ചാമ്പ്യനായിക്കോ...സന്തോഷ് ട്രോഫി: കേരളത്തിന്‍റെ ആദ്യകളി 16ന് രാജസ്ഥാനെതിരെ
text_fieldsമലപ്പുറം: പതിറ്റാണ്ടിനോടടുക്കുന്ന ഇടവേളക്ക് ശേഷം ആതിഥ്യമരുളുന്ന സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ് കിരീടനേട്ടത്താൽ ആഘോഷമാക്കാനൊരുങ്ങി കേരളം. സംസ്ഥാനത്തിന്‍റെ ഫുട്ബാൾ ആസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന മലപ്പുറം ആദ്യമായാണ് അന്തിമ റൗണ്ട് മത്സരങ്ങൾക്ക് വേദിയാവുന്നത്. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിൽ ഏപ്രിൽ 16ന് മത്സരം തുടങ്ങും. പയ്യനാട്ട് 28നും 29നും സെമി ഫൈനൽ മത്സരങ്ങളും മേയ് രണ്ടിന് ഫൈനലും നടക്കും. 16ന് രാജസ്ഥാനെതിരെയാണ് കേരളത്തിന്‍റെ ആദ്യ കളി.
കടുകട്ടി ഗ്രൂപ്
സന്തോഷ് ട്രോഫിയുടെ തറവാട്ടുകാരായ ബംഗാൾ, മുൻ ജേതാക്കളായ പഞ്ചാബ്, വടക്ക് കിഴക്കൻ കരുത്തരായ മേഘാലയ എന്നിവരുൾപ്പെടുന്ന ഗ്രൂപ് എയിലാണ് ആതിഥേയർ. അട്ടിമറി വീരന്മാരായ രാജസ്ഥാനുമുണ്ട്. നിലവിലെ ജേതാക്കളായ സർവിസസ്, മണിപ്പൂർ, കർണാടക, ഗുജറാത്ത്, ഒഡിഷ എന്നിവർ ഗ്രൂപ് ബിയിലാണ്. രണ്ടു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമിയിൽ കടക്കും. ദക്ഷിണേന്ത്യ യോഗ്യത റൗണ്ടിലെ ഉജ്വല പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കേരളം. പുതുച്ചേരിയെ ഒന്നിനെതിരെ നാലും ആൻഡമാനിനെ എതിരില്ലാത്ത ഒമ്പതും ലക്ഷദ്വീപിനെ ഏകപക്ഷീയമായ അഞ്ചും ഗോളിനാണ് മടക്കിയയച്ചത്.
ഏഴാടാൻ കേരളം
ഏഴാം കിരീടം തേടിയാണ് കേരളം ഇറങ്ങുന്നത്. 1973-74ൽ കൊച്ചിയിലായിരുന്നു ആദ്യനേട്ടം. 1991-92ൽ കോയമ്പത്തൂരിലും 1992-93ൽ കൊച്ചിയിലും 2001-02ൽ മുംബൈയിലും 2004-05ൽ ഡൽഹിയിലും കേരളം കപ്പ് സ്വന്തമാക്കി. നീണ്ട ഇടവേളക്ക് ശേഷം 2017-18ൽ കൊൽക്കത്തയിൽ ആതിഥേയരായ ബംഗാളിനെ ഷൂട്ടൗട്ടിൽ തോൽപ്പിച്ചായിരുന്നു ആറാം കിരീടം. എട്ട് തവണ കലാശക്കളിയിൽ തോറ്റ് മടങ്ങിയിട്ടുണ്ട്. കൊൽക്കത്തയിൽ കിരീടം നേടിയ കേരളത്തിന് പക്ഷേ തൊട്ടടുത്ത വർഷം യോഗ്യത നേടാൻ പോലുമായില്ല. തുടർന്ന് രണ്ട് വർഷം കോവിഡ് കാരണം മത്സരങ്ങൾ നടന്നതുമില്ല. ഇതുവരെ 13 തവണ കേരളം സന്തോഷ് ട്രോഫിക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
തകൃതിയിലൊരുക്കങ്ങൾ
കേരള ടീമിന്‍റെ പരിശീലന ക്യാമ്പ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്. ഏപ്രിൽ 13 വരെ നീളും. ബിനോ ജോർജാണ് പരിശീലകൻ. 30 പേരാണ് ഇപ്പോൾ ക്യാമ്പിലുള്ളത്. കേരള പ്രീമിയർ ലീഗിലെയടക്കം പ്രകടനം നോക്കി കൂടുതൽ പേരെ ഉൾപ്പെടുത്തുകയായിരുന്നു. ഏപ്രിൽ രണ്ടാം വാരം അന്തിമ സംഘത്തെ പ്രഖ്യാപിക്കും. മത്സരങ്ങൾ നടക്കുന്ന പയ്യനാട്ടും കോട്ടപ്പടിയിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ കഴിഞ്ഞയാഴ്ച സ്റ്റേഡിയങ്ങൾ സന്ദർശിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ ഇവർ വീണ്ടുമെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.