന്നു. ആതിഥേയരുടെ ആക്രമണം പ്രതിരോധിക്കാനാണ് ടീം കൂടുതൽ സമയവും ചെലവഴിച്ചത്. പഞ്ചാബ് മൂന്നാം കളിയിൽ ഗോവയെ 3-1ന് പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.