ദുരന്തനായകനിൽനിന്ന് രക്ഷകനായി മാനെ; ആഫ്രിക്കൻ നേഷൻസ് കപ്പിൽ സെനഗാൾ മുത്തം
text_fieldsയൗണ്ടെ (കാമറൂൺ): ലിവർപൂളിന്റെ സൂപ്പർതാരങ്ങളായ മുഹമ്മദ് സലാഹും സാദിയോ മാനെയും തമ്മിലുള്ള പോരെന്ന് വിശേഷിപ്പിക്കപ്പെട്ട ആഫ്രിക്കൻ നേഷൻസ് കപ്പിൽ അവസാന ചിരി സെനഗാളുകാരന്റേത്. ഷൂട്ടൗട്ടിലേക്കു നീണ്ട കളിയിൽ മാനെയുടെ അവസാന കിക്കിൽ സെനഗാൾ കിരീടത്തിലേക്കു കുതിച്ചപ്പോൾ കിക്കെടുക്കാൻ അവസരം ലഭിക്കാതെ സലാഹ് കണ്ണീരിലമർന്നു.
ഫൈനലിൽ ഈജിപ്തിനെ ഷൂട്ടൗട്ടിൽ 4-2 (നിശ്ചിത സമയത്ത് 0-0) കീഴടക്കിയാണ് സെനഗാൾ വൻകര ടൂർണമെന്റിൽ കന്നിക്കിരീടം സ്വന്തമാക്കിയത്. ആദ്യ കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചശേഷം സെനഗാൾ വീണ്ടും ലക്ഷ്യം കണ്ടപ്പോൾ ഈജിപ്തിന് പിഴച്ചു. ഇതോടെ രണ്ടു വീതം കിക്കുകൾ കഴിഞ്ഞപ്പോൾ സെനഗാൾ 2-1ന് മുന്നിൽ.
മൂന്നാം കിക്ക് സെനഗാൾ പാഴാക്കിയശേഷം ഈജിപ്ത് ലക്ഷ്യംകണ്ടതോടെ സ്കോർ തുല്യം (3-3). നാലാം കിക്ക് സെനഗാൾ വലയിലെത്തിച്ചപ്പോൾ ഈജിപ്തിന് പിഴച്ചു. ഇതോടെ 3-2ന് മുന്നിലെത്തിയ സെനഗാളിനായി അവസാന കിക്ക് മാനെ ഗോളിലെത്തിച്ചതോടെ 4-2 ലീഡിൽ കിരീടമുറപ്പായി. ഇതോടെ ഈജിപ്തിന്റെ അവസാന കിക്ക് എടുക്കാൻ നിയോഗിക്കപ്പെട്ട സലാഹിന് അവസരം ലഭിച്ചില്ല.
നിശ്ചിതസമയത്ത് ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി പാഴാക്കിയ മാനെ ദുരന്തനായകനാവേണ്ടതായിരുന്നു. എന്നാൽ, ഷൂട്ടൗട്ടിൽ മനസ്സാന്നിധ്യത്തോടെ കിക്ക് ലക്ഷ്യത്തിലെത്തിച്ച് മാനെ നായകനായി. മൂന്നു ഗോളും രണ്ടു അസിസ്റ്റുമായി ടീമിന്റെ നെടുന്തൂണായി നിലകൊണ്ട മാനെ തന്നെയാണ് ടൂർണമെന്റിന്റെ താരവും.
സെനഗാളിന്റെ എഡ്വേഡ് മെൻഡിയാണ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർ. എട്ടു ഗോളടിച്ച കാമറൂണിന്റെ വിൻസെന്റ് അബൂബക്കറാണ് ടോപ്സ്കോറർക്കുള്ള സുവർണപാദുകം സ്വന്തമാക്കിയത്. മുമ്പ് രണ്ടു തവണ ഫൈനൽ കളിച്ച സെനഗാളിന് നേഷൻസ് കപ്പിന്റെ 33-ാം പതിപ്പിലാണ് കിരീട ഭാഗ്യമുണ്ടായത്. കഴിഞ്ഞതവണ ഫൈനലിൽ അൽജീരിയയോട് തോറ്റ സെനഗാളിന് തൊട്ടടുത്ത വട്ടംതന്നെ കിരീടം നേടാനായത് മധുരതരമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.