മെസ്സി അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്കെന്ന് സൂചന
text_fieldsപാരിസ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ലയണൽ മെസ്സി അമേരിക്കൻ ലീഗിലേക്ക്. മേജർ സൂപ്പർ ലീഗിൽ ഇന്റർ മിയാമിക്കൊപ്പമാണ് അടുത്ത സീസൺ മുതൽ അർജന്റീനയുടെ ഇതിഹാസ താരം ബൂട്ടുകെട്ടുക. സൗദി ക്ലബായ അൽഹിലാൽ കൂടുതൽ ഉയർന്ന തുക മുന്നോട്ടുവെച്ചിരുന്നെങ്കിലും അവസാന നിമിഷം താരം വേണ്ടെന്നുവെക്കുകയായിരുന്നു. അഡിഡസ്, ആപ്ൾ ബ്രാൻഡുകളുമായുള്ള സഹകരണവും കരാറിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏഴു തവണ ലോകത്തെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ട മെസ്സി പി.എസ്.ജി വിടുന്നുവെന്ന് ഉറപ്പായതോടെ മുൻ ടീമായ ബാഴ്സലോണയടക്കം വിവിധ ക്ലബുകൾ പിന്നാലെയുണ്ടായിരുന്നു. എന്നാൽ, സൂപ്പർ താരത്തിന് നൽകേണ്ട വലിയ തുക കണ്ടെത്താൻ വഴികളടഞ്ഞതോടെ അവർ പിൻമാറി. ജെറാർഡ് പിക്വ, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവരെല്ലാം ഈ സീസണോടെ ബാഴ്സ വിടുന്നവരാണ്.
ആദ്യമായാണ് ക്ലബ് ഫുട്ബാളിൽ മെസ്സി യൂറോപ്പിന് പുറത്ത് കളിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിലും കരീം ബെൻസേമ ഈയടുത്തുമായി സൗദി ലീഗിലെത്തിയതോടെ മെസ്സിയും അതേ വഴി പിന്തുടരുമെന്ന് വ്യാപക റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയും കുടുംബവും സൗദിയിലെത്തിയത് ഈ അഭ്യൂഹങ്ങൾക്ക് പ്രചാരം നൽകുകയും ചെയ്തു. ഇതിന്റെ പേരിൽ പി.എസ്.ജി താരത്തെ മാറ്റിനിർത്തുന്നതുൾപ്പെടെ നടപടികളും സ്വീകരിച്ചു. എന്നാൽ, അൽഹിലാൽ ക്ലബ് മുന്നോട്ടുവെച്ച റെക്കോഡ് തുക വേണ്ടെന്നുവെക്കുകയായിരുന്നു.
പി.എസ്.ജിയിൽ കളിച്ച രണ്ടു സീസണിലും മെസ്സി ടീമിനെ ലീഗ് വൺ ജേതാക്കളാക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. 75 കളികളിൽ 32 ഗോളുകളാണ് സമ്പാദ്യം. ഈ സീസണിൽ 16 ഗോളും അത്രയും അസിസ്റ്റും പേരിലുണ്ട്. 2021ലാണ് നീണ്ട 21 വർഷത്തെ കൂട്ടുകെട്ട് അവസാനിപ്പിച്ച് താരം ബാഴ്സ വിടുന്നത്. ബാഴ്സയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ് താരം- 672 ഗോളുകൾ. രണ്ടു വർഷത്തേക്കായിരുന്നു പി.എസ്.ജിയുമായി കരാർ. അത് നീട്ടാനിടയില്ലെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. മിയാമിയിൽ മെസ്സിക്ക് നിലവിൽ സ്വന്തമായി വീടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.