സന്തോഷ് ട്രോഫി സെമിഫൈനൽ പോരാട്ടം ഇന്ന്
text_fieldsസന്തോഷ് ട്രോഫി ഫുട്ബാളിൽ ഇനി കനപ്പെട്ട പോരാട്ടങ്ങളുടെ ദിനങ്ങൾ. സെമിഫൈനൽ പോരാട്ടങ്ങൾ ഞായറാഴ്ച നടക്കും. ആദ്യ സെമിയിൽ ബംഗാൾ സർവിസസിനെയും രണ്ടാം സെമിയിൽ കേരളം മണിപ്പൂരിനെയും നേരിടും. ഡെക്കാൻ അറീനയിലെ ടർഫ് മൈതാനിയിലായിരുന്നു ക്വാർട്ടർ വരെയുള്ള മത്സരങ്ങൾ. സെമിഫൈനൽ, ഫൈനൽ പോരാട്ടങ്ങൾ ഗച്ചിബൗളി സ്റ്റേഡിയത്തിലെ പച്ചപ്പുൽ മൈതാനിയിൽ നടക്കും.
ആത്മവിശ്വാസത്തോടെ കേരളം
16ാം ഫൈനൽ തേടിയിറങ്ങുന്ന കേരള നിരയിൽ ക്വാർട്ടറിലെ ലൈനപ്പിൽനിന്ന് ചെറിയ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. പ്രതിരോധത്തിൽ മുഹമ്മദ് അസ്ലമിന് പകരം മുഹമ്മദ് മുഷറഫ് തിരിച്ചെത്തിയേക്കും. കശ്മീരിനെതിരെ നിറം മങ്ങിയെങ്കിലും മുഹമ്മദ് അജ്സൽ തന്നെയാകും ആദ്യ ഇലവനിൽ ആക്രമണം നയിക്കുക. ഫൈനൽ റൗണ്ടിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളിയിൽനിന്ന് അജ്സൽ മൂന്നു ഗോൾ നേടിയിരുന്നു. കശ്മീരിനെതിരെ വിജയഗോൾ നേടിയ നസീബ് റഹ്മാൻ മികച്ച ഫോമിലാണെന്നതും പ്രതീക്ഷ നൽകുന്നു. ടൂർണമെന്റിൽ ഇതുവരെ ഏഴു ഗോൾ നസീബ് സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. തമിഴ്നാടിന്റെ കെ. ലിജോക്കൊപ്പം ടോപ്സ്കോറർ പട്ടികയിൽ രണ്ടാമതാണ് നസീബ്.
5-4-1 ശൈലിയിൽ പ്രതിരോധക്കരുത്തിലാകും കേരള എൻജിൻ പ്രവർത്തിക്കുക.
സെന്റർ ബാക്കിൽ വിട്ടുവീഴ്ചയില്ലാത്ത പ്രകടനമാണ് ക്യാപ്റ്റൻ സഞ്ജുവും മനോജും കാഴ്ചവെക്കുന്നത്. പരിക്കേറ്റ സൂപ്പർ താരം ഗനി അഹമ്മദ് നിഗത്തിന്റെ സേവനം സെമിയിലും ലഭിച്ചേക്കില്ല. ചെറിയ പനി ബാധിച്ചതിനാൽ നിജോ ഗിൽബർട്ടും സൽമാൻ കള്ളിയത്തും ശനിയാഴ്ച ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ നിജോക്ക് കളിക്കാനാവുമെന്ന് പരിശീലകൻ ബിബി തോമസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
ടർഫ് മൈതാനത്തിന്റെ പരിമിതികളോട് പൊരുത്തപ്പെട്ടുവന്ന ടീം സ്വാഭാവിക മൈതാനത്ത് കാര്യമായ പരിശീലനം ലഭിക്കാതെ കളിക്കേണ്ടി വരുന്നതിലെ പ്രയാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നല്ല ഗ്രാസ് കോർട്ടിലാണ് മണിപ്പൂർ ടീമിന്റെ പരിശീലനം. നമുക്ക് ലഭിച്ചതാകട്ടെ പൂർണമായ പരിശീലനത്തിനുതകാത്ത മോശം ഗ്രൗണ്ടും. മികച്ച പരിശീലനമില്ലാതെ പെട്ടെന്ന് ഗ്രാസ് കോർട്ടിലേക്ക് മാറുന്നത് ബുദ്ധിമുട്ടാണ്. ക്വാർട്ടറിൽ കശ്മീരിനെതിരെ ശക്തമായ മത്സരം പിന്നിട്ടാണ് നമ്മൾ വരുന്നത്. പ്രതിരോധമായിരുന്നു കശ്മീരിന്റെ ശൈലി. മണിപ്പൂരിനെതിരായ സെമി താരതമ്യേന കടുപ്പമേറിയതാകും. വേഗമേറിയ താരങ്ങളാണ് എതിർടീമിലുള്ളത്. ടെക്നിക്സും ടാക്റ്റിക്സുംകൊണ്ട് അതിനെ മറികടക്കും’ - ബിബി തോമസ് പറഞ്ഞു.
