സന്തോഷ് ട്രോഫി: ഇന്ന് മേഘാലയയെ തോൽപിച്ചാൽ കേരളം സെമിയിൽ
text_fieldsമലപ്പുറം: ഒരൊറ്റ ജയം മതി സന്തോഷ് ട്രോഫി ഫുട്ബാൾ ചാമ്പ്യൻഷിപ് സെമിഫൈനൽ ഉറപ്പാക്കുന്ന ആദ്യ ടീമായി കേരളം മാറാൻ. തുടർച്ചയായ രണ്ട് ആധികാരിക വിജയങ്ങൾ നൽകുന്ന മാനസിക മുൻതൂക്കത്തിൽ അവസാന നാലിലിടം തേടി ആതിഥേയർ മൂന്നാം മത്സരത്തിൽ ബുധനാഴ്ച രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ മേഘാലയയെ നേരിടും. ഗ്രൂപ് എയിൽ ആറ് പോയൻറുമായി നിലവിൽ ഒന്നാമതാണ് കേരളം.
താരതമ്യേന ദുർബലരായ രാജസ്ഥാനോട് അൽപം വിയർത്താണെങ്കിലും മേഘാലയയും ആദ്യകളി ജയിച്ച സന്തോഷത്തിലാണ്. രാജസ്ഥാനെതിരായ മത്സരം 5-0ന് നേടിയ കേരളത്തിന് ശക്തരായ ബംഗാളുമായുള്ള പോരാട്ടം അത്ര എളുപ്പമായിരുന്നില്ല. ആതിഥേയരുടെ ആക്രമണത്തെ 83 മിനിറ്റ് വരെ പ്രതിരോധിച്ച് നിർത്താൻ ഏറ്റവുമധികം സന്തോഷ് ട്രോഫി ഷെൽഫിലുള്ള മുൻ ജേതാക്കൾക്കായി.
പകരക്കാരായി ഇറങ്ങിയ നൗഫലും ജസിനും അവസാന മിനിറ്റുകളിൽ സ്കോർ ചെയ്തില്ലായിരുന്നുവെങ്കിൽ മത്സരം സമനിലയിലായേനെ. അതുണ്ടാക്കാവുന്ന തുടർസമ്മർദങ്ങൾ കളി ജയിച്ചതിലൂടെ ഒഴിവാക്കാനായ ആശ്വാസത്തിലാണ് കേരള ക്യാമ്പ്. മേഘാലയെക്കൂടി മറി കടന്നാൽ ഗ്രൂപ് ജേതാക്കളാവാനുള്ള സാധ്യതയുമേറെയാണ്.
കേരളവുമായി കനത്ത തോൽവി ഏറ്റുവാങ്ങിയ രാജസ്ഥാനോട് ഗോൾ വഴങ്ങിയ ശേഷമായിരുന്നു മേഘാലയയുടെ തിരിച്ചുവരവ്. ചെറിയ പാസുകളുമായി ടിക്കി ടാക്ക സ്‌റ്റൈലിൽ കളിക്കുന്ന ടീമിന്‍റെ വേഗം തന്നെയാവും കേരളത്തിന് വെല്ലുവിളി. ഫിഗോ സിന്‍ഡായി എന്ന ഇടംകാലന്‍ വിങ്ങറുടെ ഡ്രിബിളിങ്ങും ഷോട്ടുകളും രാജസ്ഥാൻ പ്രതിരോധനിരയെയും ഗോളിയെയും കുഴക്കിയതാണ്. രാജസ്ഥാനെതിരെ ഫിഗോ സിന്‍ഡായി രണ്ട് ഗോള്‍ നേടിയിരുന്നു. കൂടുതല്‍ താരങ്ങള്‍ ഇന്ന് അവസരം നൽകുമെന്നാണ് കേരള ക്യാമ്പിൽനിന്ന് ലഭിക്കുന്ന സൂചന.
ജീവൻ നിലനിർത്താൻ പഞ്ചാബും രാജസ്ഥാനും
മലപ്പുറം: ബുധനാഴ്ച വൈകീട്ട് കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് മത്സരത്തില്‍ പഞ്ചാബും രാജസ്ഥാനും ഏറ്റുമുട്ടും. ആദ്യ രണ്ട് കളിയും തോറ്റ രാജസ്ഥാൻ പുറത്തേക്കുള്ള വഴിയിലാണ്. കേരളത്തോടും വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും മേഘാലയയോട് മികച്ച പ്രകടനം കാഴ്ചവെച്ചതിനുശേഷമായിരുന്നു കീഴടങ്ങൾ. പഞ്ചാബാകട്ടെ ആദ്യ മത്സരത്തില്‍ ബംഗാളിനോട് തോറ്റതിനാൽ ഇന്ന് ജയം അനിവാര്യമാണ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്‍റെ ജയം. ഇവർ കേരളത്തോട് പരാജയപ്പെട്ടത് പഞ്ചാബിന്‍റെ സാധ്യതകൾ കരുത്തുപകർന്നിട്ടുണ്ട്. പ്രതിരോധമാണ് പഞ്ചാബിന്‍റെ ശക്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.