കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി
text_fieldsഭുവനേശ്വർ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം തോൽവി. ഒഡിഷ എഫ്.സിയോടാണ് കൊമ്പന്മാർ 2-1ന് കൊമ്പുകുത്തിയത്. ആദ്യ കളിയിൽ ഈസ്റ്റ് ബംഗാളിനെ 3-1ന് തോൽപിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ എ.ടി.കെ മോഹൻ ബഗാനോട് 5-2ന് തോറ്റിരുന്നു.
കലിംഗ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ കീഴടങ്ങൽ. 35ാം മിനിറ്റിൽ ഹർമൻജോത് സിങ് ഖബ്രയുടെ ഹെഡർ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. ഇടവേളക്കുശേഷം ജെറി മാവിമിൻഗ്താൻഗയിലൂടെ (54) സമനില പിടിച്ച ഒഡിഷക്കാർ നിശ്ചിത സമയത്തിന് മിനിറ്റുകൾ മാത്രം ബാക്കിയിരിക്കെ പകരക്കാരൻ പെഡ്രോ മാർട്ടിനിലൂടെ (86) ജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ആധിപത്യം പുലർത്തിയ ഒഡിഷ ബ്ലാസ്റ്റേഴ്സിനെ സ്വാഭാവിക ആക്രമണ കളി പുറത്തെടുക്കാൻ അനുവദിച്ചില്ല. ഒഡിഷ 16 ഷോട്ടുകൾ തൊടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായത് നാലു ഷോട്ടുകൾ മാത്രം.
മൂന്നു കളികളിൽ ആറു പോയന്റുമായി ഒഡിഷ മൂന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ ബ്ലാസ്റ്റേഴ്സ് മൂന്നു പോയന്റുമായി ഒമ്പതാമതാണ്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കളിയില്ല. വ്യാഴാഴ്ച ഒഡിഷ ബംഗളൂരുവിനെ നേരിടും. ബ്ലാസ്റ്റേഴ്സിന് വെള്ളിയാഴ്ച കൊച്ചിയിൽ മുംബൈക്കെതിരെയാണ് അടുത്ത കളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.