സന്തോഷ് ട്രോഫി: കാത്തിരിപ്പിൻ സൂചിമുനയിൽ
text_fieldsമലപ്പുറം: രാവ് പുലർന്നപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരായ മത്സരത്തിലെ ഉദ്വേഗനിമിഷങ്ങൾക്കൊടുവിൽ തകർപ്പൻ വിജയത്തോടെ ഗ്രൂപ് ജേതാക്കളായി കേരളം സെമി ഫൈനലിലെത്തിയിരിക്കുന്നു. കേരളം കളി ജയിച്ച സന്തോഷത്തിൽ താരങ്ങൾക്കും കുടുംബാംഗങ്ങൾക്കും പറയാനുണ്ട് ഒരുപിടി വിശേഷങ്ങൾ.
ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ
കേരള ഗോൾ കീപ്പർ വി. മിഥുന്റെ സഖി ജോബിന ബംഗാളിനെതിരായ മത്സരം കാണാൻ ഗാലറിയിലുണ്ടായിരുന്നു. നാടായ കണ്ണൂർ മുഴപ്പിലങ്ങാടുനിന്ന് ഒരു ടെംപോ ട്രാവലർ നിറയെ ആൾക്കാർ ബംഗാളുമായുള്ള കളി കാണാൻ ഞങ്ങൾക്കൊപ്പം പയ്യനാട്ടെത്തി. ബംഗാളിനെതിരായ മത്സരത്തേക്കാൾ ടെൻഷനായിരുന്നു കഴിഞ്ഞ രാത്രി പഞ്ചാബുമായുള്ള കളി ലൈവിൽ കണ്ടപ്പോൾ. ഓരോ തവണ ഗോൾ കീപ്പറുടെ അടുത്തേക്ക് പന്ത് വരുമ്പോഴും ശ്വാസമടക്കിപ്പിടിച്ച് പ്രാർഥിച്ചു. ഗോൾ വീണപ്പോഴും വലിയ വിഷമം. കേരളം മടക്കുമെന്നും ജയിക്കുമെന്നും പ്രതീക്ഷയുണ്ടായിരുന്നു. മിഥുൻ പരിക്കേറ്റ് ഗ്രൗണ്ടിൽ കിടക്കുന്നതും എടുത്തുകൊണ്ടുപോവുന്നതും കൂടി കണ്ടപ്പോൾ ആധിയായി. എന്ത് സംഭവിച്ചുവെന്ന് അറിയാൻ പലരെയും വിളിച്ചു. ആരെയും കിട്ടിയില്ല. പകരം ഇറങ്ങിയ ഹജ്മലിന് നന്നായി പെർഫോം ചെയ്യാൻ കഴിയട്ടെയെന്നും ആഗ്രഹിച്ചു. കളി കഴിഞ്ഞ ശേഷവും മിഥുന്റെ റൂം മേറ്റായ ക്യാപ്റ്റൻ ജിജോ ജോസഫിനെയടക്കം വിളിച്ചു. കിട്ടാത്തതിനാൽ ടെൻഷൻ ഇരട്ടിച്ചു. അച്ഛൻ (മിഥുന്റെ) കളി കാണാൻ പയ്യനാട്ട് പോയിരുന്നു. ആശുപത്രിയിൽനിന്ന് വന്ന ശേഷം മിഥുന്റെ റൂമിലെത്തി അച്ഛൻ സെൽഫിയെടുത്ത് അയച്ചുതന്നപ്പോഴാണ് സമാധാനമായത്. സുഹൃത്തുക്കളെല്ലാം വിളിച്ചുകൊണ്ടിരുന്നത് എന്നെയായിരുന്നു.
