യൂറോ യോഗ്യത: സ്പെയിനിനെ അട്ടിമറിച്ച് സ്കോട്‍ലൻഡ്; ഭൂകമ്പത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി
text_fieldsയൂറോ യോഗ്യത തേടിയുള്ള യാത്രയിൽ കരുത്തരായ സ്പെയിനിനെതിരെ വമ്പൻ അട്ടിമറിയുമായി സ്കോട്‍ലൻഡ്. ഇരു പകുതികളിലായി മക് ടോമിനായ് രണ്ടുവട്ടം വല കുലുക്കിയാണ് സ്കോട്‍ലൻഡ് കാത്തിരുന്ന ജയം സമ്മാനിച്ചത്. 39 വർഷത്തിനിടെ സ്പെയിനിനെതിരെ ആദ്യ ജയം കുറിച്ച ടീം ഇതോടെ നോർവേ, സൈപ്രസ് ടീമുകൾ കൂടി ഉൾപ്പെടുന്ന ഗ്രൂപിൽ ഒന്നാം സ്ഥാനവുമായി യൂറോ യോഗ്യതക്ക് ഏറെ അരികിലെത്തി.
കഴിഞ്ഞ ദിവസം നോർവെയെ കാൽഡസൻ ഗോളുകൾക്ക് മുക്കിയ സ്പെയിൻ എട്ടു മാറ്റങ്ങളുമായാണ് കളി തുടങ്ങിയത്. എന്നാൽ,
ആദ്യാവസാനം മികച്ച പ്രകടനവുമായി എതിരാളികളെ നിഷ്പ്രഭമാക്കിയ സ്കോട്‍ലൻഡ് ഹാംപ്ഡെൻ പാർകിനെ ആവേശത്തിലാഴ്ത്തി ഏഴാം മിനിറ്റിൽ വല കുലുക്കി വരവറിയിച്ചു. തിരിച്ചടിക്കാൻ എതിരാളികൾ നടത്തിയ ശ്രമങ്ങളെ കരുത്തോടെ പ്രതിരോധിച്ചുനിന്ന ടീം രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ഗോളുമായി പട്ടിക തികച്ചു.
രണ്ടാമത്തെ മത്സരത്തിൽ ക്രൊയേഷ്യക്കു മുന്നിലായിരുന്നു തുർക്കിയുടെ തോൽവി. അരലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത മഹാഭൂകമ്പത്തിനു ശേഷം ആദ്യമായി ഇറങ്ങിയ തുർക്കിക്കെതിരെ ക്രൊയേഷ്യക്കായി മാറ്റിയോ കൊവാസിച് ആയിരുന്നു രണ്ടുവട്ടം വല കുലുക്കിയത്. ഒരിക്കൽ ക്ലോസ് റേഞ്ച് ഷോട്ടിലും പിന്നീട് റീബൗണ്ടിലുമായിരുന്നു കൊവാസിച്ചിന്റെ ഗോളുകൾ. തുടക്കത്തിൽ മികച്ച കളിയുമായി മൈതാനം നിറഞ്ഞ തുർക്കി കരീം അക്തർകൊഗ്‍ലുവിലൂടെ സ്കോർബോർഡ് തുറന്നുവെന്ന് തോന്നിച്ചെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. ഗ്രൂപ് ഡിയിൽ വെയിൽസിനൊപ്പം രണ്ടാം സ്ഥാനത്താണ് ക്രൊയേഷ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.