ആവേശമായി ആരാധകർ; സൗദി പ്രീക്വാർട്ടറിൽ
text_fieldsദോഹ: ഒരാഴ്ച മുമ്പ് ഖലീഫ സ്റ്റേഡിയത്തിൽ കണ്ട ആവേശത്തിനുമപ്പുറമായിരുന്നു ഞായറാഴ്ച രാത്രിയിൽ അഹ്മദ് ബിൻ അലി സ്റ്റേഡിയം സാക്ഷിയായത്. അതിർത്തി കടന്ന് ഒഴുകിയെത്തിയ സൗദി ഫുട്ബാൾ ആരാധകർ ഒരു നിമിഷം ഇടവേളയില്ലാതെ ആർത്തലച്ചപ്പോൾ കളത്തിൽ ആ ഊർജം ഏറ്റുവാങ്ങി കളിച്ച ടീം അംഗങ്ങൾക്കും പിഴച്ചില്ല. തുടർച്ചയായി രണ്ടാം ജയവുമായി ഗ്രൂപ് ‘എഫിൽ’ നിന്നും സൗദി അനായാസം ഏഷ്യൻ കപ്പ് പ്രീക്വാർട്ടറിൽ ഇടം നേടി.
കിർഗിസ്താനെതിരെ 2-0ത്തിനായിരുന്നു സൗദിയുടെ ജയം. ഇരു പകുതികളുടെയും ആദ്യമിനിറ്റുകളിലായി രണ്ടു പേർ ചുവപ്പുകാർഡുമായി പുറത്തായതോടെ ഒമ്പത് പേരിലേക്ക് ചുരുങ്ങിയ കിർഗിസ്താന് പ്രതിരോധത്തിലൂന്നി കളി പൂർത്തിയാക്കേണ്ടി വന്നു. സൗദിക്കൊപ്പമായിരുന്നു ആദ്യാവസാനം കളി. ഗോളിനു മുന്നേ ചുവപ്പ് കാർഡ് പിറന്നതോടെ കിർഗിസ്താൻ തീർത്തും പ്രതിസന്ധിയിലായി. ഒമ്പതാം മിനിറ്റിൽ പ്രതിരോധ താരം അയ്സർ അക്മതോവാണ് സൗദിയുടെ സാമി അൽ നജിയെ കടുത്ത ടാക്ലിങ്ങിന് വിധേയനാക്കിയതിന് ചുവപ്പുകാർഡുമായി പുറത്തായത്. പത്തുപേരുമായി പ്രതിരോധം ശക്തമാക്കി കിർഗിസ്താൻ ചെറുത്തുനിന്നെങ്കിലും കോട്ട അധികനേരം കാത്തുവെക്കാനായില്ല. കളിയുടെ 35ാം മിനിറ്റിൽ മുഹമ്മദ് കാനു ആദ്യഗോൾ കുറിച്ചു.
രണ്ടാം പകുതിയിലെ 52ാം മിനിറ്റിൽ മറ്റൊരു ഫൗളിലൂടെ കിമി മെർകും പുറത്തായേതാടെ കിർഗിസ്താന്റെ ആൾബലം ഒമ്പതിലേക്ക് ചുരുങ്ങി. അധികം വൈകാതെയായിരുന്നു രണ്ടാം ഗോളും പിറന്നത്. 84ാം മിനിറ്റിൽ ഫൈസൽ അൽ ഗംദിയുടെ വകയായിരുന്നു കിർഗിസ്താൻ വല കുലുക്കിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും തായ്ലൻഡും ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.