സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം; മറുപടിയില്ലാത്ത ഒറ്റ ഗോളിന് റെയിൽവേസിനെ പരാജയപ്പെടുത്തി
text_fieldsകോഴിക്കോട്: സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയ തുടക്കം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ കേരളം ശക്തരായ റെയിൽവേസിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ആദ്യ പകുതിയിലെ ഗോൾ വരൾച്ചക്ക് ശേഷം രണ്ടാം പകുതിയിൽ, 71-ാം മിനിറ്റിൽ മുഹമ്മദ് അജ്സൽ നേടിയ ഗോളിലൂടെയാണ് കേരളം ജയം സ്വന്തമാക്കിയത്. നിജോ ഗിൽബർട്ടിന്റെ അസിസ്റ്റിലാണ് ഈ ഗോൾ പിറന്നത്. റെയിൽവേ പ്രത്യാക്രമണം നടത്തിയെങ്കിലും തിരിച്ചടിക്കാനായില്ല. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ കേരളം ലക്ഷദ്വീപിനെ നേരിടും.
ഗ്രൗണ്ട് പരിചയത്തിന്റെയും മികച്ച സ്ക്വാഡിന്റെയും ആത്മവിശ്വാസത്തിലാണ് സന്തോഷ് ട്രോഫി ഗ്രൂപ് എച്ചിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ കേരള ടീം റെയിൽവേസിനെ നേരിട്ടത്. ദേശീയതാരമായ ഷിജു സ്റ്റീഫന്റെ നേതൃത്വത്തിലിറങ്ങിയ റെയിൽവേസിനെതിരെ സർവസന്നാഹത്തോടെയുമാണ് അഞ്ചുതവണ സന്തോഷ് ട്രോഫി ഫുട്ബാളിൽ കളിച്ച് പരിചയമുറപ്പിച്ച ജി. സഞ്ജുവിന് കീഴിൽ കേരളം അണിനിരന്നത്.
എട്ടാം തവണ സന്തോഷ് ട്രോഫി കിരീടം പ്രതീക്ഷിക്കുന്ന കേരള ടീമിന്റെ കരുത്ത് കളിക്കാരുടെ പ്രായക്കുറവും മത്സരങ്ങളിലെ പരിചയവുമാണ്. കഴിഞ്ഞവർഷം ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയ ടീം പക്ഷേ ക്വാർട്ടർ ഫൈനലിൽ മടങ്ങി. കാലിക്കറ്റ് എഫ്.സിയുടെ ഗോളടിയന്ത്രം ഗനി അഹമ്മദ് നിഗം ഉൾപ്പെടെ സൂപ്പർ ലീഗ് കേരളയിൽ കളിച്ച എട്ടു താരങ്ങളിലാണ് പ്രതീക്ഷ. സൂപ്പർ ലീഗിൽ ഏറ്റവും കുറച്ച് ഗോൾ വഴങ്ങിയ ഫോഴ്സ കൊച്ചിയുടെ ഗോൾകീപ്പർ പാലക്കാടുകാരൻ എസ്. ഹജ്മൽ സ്ക്വാഡിന്റെ ഉപനായകനുമാണ്. പ്രതിരോധനിരയിലും മധ്യനിരയിലും ഏഴുപേരെ വീതവും അറ്റാക്കിങ്ങിന് അഞ്ചുപേരെയുമാണ് കേരളം കോഴിക്കോട്ട് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.