സങ്കടക്കലാശം: കേരളത്തിന്റെ അപരാജിത യാത്രക്ക് ഫൈനലിൽ അന്ത്യം
text_fieldsഹൈദരാബാദ്: സന്തോഷ് ട്രോഫിയിൽ കേരളത്തിന് പുതുവത്സര സമ്മാനമെന്ന മോഹം പൊലിഞ്ഞു.രണ്ടാം പകുതിയിൽ കേരളത്തിനെതിരെ ഇരമ്പിക്കയറിയ വംഗനാട്ടുകാർ 33 ആം കിരീടത്തിൽ മുത്തമിട്ടു. ഗച്ചിബൗളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന 78ആമത് സന്തോഷ് ട്രോഫി ഫൈനലിൽ കളിയുടെ അന്ത്യനിമിഷത്തിൽ കുറിച്ച ഒറ്റ ഗോളിന്‍റെ മികവിലാണ് കിരീടം കേരളത്തിൽനിന്ന് കൊത്തിയെടുത്തത്. വിജയികൾക്കായി സൂപ്പർ സ്ട്രൈക്കർ റോബി ഹൻസ്ദാ (90 + 4) ഗോൾ നേടി. ടൂർണമെന്‍റിൽ 12 ഗോളുകളുമായി ഹൻസ്ദാ തന്നെയാണ് ടോപ് സ്കോറർ.
ആദ്യ പകുതിയിൽ കേരള കുതിപ്പ്
സെമി ലൈനപ്പിൽനിന്ന് ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. ചുവപ്പുകാർഡ് മൂലം സസ്പെൻഷനിലായ മനോജിന് പകരം ആദിൽ അമൻ സെന്‍റർ ബാക്കിൽ ക്യാപ്റ്റൻ സഞ്ജുവിന് കൂട്ടായെത്തി. ബംഗാൾ നിരയിൽ കോച്ച് സഞ്ജയ് സെൻ രണ്ടു മാറ്റം വരുത്തി. പരിക്കേറ്റ പ്ലേമേക്കൾ നരോഹരി ശ്രേഷ്ഠക്ക് പകരം ഫോർവേഡായി അബൂസൂഫിയാനെയും ഇസ്റഫുൽ ദിവാനു പകരം മിഡ്ഫീൽഡർ ആദിത്യ താപ്പയെയും ഇറക്കി. മൂന്നു ഫോർവേഡുകളെ മുന്നിൽ നിരത്തി 4-3-3 ശൈലിയിൽ ബംഗാളും അജ്സലിനെ കുന്തമുനയാക്കി 5-4-1 ശൈലിയിൽ കേരളവും പടയൊരുക്കി.
കേരളത്തിന്‍റെ ടച്ചോടെയായിരുന്നു തുടക്കം. ആദ്യ അഞ്ചു മിനിറ്റിൽ കേരള ഗോൾമുഖത്തേക്ക് പാഞ്ഞടുത്ത ബംഗാളിൽനിന്ന് കളി പതിയെ കേരളം പിടിച്ചു. ആറാം മിനിറ്റിൽ ബംഗാൾ ബോക്സിൽ കേരളത്തിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ നസീബ് റഹ്മാന്റെ റെയ്ഡ്. ഇടതു ബോക്സിൽനിന്ന് ഷോട്ടുതിർക്കും മുമ്പ് പ്രതിരോ ധതാരം ബിക്രം പ്രധാൻ ടാക്കിളിലൂടെ രക്ഷക്കെത്തി. രണ്ടു മിനിറ്റിന് ശേഷം നിജോയും റിയാസും ചേർന്ന മറ്റൊരു നീക്കവും കണ്ടു. നിജോ നൽകിയ പന്തുമായി നീങ്ങിയ മുഹമ്മദ് റിയാസ് നൽകിയ ക്രോസിൽ മുഹമ്മദ് അജ്സൽ പന്തിനായി ഉയർന്നുചാടിയെങ്കിലും ബംഗാൾ പ്രതിരോധം അപകടമൊഴിവാക്കി. റോബി ഹൻസ്ദായും സൂഫിയാനും മനതോസ് മാജിയും ചേർന്ന ബംഗാൾ മുന്നേറ്റം ഇടക്കിടെ കേരള ബോക്സിലും ഗോൾ സാധ്യത തേടി കറങ്ങി നടന്നു.
11 ആം മിനിറ്റിൽ നിജോയുടെ കൃത്യതയാർന്ന ക്രോസ് ബോക്സിൽ അജ്സലിന്റെ തലക്കുപാകമായി വന്നിറങ്ങി. അ്സലിന്റെ ഹെഡർ പക്ഷേ, ക്രോസ്ബാറിനെ തൊട്ടുരുമ്മി കടന്നുപോയി. 19ആം മിനിറ്റിൽ എതിർ താരത്തിൽനിന്ന് പന്ത് പിടിച്ചെടുത്ത് അജ്സൽ ഷോട്ട് പായിച്ചെങ്കിലും പുറത്തേക്കായി.
