പതിറ്റാണ്ട് അകലെ അറബ് നാട്ടിൽ ഫുട്ബാൾ മഹാമേള
text_fieldsസൂറിച്ച്/റിയാദ്: 2034 ഫുട്ബാൾ ലോകകപ്പ് വേദിയായി സൗദി അറേബ്യയെ ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ അറേബ്യൻ മണ്ണിലേക്ക് വീണ്ടും വിരുന്നെത്തുകയാണ് കാൽപന്ത് മഹാമേള.
അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയുടെ വെർച്വൽ കോൺഗ്രസിലാണ് 2030, 34 ലോകകപ്പുകൾക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളുടെ പേര് പുറത്തുവിട്ടത്. 2030 ലോകകപ്പിന് മൊറോക്കോ, സ്പെയിൻ, പോർചുഗൽ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും. വേദികളുടെ കാര്യത്തിൽ നേരത്തേതന്നെ തീരുമാനമായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനത്തിന് കാക്കുകയായിരുന്നു ലോകം. 2022ൽ ഖത്തറിലാണ് ആദ്യമായി അറബ് നാട്ടിലെ ലോകകപ്പ് നടന്നത്.
ബുധനാഴ്ച വൈകീട്ടായിരുന്നു ഫിഫയുടെ അസാധാരണ ജനറൽ അസംബ്ലിയിൽ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയുടെ ഔദ്യോഗിക പ്രഖ്യാപനം. ആസ്ട്രേലിയ പിന്മാറിയതോടെ 2034ലെ ലോകകപ്പ് ആതിഥേയത്വത്തിന് സൗദി മാത്രമാണ് രംഗത്ത് ബാക്കിയുണ്ടായിരുന്നത്.
419/500 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സ്കോറോടെ യോഗ്യതയും നേടി. 'ഒരുമിച്ച് വളരാം' എന്ന മുദ്രാവാക്യമാണ് ആതിഥേയത്വത്തിനുള്ള ബിഡ് പ്രക്രിയയിൽ സൗദി ഉയർത്തിയത്. നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ഇതിനകം വേദിയായ സൗദി, ലോക ഫുട്ബാളിലെ വൻതാരങ്ങളെ കൊണ്ടുവന്ന് ക്ലബ് ഫുട്ബാളും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. അതേസമയം, 2030 ലോകകപ്പ് വേദി തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് വേണ്ടി വന്നിരുന്നു. ഖത്തറിൽ 32 രാജ്യങ്ങളാണ് ഏറ്റുമുട്ടിയതെങ്കിൽ 2026ലെ മെക്സിക്കോ-കാനഡ-യു.എസ് ലോകകപ്പ് മുതൽ 48 ടീമുകളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.