അരപ്പതിറ്റാണ്ടിന്റെ പകരക്കാരൻ
കഴിഞ്ഞ കളിയുടെ 28ാം മിനിറ്റിലാണ് ഗോൾ കീപ്പർ വി. മിഥുൻ പരിക്കേറ്റ് മൈതാനത്ത് കിടന്നത്. കാര്യങ്ങൾ പന്തിയല്ലെന്നു കണ്ട കോച്ച് ബിനോ ജോർജ് രണ്ടാം ഗോളി എസ്. ഹജ്മലിനോട് വാം അപ്പിന് നിർദേശിച്ചു. 2017 ഗോവ സന്തോഷ് ട്രോഫി മുതൽ മിഥുൻ കേരളത്തിന്റെ ഒന്നാം ഗോളിയും ഹജ്മൽ രണ്ടാം കീപ്പറുമാണ്. അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ മൈതാനത്തേക്ക്. പാലക്കാട് പുതുപ്പരിയാരം എച്ച്. സക്കീറിന്റെയും നജ്മുവിന്റെയും മകനായ ഹജ്മൽ പറയുന്നതിങ്ങനെ: ''കളിയിൽ ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കാണേണ്ടതാണ്. പക്ഷേ, ഞാൻ വേണ്ടത്ര തയാറെടുപ്പുകൾ നടത്തിയിരുന്നില്ല. പെട്ടെന്ന് ഇറങ്ങേണ്ടി വന്നപ്പോഴുള്ള ചെറിയ ഉത്കണ്ഠയിലും നന്നായി ചെയ്യാനാവുമെന്നും ടീം ഗോൾ നേടുമെന്നും വിശ്വാസമുണ്ടായിരുന്നു. കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണം. മലപ്പുറത്തെ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ കളിക്കുകയെന്നതുതന്നെ വലിയ കാര്യം''.
രാജ്യറാണിയിൽ ടിക്കറ്റെടുപ്പിച്ച സെമി
പതിറ്റാണ്ടുകൾക്കു ശേഷമാണ് ഇതര സംസ്ഥാനക്കാരനായൊരു താരം കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിക്കുന്നത്. സ്ട്രൈക്കർ വിഘ്നേഷ് കന്യാകുമാരി ജില്ലയിലെ പൂത്തുറ മരിയ സ്റ്റാറിന്റെയും ഫ്ലോറയുടെയും മകനാണ്. സഹോദരൻ വിവേക് മരിയ യോഗ്യത റൗണ്ടിൽ പോണ്ടിച്ചേരിക്ക് വേണ്ടിയും കളിച്ചു. കേരളം സെമി ഫൈനലിലെത്തിയതോടെ ഏപ്രിൽ 28ന് അങ്ങാടിപ്പുറത്തെത്തുന്ന തരത്തിൽ രാജ്യറാണി എക്സ്പ്രസിൽ ടിക്കറ്റുമെടുത്തു കുടുംബം. ടീമിന്റെ പ്രകടനത്തിൽ അതീവ ആഹ്ലാദത്തിലാണെങ്കിലും ഒരു സ്വകാര്യ ദുഃഖം മാതാവ് ഫ്ലോറ പങ്കുവെക്കുന്നു. നാല് മത്സരങ്ങൾ കളിച്ചിട്ടും ഗോൾ നേടാൻ വിഘ്നേഷിനായിട്ടില്ല. പയ്യനാട്ട് ഇത്രയധികം കാണികൾക്ക് മുന്നിൽ കളിക്കുമ്പോഴുള്ള സമ്മർദത്തിലാവാം ഫിനിഷിങ് പാളുന്നതെന്ന് ഫ്ലോറ. അടുത്ത മത്സരത്തിൽ വിഘ്നേഷിൽനിന്ന് ഗോൾ പിറക്കുമെന്നും ഇത് കാണാൻ കുടുംബവും ഗാലറിയിലുണ്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.
നാലു കൊല്ലം മുമ്പത്തെ പരീക്ഷക്ക് സ്കൂൾ മുറ്റത്ത്
നിർണായക മത്സരത്തിൽ കേരളത്തിന്റെ രണ്ട് ഗോളും നേടിയത് ക്യാപ്റ്റൻ ജിജോ ജോസഫാണെങ്കിലും ഏറ്റവുമധികം കൈയടി നേടിയത് മിഡ്ഫീൽഡർ പി.എൻ. നൗഫലാണ്. രണ്ടാം പകുതിയിൽ നൗഫൽ നടത്തിയ ആക്രമണങ്ങൾ തുടരത്തുടരെ പഞ്ചാബിന്റെ ഗോൾമുഖം വിറപ്പിച്ചു. ശനിയാഴ്ച പരീക്ഷ തിരക്കിലായിരുന്നു താരം. 2018ൽ പാസാവാതെ പോയ പ്ലസ് ടുവിലെ രണ്ട് വിഷയങ്ങളിൽ ഇംഗ്ലീഷ് പരീക്ഷ എഴുതാൻ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിലെത്തി നൗഫൽ.
