വർഷങ്ങളായി എ.എസ്. റോമ പരിശീലിച്ചത് ബോംബുകൾക്കു മുകളിൽ; ഞെട്ടലോടെ ടീമംഗങ്ങൾ
text_fieldsറോം: മഹാദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതിെൻറ ഞെട്ടലിലാണ് എ.എസ്. റോമ. ട്രിഗോറിയയിലെ പരിശീലന കേന്ദ്രത്തിൽ പതിറ്റാണ്ടുകളായി കളിക്കാരും ജീവനക്കാരും ഇടപെട്ടിരുന്നത് ഭൂമിക്കടിയിൽ ഒളിപ്പിച്ച ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബുകൾക്കു മീതെയായിരുന്നുവെന്ന് അവരറിഞ്ഞത് കഴിഞ്ഞ ദിവസമാണ്. ക്ലബിെൻറ പ്രധാന പരിശീലനകേന്ദ്രത്തിൽ പുതിയ ടർഫ് ഒരുക്കുന്നതിനുള്ള ജോലിക്കിടെ ഞായറാഴ്ചയാണ് ഒളിഞ്ഞുകിടന്ന ആ ദുരന്തം തിരിച്ചറിഞ്ഞത്.
തൊഴിലാളികൾ പിച്ചിനായി കുഴിയെടുക്കുേമ്പാൾ ഇരുമ്പുപൈപ്പുകൾപോലെയുള്ള വസ്തുവിൽ തട്ടിയതോടെയാണ് അവർ ശ്രദ്ധിക്കുന്നത്. വിശദമായി പരിശോധിച്ചപ്പോൾ അസ്വാഭാവികത തോന്നി. ബോംബാണെന്ന് മനസ്സിലായതോടെ കൂടുതൽ പേരുടെ സഹായംതേടി -തൊഴിലാളികളിൽ ഒരാൾ പ്രാദേശിക ഇറ്റാലിയൻ പത്രത്തോട് വെളിപ്പെടുത്തി. തൊട്ടുപിന്നാലെ കളി മാറി. ഇറ്റാലിയൻ സൈന്യവും ബോംബ് സ്ക്വാഡും കുതിച്ചെത്തി പ്രദേശം വളഞ്ഞു. വിശദമായ പരിശോധനയിൽ രണ്ടാം ലോകയുദ്ധകാലത്തെ 20 ബോംബുകളാണ് ഇവിടെനിന്നു കണ്ടെടുത്തത്.
യുദ്ധ സമയത്ത് സൈന്യം ഉപേക്ഷിച്ചതാണ് ഇവ. മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും സ്ഫോടകശേഷിയോടെ സജീവമായിരുന്ന ബോംബുകൾ വിദഗ്ധ സംഘം നിർവീര്യമാക്കി. സ്ഥലത്തെ പരിശീലനമെല്ലാം നിർത്തിവെച്ചു. മണ്ണിനടിയിൽ കൂടുതൽ ബോംബുകൾ ഉണ്ടോ എന്നറിയാൻ പരിശോധന ആരംഭിച്ചിരിക്കുകയാണിപ്പോൾ. ഇറ്റാലിയൻ സൈന്യത്തിന് നന്ദിയർപ്പിച്ച് എ.എസ്. റോമ രംഗത്തെത്തി. ഞായറാഴ്ച സീരി 'എ'യിൽ നാപോളിയെ നേരിടും മുമ്പായിരുന്നു ബോംബുകൾ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.