സൗദി സൂപ്പർ കപ്പ്: വിജയക്കുതിപ്പ് തുടർന്ന് അൽ ഹിലാൽ; നാണംകെട്ട് കരിം ബെൻസേമയും സംഘവും
text_fieldsഅബൂദബി: സൗദി സൂപ്പർ കപ്പിൽ കരീം ബെൻസേമ നയിച്ച അൽ ഇത്തിഹാദിനെ നിലംപരിശാക്കി അൽ ഹിലാൽ. ബ്രസീലിയൻ ഫോർവേഡ് മാൽക്കം ഇരട്ട ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിനാണ് അൽ ഹിലാലിന്റെ വിജയഭേരി. തുടർച്ചയായ 34ാം മത്സരം ജയിച്ചുകയറിയ അൽ ഹിലാൽ കഴിഞ്ഞ 42 മത്സരങ്ങളിൽ പരാജയമറിയാതെ കുതിപ്പ് തുടരുകയാണ്. സൗദി പ്രോ ലീഗിൽ 12 പോയന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയാണവർ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും കിരീടപ്പോരിലുള്ള അവർ ഏപ്രിൽ 30ന് കിങ്സ് കപ്പ് സെമിഫൈനലിൽ അൽ ഹിലാലുമായി വീണ്ടും ഏറ്റുമുട്ടും.
അൽ ഹിലാലിന്റെ ആധിപത്യം കണ്ട മത്സരത്തിൽ അഞ്ചാം മിനിറ്റിൽ തന്നെ മാൽക്കം അവർക്കായി വലകുലുക്കി. സാലിഹ് അൽ ഷഹരിക്കൊപ്പം നടത്തിയ മുന്നേറ്റമാണ് ഗോളിലെത്തിയത്. എന്നാൽ, 21ാം മിനിറ്റിൽ അബ്ദുറസാഖ് ഹംദല്ലയിലൂടെ അൽ ഇത്തിഹാദ് തിരിച്ചടിച്ചു. ഹംദല്ലയെ ബോക്സിൽ വീഴ്ത്തിയതിന് അവർക്കനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് ഗോളിലേക്ക് നയിച്ചത്. ഹംദല്ലയുടെ കിക്ക് എതിർ ഗോൾകീപ്പർ യാസിൻ ബോനു തടഞ്ഞിട്ടെങ്കിലും റീ ബൗണ്ടിൽ താരത്തിന് പിഴച്ചില്ല.
ആദ്യ പകുതി അവസാനിക്കാനിരിക്കെ സലിം അൽ ദൗസരി അൽ ഹിലാലിനെ വീണ്ടും മുന്നിലെത്തിച്ചു. ഗോൾമുഖത്ത് കോട്ടകെട്ടിയ നിരവധി എതിർതാരങ്ങളെ കബളിപ്പിച്ചായിരുന്നു മനോഹര ഗോൾ. ലീഡ് വർധിപ്പിക്കാനുള്ള നിരന്തര മുന്നേറ്റങ്ങൾ 89ാം മിനിറ്റിൽ ലക്ഷ്യത്തിലെത്തി. മാൽക്കമിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ഗോൾകീപ്പർക്ക് അവസരമൊന്നും നൽകിയില്ല. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റിൽ റീബൗണ്ടിൽ നാസർ അൽ ദൗസരി അൽ ഹിലാലിന്റെ പട്ടിക പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.