ഉപരിപഠനത്തിന് അർഹത നേടാനാവാതെ വന്നതോട പഠിത്തം നിർത്തി കളിയിലേക്ക് മാത്രം തിരിയുകയായിരുന്നു നൗഫൽ. ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസിന്റെ താരം ഗോകുലം അണ്ടർ 18 ടീമിലെത്തി. തുടർന്ന് ദുബൈയിലെത്തി യുനൈറ്റഡ് എഫ്.സിക്ക് വേണ്ടിയും ഇറങ്ങി. ജോലിക്കും മറ്റും ശ്രമിക്കുമ്പോൾ വിദ്യാഭ്യാസ യോഗ്യതയില്ലാത്തത് ബുദ്ധിമുട്ടാവുമെന്നും പ്ലസ് ടു ജയിക്കണമെന്നുമുള്ള ചേലേമ്പ്ര സ്കൂൾ ടീം പരിശീലകനും അധ്യാപകനുമായ മൻസൂർ അലിയുടെ ഉപദേശം ശിരസ്സാവഹിച്ചാണ് നൗഫൽ പരീക്ഷക്കെത്തിയത്.
പ്രണയമാണഖിലാമൃതം
പഞ്ചാബിനെതിരായ കളിയുടെ 89ാം മിനിറ്റിൽ മിഡ്ഫീൽഡർ പി. അഖിൽ പകരക്കാരനായി മൈതാനത്ത് ഇറങ്ങുമ്പോൾ നവവധു അമൃത തിരുവനന്തപുരത്തുനിന്ന് തൃശൂരിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബെഞ്ചിലിരുന്ന പ്രിയപ്പെട്ടവന് അവസരം ലഭിച്ചതിലും അതിലുപരി കേരള ടീം ജയിച്ചതിലും അതീവ സന്തോഷമെന്ന് തിരുവനന്തപുരത്ത് ബി.ഡി.എസ് വിദ്യാർഥിനിയായ അമൃത.
സന്തോഷ് ട്രോഫി ഒരുക്കങ്ങൾക്കിടെ മാർച്ച് 27നായിരുന്നു ഇരുവരുടെയും വിവാഹം. നിശ്ചയം കഴിഞ്ഞ സമയത്തായിരുന്നു ദക്ഷിണേന്ത്യ യോഗ്യത റൗണ്ട് മത്സരങ്ങൾ. അഖിൽ പന്ത് തട്ടുന്നത് ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. കേരള ടീം ഫൈനലിലെത്തി കിരീടം നേടണമെന്നാണ് ആഗ്രഹം. പയ്യനാട്ടെത്തി കേരളത്തിന്റെ കളി ഫൈനലിന് മുമ്പുതന്നെ കാണണമെന്നുണ്ട്. അതിനുള്ള ശ്രമത്തിലാണെന്നും അമൃത പറഞ്ഞു. കിരീടനേട്ടത്തിന്റെ ആഹ്ലാദത്തിൽ മധുവിധു യാത്രകൾ പോവാൻ കാത്തിരിക്കുകയാണ് അഖിലും അമൃതയും. എറണാകുളം നെടുമ്പാശ്ശേരിയാണ് അഖിലിന്റെ സ്വദേശം. അമൃത തൃശൂർ മണ്ണുത്തിക്കാരിയും.
ഉണ്ടായില്ലിതു പോലൊരു പിറന്നാൾ
മഞ്ചേരിയിൽ കേരള ടീം താമസിക്കുന്ന ഹോട്ടൽ ശനിയാഴ്ച പകൽ പിറന്നാളാഘോഷത്തിന്റെ ത്രില്ലിലായിരുന്നു. വിങ് ബാക്കായ സോയൽ ജോഷി കാത്തിരുന്നത് ഇതുപോലൊരു ദിവസത്തിനാണ്. കേരളം സെമി ഫൈനലിലെത്തിയതിന്റെ ആരവങ്ങൾക്കിടെ സഹതാരങ്ങൾക്കൊപ്പം സോയൽ കേക്ക് മുറിച്ചു. എറണാകുളം തൈക്കൂടമാണ് സോയലിന്റെ സ്വദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.