സൗദിയിലെ ഫുട്ബാൾ പ്രേമികൾ കാത്തിരിക്കുക; സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം സൗദിയില്‍ നടക്കും
text_fieldsജിദ്ദ: സൗദിയിലെ ഫുട്ബാൾ പ്രേമികളായ പ്രവാസികൾക്ക് സന്തോഷ് ട്രോഫി മത്സരം നേരിൽ കാണാനുള്ള അവസരമൊരുങ്ങുന്നു. സന്തോഷ് ട്രോഫി നോക്കൗട്ട് മത്സരങ്ങള്‍ അടുത്ത വര്‍ഷം ആദ്യം സൗദി അറേബ്യയില്‍ നടത്താന്‍ ഓള്‍ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ആലോചിക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിൽ റിയാദിലും ജിദ്ദയിലുമായാണ് ടൂർണമെന്റ് നടക്കുക.
പ്രാരംഭ നടപടിയായി ഇത് സംബന്ധിച്ച സാധ്യതകള്‍ പഠിക്കുന്നതിനായി ഓള്‍ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷനുമായി (എസ്.എ.എഫ്.എഫ്) ദമ്മാമിൽ വെച്ച് ധാരണാപത്രം ഒപ്പുവച്ചു. എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ, സെക്രട്ടറി ജനറൽ ഷാജി പ്രഭാകരൻ, സൗദി അറേബ്യൻ എഫ്.എഫ് പ്രസിഡന്റ് യാസർ അൽ മിഷാൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം അൽ കാസിം എന്നിവരുടെ സാന്നിധ്യത്തിലാണ് വ്യാഴാഴ്ച ധാരണാപത്രം ഒപ്പുവച്ചതെന്ന് എ.ഐ.എഫ്.എഫ് പ്രസ്താവനയിൽ പറഞ്ഞു. സാങ്കേതിക പിന്തുണ നൽകൽ, സ്ഥിരമായി പുരുഷന്മാർക്കും സ്ത്രീകൾക്കും യുവജന മത്സരങ്ങൾ സംഘടിപ്പിക്കൽ, ഹോസ്റ്റ് ചെയ്യൽ, ഫുട്ബാൾ ഭരണ വിദഗ്ധരുടെ കൈമാറ്റം എന്നിവ ഉൾപ്പെടുന്നതാണ് കരാർ. വലിയ സ്വപ്നങ്ങള്‍ കാണുവാന്‍ ഇന്ത്യൻ കളിക്കാരെ പ്രാത്സാഹിപ്പിക്കുന്നതിനും സൗദിയിലെ ഇന്ത്യന്‍ സമൂഹത്തെ ഇന്ത്യന്‍ ഫുട്ബാളുമായി ബന്ധിപ്പിക്കുന്നതിനും ഇരു ഫെഡറേഷനുകള്‍ക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നതിനുമായാണ് സന്തോഷ് ട്രോഫിയുടെ അവസാനഘട്ടത്തിനായുള്ള ആതിഥേയത്വം വഹിക്കുവാനായി സൗദി നഗരങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് എ.ഐ.എഫ്.എഫ് പ്രസ്താവനയില്‍ പറഞ്ഞു.
'ഇത് ഇന്ത്യൻ ഫുട്ബാളിനെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായ ഒരു സംഭവമാണ്. ഇന്ത്യൻ ഫുട്ബാളിന് ഒരു പുതിയ പ്ലാറ്റ്ഫോം സൃഷ്ടിക്കുകയും അത് ലോകമെമ്പാടുമുള്ള ഇന്ത്യൻ ആരാധകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സജീവമായ സഹകരണത്തിന് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന് നന്ദി അറിയിക്കുന്നു' - എ.ഐ.എഫ്.എഫ് പ്രസിഡന്റ് കല്യാൺ ചൗബെ പറഞ്ഞു. സന്തോഷ് ട്രോഫിയുടെ ഫൈനൽ റൗണ്ടിൽ സർവീസസ്, റെയിൽവേ എന്നീ ടീമുകളോടൊപ്പം യോഗ്യത നേടുന്ന മറ്റ് 10 സംസ്ഥാന ടീമുകൾ ഉൾപ്പെടെ ആകെ 12 ടീമുകൾ ഉണ്ടാകും. ടൂർണമെന്റുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പുറത്തുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.