സന്തോഷ് ട്രോഫി; ഗുജറാത്തിനെ ചാമ്പി ചാമ്പ്യന്മാർ
text_fieldsമലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ സർവിസസ് വിജയവഴിയിൽ തിരിച്ചെത്തി. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് ബി മത്സരത്തില്‍ 3-1ന് ഗുജറാത്തിനെയാണ് തോല്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്ന പട്ടാളക്കാർ മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു. നിഖില്‍ ശര്‍മ, കൃഷ്ണകാന്ത സിങ്, പിന്റു മഹാത എന്നിവര്‍ സ്കോർ ചെയ്തു.
ഗുജറാത്തിന്റെ ഗോൾ ജയ്കനാനിയുടെ വകയായിരുന്നു. ആദ്യ മത്സരത്തില്‍ മണിപ്പൂരിനോട് തോൽവി ഏറ്റുവാങ്ങിയ സർവിസസ് ആദ്യ ഇലവനില്‍ പരീക്ഷണങ്ങൾക്ക് മുതിർന്നു. മൂന്ന് മാറ്റങ്ങളുമായാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. 20ാം മിനിറ്റിലായിരുന്നു ഗുജറാത്തിന്റെ ഗോൾ. വലത് വിങ്ങില്‍നിന്ന് പ്രണവ് രാമചന്ദ്ര കന്‍സെ പ്രതിരോധക്കോട്ട മറികടന്ന് ഫസ്റ്റ് ബോക്സിലേക്ക് നൽകിയ പാസില്‍ ജയ്കനാനി പന്ത് ഗോൾവര കടത്തി. മലയാളി ഗോൾ കീപ്പർ അജ്മൽ എരഞ്ഞിക്കലിന്റെ മികച്ച സേവുകളാണ് കുറേ നേരത്തേക്ക് ഗുജറാത്തിനെ രക്ഷപ്പെടുത്തിയത്. 45ാം മിനിറ്റിൽ പക്ഷേ, സര്‍വിസസ് സമനില പിടിച്ചു.
വലതു വിങ്ങിലൂടെ മുന്നേറിയ മോയ്റങ്തം റൊണാള്‍ഡോ സിങ് ബോക്സിലേക്ക് നല്കിയ പാസ് ഗുജറാത്ത് താരത്തിന്റെ കാലില്‍ തട്ടി സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന നിഖില്‍ ശര്‍മക്ക് ലഭിച്ചു. തടയാൻ ഗോളി ശ്രമിച്ചെങ്കിലും ഇടത് പോസ്റ്റിനരികിലൂടെ ശർമ അനായാസം ഗോളാക്കി മാറ്റി. രണ്ടാം പകുതിയിൽ സർവിസസ് ആയുധങ്ങൾക്ക് മൂർച്ച കൂട്ടി. തുടരെ ഗുജറാത്ത് ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു. 49ാം മിനിറ്റിലായിരുന്നു ലീഡ് ഗോൾ. വിവേക് കുമാര്‍ ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ച പന്ത് ഗുജറാത്ത് ഡിഫൻഡറുടെ കാലില്‍ തട്ടി കൃഷ്ണകാന്ത സിങ്ങിന് കിട്ടി.
പോസ്റ്റിന്റെ വലതുമൂലയിലൂടെ പന്ത് കടത്തിവിട്ട് കൃഷ്ണകാന്ത ഗോളാക്കി മാറ്റി. 85ാം മിനിറ്റിലായിരുന്നു സർവിസസിന്റെ മൂന്നാം ഗോൾ. ഇടതു വിങ്ങില്‍നിന്ന് കൃഷ്ണകാന്ത സിങ് നൽകിയ പാസില്‍ മോഹന്‍ ബഗാൻ-ഈസ്റ്റ് ബംഗാൾ മുൻ താരമായ പിന്റു മഹാത ഹെഡ് ചെയ്തു ടീമിന്റെ മൂന്നാം ഗോളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.