‘അയാൾ വരും, ക്രിസ്റ്റ്യാനോയേക്കാൾ പ്രിയങ്കരനാകും’ -സൗദി കാത്തിരിക്കുകയാണ്...
text_fieldsലണ്ടൻ: ലോകോത്തര താരങ്ങളെ പണമെറിഞ്ഞ് വാരി ലോകഫുട്ബാളിനെ അമ്പരപ്പിച്ച സൗദി പ്രോ ലീഗ് അദ്ഭുതങ്ങൾ തുടരാൻ കച്ചമുറുക്കുകയാണ്. ആധുനിക ഫുട്ബാളിലെ അതികായരിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ ടീമിലെത്തിച്ച സൗദിക്കാർ സാക്ഷാൽ ലയണൽ മെസ്സി ഉൾപെടെയുള്ള മറ്റു പല പ്രമുഖരെയും ഉന്നമിട്ടിരുന്നു. നെയ്മർ, കരീം ബെൻസേമ, സാദിയോ മാനേ തുടങ്ങിയ ഒരുപാട് വമ്പൻ താരങ്ങളും ക്രിസ്റ്റ്യാനോക്ക് പിന്നാലെ സൗദി ലീഗിലേക്ക് വിമാനം കയറി.
എന്നാൽ, ക്രിസ്റ്റ്യാനോ ഉൾപ്പെടെ ഇതുവരെ തങ്ങൾക്കൊപ്പം ചേർന്ന വൻതോക്കുകളേക്കാൾ സൗദി കാത്തിരിക്കുന്നൊരു കളിക്കാരനുണ്ട്. അയാളെത്തിയാൽ, ക്രിസ്റ്റ്യാനോ വന്നതിനേക്കാൾ വമ്പൻ നേട്ടം അതായിരിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രോ ലീഗ് അധികൃതരും സൗദിയിലെ ഫുട്ബാൾ ആരാധകരും. ഈ സീസണിന്റെ തുടക്കത്തിൽതന്നെ ആ താരത്തെ സ്വന്തമാക്കാൻ അവർ അത്രേയേറെ ശ്രമിച്ചിരുന്നു. നിലവിലെ ക്ലബിനോടും അവിടുത്തെ ആരാധകരോടുമുള്ള അങ്ങേയറ്റത്തെ കടപ്പാടാണ് ഉറപ്പിച്ചുവെന്നു കരുതിയ കൂടുമാറ്റത്തിൽനിന്ന് അയാളെ പിന്തിരിപ്പിച്ചത്.
ക്രിസ്റ്റ്യാനോയേക്കാൾ പ്രിയത്തോടെ സൗദി കാത്തിരിക്കുന്ന ആ കളിക്കാരൻ ലയണൽ മെസ്സിയാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ചെങ്കുപ്പായത്തിൽ നിറഞ്ഞുകളിക്കുന്ന ഈജിപ്ഷ്യൻ സ്ട്രൈക്കർ മുഹമ്മദ് സലാഹാണ് സൗദി പ്രോ ലീഗ് അതിരറ്റ താൽപര്യത്തോടെ നോട്ടമെറിയുന്ന താരം.
അൽ ഇത്തിഹാദ് ഈ സീസണിൽ സലാഹിനുവേണ്ടി കൊണ്ടുപിടിച്ച് ശ്രമിച്ചിരുന്നു. ഡെഡ് ലൈൻ ദിനത്തിലാണ് ലിവർപൂൾ സലാഹിനെ വിൽക്കില്ലെന്ന് കട്ടായം പറഞ്ഞത്. എന്നാൽ, ലിവർപൂളുമായുളള കരാർ അവസാനിക്കുന്ന മുറയ്ക്ക് സൗദിയിലേക്ക് വിമാനം കയറാൻ സലാഹിനും താൽപര്യം ഏറെയാണെന്നാണ് റിപ്പോർട്ടുകൾ. 150 ദശലക്ഷം പൗണ്ട് (ഏകദേശം 1584 കോടി രൂപ)യാണ് ലിവർപൂളിന് അൽ ഇത്തിഹാദ് ഓഫർ ചെയ്തതെന്നാണ് സൂചന.
സലാഹിനുവേണ്ടി സൗദി പ്രോ ലീഗിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരിക്കുകയാണെന്ന് ലീഗ് ഡയറക്ടർ മൈക്കൽ എമെനാലോ വ്യക്തമാക്കി. ‘സലാഹ്, മെസ്സി, ബെൻസേമ, ക്രിസ്റ്റ്യാനോ തുടങ്ങിയ താരങ്ങളെയൊക്കെ ഏതു ലീഗ് അധികൃതരും തങ്ങളുടെ കൂട്ടത്തിലെത്തിക്കാൻ ശ്രമിക്കും. ചരിത്രമുറങ്ങുന്ന, അതിശയ ക്ലബായ ലിവർപൂളിന്റെ ഭാഗമാണിപ്പോൾ സലാഹ്. അതിനെ ഞങ്ങൾ അങ്ങേയറ്റം മാനിക്കുന്നു. അതിനിടയിൽ അദ്ദേഹത്തിനുമേൽ എന്തെങ്കിലും സമ്മർദമുയർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഏതെങ്കിലും തരത്തിലുള്ള താൽപര്യം സലാഹിന്റെ ഭാഗത്തുനിന്നുണ്ടായാൽ നിങ്ങൾ നിങ്ങളുടെ ലീഗിലെത്തിക്കാൻ ഏറെ ആഗ്രഹിക്കുന്ന കളിക്കാരനാണയാൾ’ - എമെനാലോ പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയിനും സൗദി പ്രോ ലീഗ് ഉന്നമിടുന്ന വമ്പൻ താരങ്ങളിൽ മുൻനിരയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.