ഇരു വിങ്ങിലൂടെയും കേരളം മാറി മാറി ആക്രമണം മെനഞ്ഞപ്പോൾ ബംഗാളിന് പലപ്പോൾ പരുക്കൻ അടവ് പുറത്തെടുക്കേണ്ടി വന്നു. അജ്സലിനെയും നസീബിനെയും ഫൗൾ ചെയ്തതിന് ബംഗാളിന്‍റെ പ്രതിരോധ താരങ്ങളായ ജുവൽ അഹ്മദും ബിക്രം പ്രധാനും ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് കണ്ടു. നസീബിനെ വീഴ്ത്തിയതിന് 34ആം മിനിറ്റിൽ ലഭിച്ച ഫ്രീകിക്ക് എടുത്ത ക്യാപ്റ്റൻ സഞ്ജു ഗണേഷ് പന്ത് നസീബിലേക്കെത്തിച്ചു. നസീബിൽനിന്ന് അജ്സലിലേക്കും അജ്സലിൽനിന്ന് മുഷറഫിലേക്കും നീങ്ങിയ പന്തിൽ മുഷറഫിന്‍റെ അടി പക്ഷേ ഗോൾകീപ്പർ സൗരവ് സാമന്ത് തടുത്ത് കോർണർ വഴങ്ങി. ആദ്യ പകുതി അവസാനിക്കാൻ അഞ്ചുമിനിറ്റ് ശേഷിക്കെ, നസീബിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ബംഗാൾ താരം ഹെഡ് ചെയ്തകറ്റിയത് പിടിച്ചെടുത്ത മുഷറഫ് ഷോട്ടെടുത്തെങ്കിലും പന്ത് ലക്ഷ്യത്തിൽനിന്ന് മാറി. ബംഗാളിന്‍റെ ഒറ്റപ്പെട്ട പല മുന്നേറ്റങ്ങളും കേരളത്തിന്റെ ഓഫ്സൈഡ് കെണിയിൽ കുടുങ്ങി.
തീയായി ബംഗാൾ
കൂടുതൽ ആക്രമണങ്ങളുമായി രണ്ടാം പകുതിയിൽ ബംഗാൾ കളിയിലേക്ക് തിരിച്ചുവന്നു. 53 ആം മിനിറ്റിൽ കേരള ഗോൾമുഖത്തേക്ക് എതിർ ഫോർവേഡ് അബൂസൂഫിയാൻ നടത്തിയ ഒറ്റയാൻ നീക്കം ഫലം കണ്ടില്ല. ഒരു മിനിറ്റ് ശേഷം നസീബ്-നിജോ കൂട്ടുകെട്ടിലൂടെ പിറന്ന അവസരത്തിനൊടുവിൽ എതിർ ബോക്സിൽ അജ്സൽ സ്ലൈഡ് ചെയ്തെത്തിയെങ്കിലും പന്ത് ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു. പിന്നാലെ മനോതോസ് മാജിയുടെ മുന്നേറ്റം സഞ്ജുവിന് ഫൗളിൽ തടയേണ്ടി വന്നു. ഇടതു ബോക്സിന് തൊട്ടുമുന്നിൽനിന്ന് ഫ്രീകിക്ക്. റോബി ഹൻസ്ദാ എടുത്ത കിക്ക് കേരളത്തിന്‍റെ നെഞ്ചിൽ തീപടർത്തി ക്രോസ് ബാറിന് തൊട്ടുമുകളിലൂടെ കടന്നുപോയി.
63ആം മിനിറ്റിൽ ബംഗാൾ താരം സുപ്രദീപ് ഹസ്റയെ നസീബ് ഫീൾ ചെയ്തതിന് വലതുബോക്സിന് തൊട്ടുമുന്നിൽനിന്ന് റഫറി ഫ്രീകിക്ക് അനുവദിച്ചു. കിക്ക് പക്ഷേ കേരള പ്രതിരോധം തടഞ്ഞു. പത്തുമിനിറ്റിനു ശേഷം മറ്റൊരു ഫ്രീകിക്ക് ബോക്സിൽ റോബി ഹൻസ്ദായുടെ കാലിൽ ലഭിച്ചെങ്കിലും പ്രതിരോധ നിര വീണ്ടും രക്ഷക്കെത്തി. ഇതിനിടെ ബംഗാൾ നിരയിൽ അബൂസൂഫിയാന് പകരം ഇസ്റഫുൽ എത്തി. തൊട്ടുപിന്നാലെ നിജോ ഗിൽബർട്ടിന് കനത്ത ഫൗൾ ഏറ്റ് പുറത്തുപോവേണ്ടി വന്നു. പകരം സെമിയിലെ ഹീറോ മുഹമ്മദ് റോഷൽ ഇറങ്ങി.
82ആം മിനിറ്റിൽ കേരള ഗോൾമുഖത്ത് അപകടഭീഷണിയുമായി ബംഗാൾ താരങ്ങൾ തലങ്ങും വിലങ്ങും കറങ്ങി. മൂന്നു കോർണറുകളാണ് ഈ നീക്കത്തിൽ കേരളം വഴങ്ങിയത്. 88 ആം മിനിറ്റിൽ കേരളം ഗോളിനടുത്തെത്തി. റോഷൻ നൽകിയ പാസിൽ മുഷറഫിന്‍റെ അടി പക്ഷേ പാളി. 90 ആം മിനിറ്റിൽ അജ്സലിന് പകരം മുന്നേറ്റത്തിലേക്ക് ഷിജിൻ വന്നെങ്കിലും രക്ഷയുണ്ടായില്ല. ആറു മിനിറ്റ് ഇഞ്ചുറി ടൈമിലേക്ക് കടന്ന കളിയിൽ രണ്ടു മിനിറ്റ് ശേഷിക്കെ, ഓപൺ ഗെയിമിലൂടെ ബംഗാൾ വിജയ ഗോൾ കുറിച്ചു. മനതോസ് മാജി നൽകിയ പന്ത് പിഴവില്ലാതെ റോബി ഹൻസ്ദാ വലയിലാക്കി. അന്ത്യ നിമിഷത്തിൽ ലഭിച്ച ഫ്രീകിക്കിൽനിന്ന് സമനില നേടാനായുള്ള അവസരത്തിൽ സഞ്ജുവിന്‍റെ ഷോട്ട് പുറത്തുപോവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.