‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ’; സലാഹിനായി വാതിലുകൾ തുറന്നിട്ടിരിക്കുന്നതായി സൗദി പ്രോ ലീഗ് മാനേജർ
text_fieldsഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാഹും ഇംഗ്ലീഷ് ക്ലബ് ലിവർപൂളും തമ്മിലുള്ള കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. സലാഹിന്‍റെ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും താരം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
താരത്തിന്‍റെ മികവിലാണ് പ്രീമിയർ ലീഗ് സീസണിൽ ചെമ്പട എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. വ്യത്യസ്ത ചാമ്പ്യൻഷിപ്പുകളിലായി ലിവർപൂളിനായി 43 മത്സരങ്ങളിൽനിന്ന് 32 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. 22 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. ഇത്തവണത്തെ ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള മത്സരത്തിലും സലാഹ് തന്നെയാണ് മുന്നിൽ.
സീസണൊടുവിൽ സലാഹ് സൗദി പ്രോ ലീഗിലേക്ക് പോകുമെന്ന അഭ്യൂഹവും ശക്തമാണ്. താരത്തിനായി പല സൗദി ക്ലബുകളും ചരടുവലിക്കുന്നുണ്ടെങ്കിലും സലാഹ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇതിനിടെയാണ് സൗദി പ്രോ ലീഗ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ജനറൽ മാനേജർ മുഹമ്മദ് ബസ്രാവി സലാഹിനെ വാനോളം പുകഴ്ത്തി രംഗത്തുവന്നിരിക്കുന്നത്. താരത്തെ സൗദിയിലേക്ക് കൊണ്ടുവരാനുള്ള ആഗ്രഹവും അദ്ദേഹം തുറന്നുപറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സലാഹെന്നും സൗദിയുടെ വാതിലുകൾ അദ്ദേഹത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ബസ്രാവി ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അറബ് കമ്യൂണിറ്റിയുമായി നല്ല ബന്ധമുള്ളയാളാണ് സലാഹ്. അദ്ദേഹം സൗദിയിലേക്ക് വരണമെന്നാണ് ആഗ്രഹം, അദ്ദേഹത്തിനായി വാതിലുകൾ തുറന്നിട്ടിരിക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു, അതിനെ കുറിച്ച് ഇപ്പോൾ ഞങ്ങൾക്കൊന്നും അറിയില്ല. വലിയ താരങ്ങളെ മാത്രമല്ല ഞങ്ങൾ ലക്ഷ്യമിടുന്നത്’ -ബസ്രാവി കൂട്ടിച്ചേർത്തു.
അതേസമയം, ഫൈനൽ മത്സരങ്ങളിൽ നിറംമങ്ങിപോകുന്ന സലാഹാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. കഴിഞ്ഞദിവസം കരബാവോ കപ്പ് ഫൈനലിൽ ന്യൂകാസിലിനോട് ലിവർപൂൾ പരാജയപ്പെട്ട മത്സരത്തിലും താരത്തിന്‍റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഈജിപ്തിനും ലിവർപൂളിനുമായി 11 ഫൈനലുകലാണ് സലാഹ് ഇതുവരെ കളിച്ചത്. ഈ മത്സരങ്ങളിൽ ഓപ്പൺ പ്ലെയിൽ ഒരു ഗോളുപോലും താരത്തിന് നേടാനായിട്ടില്ല. താരത്തിന്‍റെ പേരിലുള്ള രണ്ടു ഗോളുകളും പെനാൽറ്റിയിൽനിന്നായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.