സന്തോഷ് ട്രോഫി: മുറിവുണക്കാൻ ഇന്ന് പട്ടാളമിറങ്ങും
text_fieldsമലപ്പുറം: ഞായറാഴ്ച രാത്രി പയ്യനാട്ട് മണിപ്പൂരിനോട് ഏറ്റുവാങ്ങിയ കനത്ത തോൽവിയുടെ ആഘാതം മാറും മുമ്പ് സർവിസസ് സന്തോഷ് ട്രോഫി ഗ്രൂപ് ബിയിൽ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗോവയെ അട്ടിമറിച്ചെത്തിയ ഗുജറാത്താണ് കോട്ടപ്പടി സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന കളിയിൽ പട്ടാള സംഘത്തിന്‍റെ എതിരാളികൾ.
നിലവിലെ ചാമ്പ്യന്മാരെ സംബന്ധിച്ച് ജയത്തിൽ കുറഞ്ഞൊരു ഫലവും ചിന്തിക്കുക വയ്യ. ഗുജറാത്തിന് ആദ്യ മത്സരമാണെങ്കിലും ജീവൻ നിലനിർത്താൻ മരണപ്പോരാട്ടം നടത്തേണ്ടിവരും.
ആക്രമണ ഫുട്ബാൾ പുറത്തെടുത്തിട്ടും മണിപ്പൂരിനെതിരായ മത്സരത്തിന്‍റെ തുടക്കത്തിൽ പിറകിലായ സർവിസസ് രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി വഴങ്ങി. അതിലൊന്ന് മലയാളിതാരം ബി. സുനിലിന്‍റെ പേരിൽ കുറിച്ച സെൽഫ് ഗോളായിരുന്നു.
മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ഗുജറാത്ത് സന്തോഷ് ട്രോഫിക്ക് യോഗ്യത നേടുന്നത്. ഗുജറാത്തിന്റെ ഗോൾകീപ്പർ അജ്മൽ എടക്കര സ്വദേശിയാണ്. മൂന്ന് മലയാളി ഡിഫൻഡർമാരും ടീമിലുണ്ട്- സിദ്ധാർഥ് നായർ, മുഹമ്മദ് സാഗർ അലി, ഡെറിൻ ജോബ് എന്നിവർ.
മണിപ്പൂരിന് ഒഡിഷ വെല്ലുവിളി
ഗ്രൂപ് ബിയിൽ സർവിസസിനെതിരായ തകർപ്പൻ ജയത്തോടെ ഒന്നാമതെത്തിയ മണിപ്പൂർ ചൊവ്വാഴ്ച രാത്രി പയ്യനാട് സ്റ്റേഡിയത്തിൽ ഒഡിഷയെ നേരിടും. നിലവിലെ ചാമ്പ്യന്മാരെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്തതോടെ സെമി ഫൈനലിലെത്തുമെന്ന പ്രതീക്ഷയിലാണ് മണിപ്പൂർ.
കർണാടകയായിരുന്നു ഒഡിഷയുടെ ആദ്യ എതിരാളികൾ. ആദ്യം സ്കോർ ചെയ്ത് മുന്നിലെത്തിയ ടീം പിന്നീട് രണ്ട് ഗോൾ വഴങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി 3-3ലാണ് കളി അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.