`സസന്തോഷം മലപ്പുറം'; സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയാവാനൊരുങ്ങി പയ്യനാട് സ്റ്റേഡിയം
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാൾ അന്തിമ റൗണ്ട് മത്സരങ്ങൾക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയാവുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം സന്തോഷത്തോടെ വരവേറ്റ് ജില്ല. കുറേ വർഷങ്ങളായി സംസ്ഥാന, ദേശീയ മത്സരങ്ങൾക്കൊന്നും ആതിഥ്യമരുളാൻ ഫുട്ബാളിെൻറ സ്വന്തം നാടായ മലപ്പുറത്തിന് കഴിഞ്ഞിട്ടില്ല. കാത്തിരിപ്പിെൻറ സന്തോഷം ഇരട്ടിക്കുന്നതാണ് സന്തോഷ് ട്രോഫിയുടെ വരവ്. മുമ്പ് സന്തോഷ് ട്രോഫിയുടെയും ഐ ലീഗിെൻറയും ആതിഥേയത്വം കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ജില്ലയാണ് മലപ്പുറം.
2015ൽ മേഖല മത്സരങ്ങൾക്ക് ആതിഥ്യം
2015 ജനുവരി 15 മുതൽ 20 വരെ സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യത റൗണ്ട് മത്സരങ്ങൾ പയ്യനാട്ട് അരങ്ങേറി. പുതിയ സ്റ്റേഡിയം നിർമിച്ചതിെൻറ പിറ്റേ വർഷം നടന്ന കളി സമീപ ജില്ലകളിലെയടക്കം ഫുട്ബാൾ പ്രേമികൾക്ക് ആവേശമായിരുന്നു. യോഗ്യത മത്സരങ്ങളുടെ ചരിത്രം തിരുത്തി കാണികൾ ഒഴുകി. ആതിഥേയരായ കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക, സർവിസസ്, പുതുച്ചേരി ടീമുകളാണ് മത്സരിച്ചത്. കേരളം അവസാന റൗണ്ടിലേക്ക് യോഗ്യതയും നേടി. അതിന് ശേഷം ദേശീയ മത്സരങ്ങളൊന്നും പയ്യനാട്ട് നടന്നിട്ടില്ല.
ഓർമയിൽ ഫെഡറേഷൻ കപ്പ് ആരവവും
ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയടക്കം പന്ത് തട്ടിയ ഫെഡറേഷൻ കപ്പ് ഫുട്ബാൾ ടൂർണമെൻറ് 2014ൽ പയ്യനാട്ട് നടന്നിരുന്നു. സ്റ്റേഡിയം ഉദ്ഘാടനത്തോടൊപ്പമായിരുന്നു മത്സരങ്ങൾ. കളി കാണാൻ വലിയ ജനക്കൂട്ടമെത്തിയത് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനെയും സന്തോഷിപ്പിച്ചു. കൂടുതൽ മത്സരങ്ങൾ പയ്യനാട്ടേക്ക് കൊണ്ടുവരുമെന്ന് കേരള ഫുട്ബാൾ അസോസിയേഷനും അന്ന് വ്യക്തമാക്കി. പിന്നീട്, മലപ്പുറം ആസ്ഥാനമായി ഗോകുലം കേരള എഫ്.സി ഫുട്ബാൾ ടീം നിലവിൽ വന്നപ്പോൾ ഐ ലീഗിന് വേദിയാവുമെന്ന് കരുതി. എന്നാൽ, സ്ഥിരം ഫ്ലഡ്ലിറ്റ് സംവിധാനം ഇല്ലാത്തത് തിരിച്ചടിയായി. ഗോകുലം കോഴിക്കോട്ടേക്ക് മാറുകയും ചെയ്തു. കുറേക്കാലം കാടുപിടിച്ചുകിടന്നു പയ്യനാട് സ്റ്റേഡിയം.
സ്ഥിരം ഫ്ലഡ്ലിറ്റുണ്ട്; സ്റ്റേഡിയം പെർഫെക്റ്റ് ഒാകെ
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി പൂർണ സജ്ജമാണ് പയ്യനാട് സ്റ്റേഡിയം. രാത്രി മത്സരമായാലും വിഷയമില്ല. നാല് കോടി രൂപ ചെലവിൽ സ്ഥാപിച്ച നാല് ഫ്ലഡ്ലിറ്റുകളും സ്റ്റേഡിയത്തിലുണ്ട്. താരങ്ങൾക്ക് വസ്ത്രം മാറാനുള്ള സൗകര്യം, ഗ്യാലറി, മെഡിക്കൽ റൂം, റഫറിമാർക്കുള്ള മുറികൾ, മീഡിയ റൂം എന്നിവയെല്ലാം സ്റ്റേഡിയത്തിൽ തയാറാണ്. 25,000ത്തോളം പേർക്ക് ഗാലറിയിലിരുന്ന് കളി കാണാനുള്ള സൗകര്യമുണ്ടാകും. 25 ഏക്കറിൽ പരന്നുകിടക്കുന്ന സ്പോർട് കോപ്ലക്സിൽ പാർക്കിങ്ങിനും ബുദ്ധിമുട്ടുണ്ടാവില്ല. സ്റ്റേഡിയത്തിെൻറ നിലവിലുള്ള അവസ്ഥ നേരത്തെ കായിക മന്ത്രി സ്പോർട്സ് കൗൺസിലിനോട് ആരാഞ്ഞിരുന്നു.
മത്സരങ്ങൾ നടത്താനുള്ള ശ്രമത്തിെൻറ മുന്നോടിയായിരുന്നു ഇത്. പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് സ്റ്റേഡിയത്തിൽനിന്ന് കേരള യുനൈറ്റഡ് എഫ്.സി ടീം ഐ ലീഗ് സെക്കൻഡ് ഡിവിഷൻ കളിക്കാൻ ബംഗളൂരുവിേലക്ക് തിരിച്ചത്. മൈതാനത്തിെൻറ കാര്യത്തിൽ കോച്ച് ബിനോ ജോർജും സംഘവും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പുതിയ പ്രഖ്യാപനം സ്റ്റേഡിയത്തിെൻറ വികസനത്തിനും കരുത്തേകുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.