ഇന്ത്യയുടെ പിന്മാറ്റം; 2027ലെ ഏഷ്യന്‍ കപ്പ് ഫുട്ബാൾ സൗദിയിൽ നടക്കുമെന്ന് ഉറപ്പായി
text_fieldsജിദ്ദ: 2027-ലെ ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തെരഞ്ഞെടുപ്പ് ലേല പ്രക്രിയയിൽ നിന്ന് ഇന്ത്യ പിന്മാറിയതോടെ ടൂർണമെന്റ് സൗദിയിൽ നടക്കുമെന്ന് ഉറപ്പായി. നിലവിൽ ടൂർണമെന്റ് നടത്തുന്നതിനായി ഇന്ത്യയും സൗദിയുമായിരുന്നു അപേക്ഷ സമർപ്പിച്ചിരുന്നത്. എന്നാൽ ആവശ്യത്തിൽനിന്നും ഇന്ത്യന്‍ ഫുട്‌ബാള്‍ ഫെഡറേഷന്റെ പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) സ്ഥിരീകരിച്ചതോടെയാണ് സൗദിയുടെ കളത്തിൽ പന്തായത്. ഏഷ്യൻ കപ്പിന് ആതിഥേയത്വം വഹിക്കാനായി സൗദി, ഖത്തർ, ഇറാൻ, ഇന്ത്യ, ഉസ്‌ബെക്കിസ്താൻ എന്നീ രാജ്യങ്ങൾ രണ്ട് വർഷം മുമ്പ് നൽകിയ അപേക്ഷകൾ എ.എഫ്.സി പരിശോധിച്ചതിൽനിന്നും ഇന്ത്യയുടെയും സൗദിയുടെയും അപേക്ഷകൾ മാത്രമാണ് സ്വീകരിച്ചിരുന്നത്. ഇന്ത്യ ആവശ്യത്തിൽനിന്ന് സ്വയം പിന്മാറിയതിനാൽ പട്ടികയിൽ ശേഷിക്കുന്ന സൗദിക്ക് ഏഷ്യന്‍ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടത്താനുള്ള അന്തിമാനുമതി ഫെബ്രുവരി ഒന്നിന് ബഹ്‌റൈനിൽ നടക്കുന്ന എ.എഫ്.സി റീജനല്‍ യോഗത്തിൽ നൽകിയേക്കും.
അവസാന നിമിഷം വരെ അപേക്ഷയുമായി മുന്നോട്ട് പോയിരുന്ന ഇന്ത്യ ഇപ്പോൾ ആവശ്യത്തിൽനിന്നും പിന്‍വാങ്ങാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന അണ്ടർ 17 വനിതാ ലോകകപ്പ് മത്സരങ്ങൾ ഫിഫ റദ്ദ് ചെയ്തിരുന്നു. അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന്‍റെ ഭരണത്തിൽ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായതിനെ തുടർന്നായിരുന്നു ഫിഫ കൗണ്‍സിലിന്റെ നടപടി. വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന് രാജ്യാന്തര മത്സരങ്ങള്‍ കളിക്കാനാവില്ലെന്നും ഫിഫ നിബന്ധന വെച്ചിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണോ ഏഷ്യന്‍ കപ്പ് സംഘാടന ആവശ്യത്തിൽനിന്നും ഇന്ത്യ പിന്മാറിയതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാവേണ്ടിയിരിക്കുന്നു.
2023-ലെ ഏഷ്യന്‍ കപ്പ് നടത്തിപ്പ് ചൈനക്കായിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് ചൈന പിന്മാറിയിരുന്നു. ഇതിനെത്തുടർന്ന് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ വെച്ചായിരിക്കും അടുത്ത വർഷത്തെ ഏഷ്യന്‍ കപ്പ് നടക്കുക. എന്നാൽ അടുത്ത വർഷം നടക്കേണ്ട ടൂർണമെന്റ് 2024 ജനുവരിയിലേക്ക് മാറ്റാനും സാധ്യതയുണ്ട്. 1956 മുതൽ ആരംഭിച്ച ഏഷ്യന്‍ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നേരത്തെ രണ്ട് തവണയായി ഖത്തറിൽ വെച്ച് നടന്നിരുന്നു. മൂന്ന് തവണ ടൂർണമെന്റിൽ ചാമ്പ്യന്മാരായിട്ടുണെങ്കിലും സൗദിയിൽ ഇതുവരെ ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റ് നടന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.