വടക്കുകിഴക്കൻ കരുത്ത്
ക്വാര്‍ട്ടറില്‍ ഡല്‍ഹിയെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തരിപ്പണമാക്കിയാണ് വടക്കുകിഴക്കൻ കരുത്തരായ മണിപ്പൂരിന്റെ സെമിഫൈനൽ പ്രവേശം. മുഴുവൻ സമയത്ത് 2-2 എന്ന നിലയിൽനിന്ന് അധിക സമയത്ത് 5-2 എന്ന നിലയിലായിരുന്നു കളിയവസാനിച്ചത്. എക്സ്ട്രാ ടൈമിലും പവർഫുളായി കളിക്കാൻ കഴിയുന്ന നിരതന്നെയാണ് മണിപ്പൂരിന്റെ പ്ലസ്. നാലു ഗോളുകള്‍ വീതം നേടിയ സാഹിര്‍ ഖാന്, എല്‍.ടി. ലൗലി, ഷുന്ചാന്താന് റകോയ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
കേരളത്തിന്റെ കളി നന്നായി നിരീക്ഷിച്ചിരുന്നതായും കേരളത്തെ കീഴ്പ്പെടുത്താനുള്ള തന്ത്രങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും മണിപ്പൂർ കോച്ച് കമയ് ജോയ് റങ്മയ് പറഞ്ഞു.
വംഗനാടിന് പട്ടാളപ്പോര്
ഹൈദരാബാദ്: 32 തവണ ചാമ്പ്യന്മാരായ ബംഗാൾ മറ്റൊരു ഫൈനൽ ലക്ഷ്യമിട്ടിറങ്ങുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ സർവിസസാണ് എതിരാളികൾ.
തുടർച്ചയായ രണ്ടാം ഫൈനലാണ് സർവിസസിന്റെ ലക്ഷ്യം. ആകെ നേടിയ ഏഴു ട്രോഫികളിൽ ആറും ഒരു വ്യാഴവട്ടത്തിനിടെയാണെന്നത് പട്ടാള ടീമിന്റെ ഫോമിനെയാണ് സൂചിപ്പിക്കുന്നത്. മുന്നേറ്റ താരം രാഹുൽ രാമകൃഷ്ണനടക്കം അഞ്ചു മലയാളി താരങ്ങളുള്ള സർവിസസ് നിരയിൽ മിക്കവരും ഗോൾ സ്കോർ ചെയ്യാൻ ശേഷിയുള്ളവരാണ്.
നരോഹരി ശ്രേഷ്ഠയുടെയും റോബി ഹൻസ്ദായുടെയും സ്കോറിങ് മികവിൽ പ്രതീക്ഷയർപ്പിക്കുന്ന ബംഗാൾ ഇത്തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നോക്കൗട്ടിലെത്തിയത്. ഒമ്പതു ഗോളുമായി ടൂർണമെന്റിൽ ടോപ് സ്കോറര്‍ പട്ടികയില്‍ ഒന്നാമതാണ് ഹന്‍സ്ദാ. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗാളും സർവിസസും ഏറ്റുമുട്ടിയപ്പോള്‍ ഏക ഗോളിന് ബംഗാളിനായിരുന്നു ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.