
സൗദി ലോകകപ്പിൽ മദ്യം അനുവദിക്കില്ല, ‘ഞങ്ങളുടെ മഹത്തായ സംസ്കാരം മറ്റാർക്കെങ്കിലും വേണ്ടി മാറ്റിമറിക്കില്ല’
text_fieldsലണ്ടൻ: 2034ൽ സൗദി അറേബ്യ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാളിൽ മദ്യം അനുവദിക്കില്ലെന്ന് സൗദി അറേബ്യൻ അംബാസഡർ. യു.കെ.യിലെ സൗദി അറേബ്യൻ അംബാസഡർ അമീർ ഖാലിദ് ബിൻ ബന്ദർ സഊദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബുധനാഴ്ച എൽ.ബി.സി റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയങ്ങൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി ഒരിടത്തും മദ്യം ലഭ്യമാക്കില്ലെന്നും അമീർ ഖാലിദ് പറഞ്ഞു.
‘ടൂർണമെന്റിൽ ആൽക്കഹോൾ അനുവദിക്കില്ല. മദ്യത്തിന്റെ ലഹരിയില്ലാതെ തന്നെ ഫുട്ബാളിന്റെ അങ്ങേയറ്റത്തെ ലഹരി ആസ്വദിക്കാമല്ലോ. ആൾക്കഹോൾ ഇല്ലാതെയും ഒരുപാട് ആസ്വാദനം സാധ്യമാണ്. അത് ഒഴിച്ചുകൂടാനാവാത്ത ഒന്നേയല്ല. മദ്യപിക്കണമെങ്കിൽ നിങ്ങൾക്ക് ഇവിടം വിട്ടശേഷം ആകാം. ഞങ്ങൾ അത് അനുവദിക്കില്ല.
എല്ലാവർക്കും അവരുടേതായ സംസ്കാരമുണ്ട്. ഞങ്ങളുടെ മഹത്തായ സംസ്കാരത്തിനുള്ളിൽനിന്നുകൊണ്ട് ഭൂമിയിലെ മുഴുവൻ ജനങ്ങളെയും സൗദിയിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അങ്ങേയറ്റത്തെ സന്തോഷമേയുള്ളൂ. മറ്റാർക്കെങ്കിലും വേണ്ടി ആ സംസ്കാരത്തെ മാറ്റിമറിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞാൻ ചോദിക്കുന്നത്, ‘ശരിക്കും മദ്യമില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയില്ലെന്നുണ്ടോ?’ എന്നാണ്’ -അമീർ ഖാലിദ് വിശദീകരിച്ചു.
2022ൽ ഖത്തർ ലോകകപ്പിന് ആതിഥ്യമരുളിയശേഷം മിഡിലീസ്റ്റിലേക്ക് വീണ്ടും ഫുട്ബാളിന്റെ രാജപോരാട്ടങ്ങൾ വിരുന്നെത്തുകയാണ്. 2034ലെ ലോകകപ്പ് സൗദി അറേബ്യയിലാണെന്ന് ആഗോള ഫുട്ബാൾ സംഘടനയായ ഫിഫ ഡിസംബർ 11ന് പ്രഖ്യാപിച്ചിരുന്നു. 48 ടീമുകളെ അണിനിരത്തി ലോകകപ്പ് വികസിപ്പിച്ചശേഷം ഇതാദ്യമാകും ഒരു രാജ്യം ഒറ്റയ്ക്ക് മഹാമേളക്ക് വേദിയൊരുക്കുന്നത്.
റിയാദ്, ജിദ്ദ, അൽഖോബാർ, അബ്ഹ, നിയോം എന്നീ അഞ്ചു നഗരങ്ങളിലെ 15 സ്റ്റേഡിയങ്ങളിലായാവും സൗദിയിലെ ലോകകപ്പ് അരങ്ങേറുക. ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾ നടക്കുന്ന റിയാദിലെ 92000 പേർക്കിരിക്കാവുന്ന കിങ് സൽമാൻ സ്റ്റേഡിയം ഉൾപ്പെടെ പത്തു പുതിയ സ്റ്റേഡിയങ്ങൾ ലോകകപ്പിനായി സൗദി സജ്ജമാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.