ഫുൾമാർക്കുമായി ഡെന്മാർക് സെമിയിൽ; ചെക്കും ഷിക്കും തലയുയർത്തി നാട്ടിലേക്ക്
text_fieldsബാകു: വിസ്മയക്കുതിപ്പുമായി യൂറോകപ്പിന് എരിവേറ്റിയ ഡെന്മാർകും ചെക് റിപ്പബ്ലികും ഏറ്റുമുട്ടിയപ്പോൾ വിജയം ഡാനിഷ് പടക്കൊപ്പം. ക്രിസ്ത്യൻ എറിക്സന്റെ വീഴ്ചയും ആദ്യ രണ്ടുമത്സരങ്ങളിലെ തോൽവിയും അതിജീവിച്ച ഡെന്മാർകിന് വെംബ്ലിയിലേക്ക് സ്വപ്നതുല്യമായ സെമി പ്രവേശം.
ചെക് പട ഉയർത്തിയ കടുത്ത വെല്ലുവിളിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഡെന്മാർക് മടികടക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ തോമസ് ഡെലാനേയും 42ാം മിനിറ്റിൽ കാസ്പർ ഡോൽബെർഗും നേടിയ ഗോളുകളാണ് ഡാനിഷ് ടീമിനെ താങ്ങിനിർത്തിയത്. 49ാം മിനിറ്റിൽ നേടിയ മറുപടി ഗോളോടെ ചെക് പത്താം നമ്പർ പാട്രിക് ഷിക് യൂറോ ടോപ് സ്കോറർ പദവിയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്തി. ഇരുവരും അഞ്ചുഗോളുകളാണ് ടൂർണമെന്‍റിൽ കുറിച്ചത്.
നിർണായക മത്സരമായിട്ടും ഗോൾ വീഴുമെന്ന ആശങ്കകളില്ലാതെയാണ് ഇരു ടീമുകളും പന്തുതട്ടിയത്. മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ ഗ്രൗണ്ടിൽ ചെക് റിപ്പബ്ലിക് നിലയുറപ്പിക്കും മുേമ്പ ഡെന്മാർക്കിന്‍റെ ഗോളെത്തി. കോർണർ കിക്കിൽ മാർക്ക് ചെയ്യാതെ നിന്നിരുന്ന ഡെലനേ പന്ത് വലയിലെത്തിക്കുകയായിരുന്നു. ആസൂത്രിത മുന്നേറ്റങ്ങളിലൂടെ കളം പിടിച്ച ഡെന്മാർക്കിനെതിരെ മറുപടി ഗോളിനായി ചെക് ശ്രമം തുടങ്ങിയെങ്കിലും 42ാം മിനിറ്റിൽ ചങ്കുതുളച്ച് രണ്ടാം ഗോളുമെത്തി.
ജോക്വിം മെയ്ലിന്റെ ഉഗ്രൻ ക്രോസിന് കാൽവെച്ച കാസ്പർ ഡോള്‍ബർഗ് വലകുലുക്കുേമ്പാൾ നിസഹായതയോടെ നോക്കിനിൽക്കാനേ ചെക് ഗോൾകീപ്പർക്കായുള്ളൂ. ടൂർണമെന്‍റിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരകളിലൊന്നായ ചെക് ഭടൻമാർ രണ്ടുഗോൾ വഴങ്ങിയതിന്‍റെ ആഘാതത്തിലാണ് ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള അത്യുത്സാഹത്തോടെയാണ് ചെക് എത്തിയത്. നാലുമിനുറ്റുകൾക്കുള്ളിൽ തന്നെ അവരത് നേടുകയും ചെയ്തു. വ്ലാഡിമിർ കൗഫലിന്‍റെ വലത്തുനിന്നും താണുപാഞ്ഞ ക്രോസ് വിദഗ്ധമായി പോസ്റ്റിലെത്തിച്ച് ഷിക് പ്രതീക്ഷകൾ വാനോളമുയർത്തി. മത്സരം ചെക് പിടിക്കുമെന്ന് തോന്നിച്ച നിമിഷങ്ങളായിരുന്നു അത്. ഒപ്പമെത്താൻ കിണഞ്ഞുശ്രമിച്ച് ചെക്കും വിജയമുറപ്പിക്കാൻ ഡെന്മാർക്കും കിണഞ്ഞുശ്രമിച്ചെങ്കിലും പിന്നീട് ഗോളെന്നുമെത്തിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.