സന്തോഷ് ട്രോഫിക്ക് ഇന്ന് കിക്കോഫ്; കേരളം അസമിനെതിരെ
text_fieldsഇറ്റാനഗർ: ദേശീയ ഫുട്ബാൾ ചാമ്പ്യന്മാരെ തീരുമാനിക്കുന്ന സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ 77ാം പതിപ്പിന് ബുധനാഴ്ച അരുണാചൽ പ്രദേശിലെ യുപിയയിൽ തുടക്കമാവും. ഗ്രൂപ് മത്സരങ്ങൾക്കുശേഷം 12 ടീമുകളാണ് അന്തിമ റൗണ്ടിൽ കിരീടം തേടി ഇറങ്ങുന്നത്. ഇവർ രണ്ട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഏറ്റുമുട്ടും.
മാർച്ച് ഒമ്പതിനാണ് ഫൈനൽ. മത്സരങ്ങൾ യുപിയ ഗോൾഡൻ ജൂബിലി സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് രാവിലെ 10ന് മേഘാലയയും സർവിസസും തമ്മിലാണ് ഉദ്ഘാടനം മത്സരം. മുൻ ചാമ്പ്യന്മാരായ കേരളം ഉച്ചക്ക് രണ്ടിന് അസമിനെയും ഗോവ രാത്രി ഏഴിന് ആതിഥേയരായ അരുണാചൽ പ്രദേശിനെയും നേരിടും. കേരളം, അരുണാചൽ, മേഘാലയ, സർവിസസ്, ഗോവ, അസം എന്നിവരാണ് ഗ്രൂപ് എ യിൽ. ബി യിൽ ഡൽഹി, കർണാടക, മഹാരാഷ്ട്ര, മണിപ്പൂർ, മിസോറം, റെയിൽവേസ് ടീമുകളും. എട്ടാം കിരീടം തേടിയാണ് കേരളം ഇറങ്ങുന്നത്. നിജോ ഗിൽബർട്ട് നായകനും സതീവൻ ബാലൻ മുഖ്യപരിശീലകനുമായ ടീം തീവ്രപരിശീലനത്തിലായിരുന്നു. 2021-22ൽ ചാമ്പ്യന്മാരായ മലയാളിപ്പട കഴിഞ്ഞ വർഷം പക്ഷേ സെമി ഫൈനൽ പോലും കാണാതെ പുറത്തായി. ഇക്കുറി പ്രാഥമിക റൗണ്ടിൽ നാലിൽ മൂന്ന് ജയവും ഒരു തോൽവിയുമായി എ ഗ്രൂപ്പിൽ ഒമ്പത് പോയന്റോടെ രണ്ടാം സ്ഥാനക്കാരായി ഫൈനൽ റൗണ്ടിലേക്ക് കടന്നുകൂടുകയായിരുന്നു കേരളം. എതിരാളികൾ പലരും കരുത്തരായതിനാൽ എളുപ്പമായിരിക്കില്ല കാര്യങ്ങൾ. കഴിഞ്ഞ തവണ ഫൈനൽ റൗണ്ട് മത്സരങ്ങൾ സൗദി അറേബ്യയിലെ റിയാദിലാണ് നടന്നത്. മേഘാലയയെ 3-2ന് വീഴ്ത്തി കർണാടക 54 വർഷത്തിനുശേഷം കിരീടമണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.