ഫാബീഞ്ഞോയെ സ്വന്തമാക്കി അൽ-ഇത്തിഹാദ്
text_fieldsലണ്ടൻ: ലിവർപൂളിന്റെ ബ്രസീൽ മിഡ്ഫീൽഡർ ഫാബീഞ്ഞോ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാരായ അൽ-ഇത്തിഹാദിനൊപ്പം ചേർന്നു. മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവെച്ചതെന്ന് സൗദി ക്ലബ് തിങ്കളാഴ്ച രാത്രി അറിയിച്ചു. 40 ദശലക്ഷം പൗണ്ടാണ് (51.33 ദശലക്ഷം ഡോളർ) 29കാരനായി ചെലവഴിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
“ഇന്ന് ഞാൻ എന്റെ വീട് വിടുന്നു. ഈ ജേഴ്‌സി അണിഞ്ഞ് എല്ലായ്‌പ്പോഴും സാധ്യമായ ഏറ്റവും വലിയ ബഹുമാനത്തോടും സന്തോഷത്തോടും കൂടി അഞ്ച് വർഷമായി. ഞാൻ ഈ ക്ലബ്ബിനെ സ്നേഹിക്കുന്നു. നന്ദി, റെഡ്സ്, ഞങ്ങൾ ഒരുമിച്ച് അനുഭവിച്ച എല്ലാത്തിനും. നിങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് നടക്കില്ല,” ഫാബിഞ്ഞോ ട്വിറ്ററിൽ കുറിച്ചു.
ബാലൺ ഡി ഓർ ജേതാവും ഫ്രഞ്ച് സൂപ്പർതാരവുമായ കരിം ബെൻസെമയും മുൻ ചെൽസി മിഡ്ഫീൽഡർ എൻഗോലോ കാന്റെയും നേരത്തെ അൽ ഇത്തിഹാദിലെത്തിയിരുന്നു. ജിദ്ദ ആസ്ഥാനമായുള്ള ക്ലബ്ബിൽ ഫാബീഞ്ഞോയും ചേരുന്നതോടെ പ്രൊ ലീഗ് പോരാട്ടത്തിന് വീറ് കൂടും. ജോർഡൻ ഹെൻഡേഴ്സണും കഴിഞ്ഞയാഴ്ച ലിവർപൂൾ വിട്ട് സൗദി അറേബ്യയിലെ അൽ-ഇത്തിഫാക്ക് ക്ലബിൽ ചേർന്നിരുന്നു.
2018 ൽ ലിവർപൂളിലെത്തിയ ഫാബീഞ്ഞോ 219 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞു. പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ്, എഫ്.എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ കരിയറിനൊപ്പം ചേർത്താണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.