പ്രിമിയർ ലീഗിൽ അഗ്യൂറോ ഗോളടിച്ചു, 14 മാസത്തിനു ശേഷം; കിരീടത്തിലേക്ക് സിറ്റി അതിവേഗം ബഹുദൂരം
text_fieldsലണ്ടൻ: പ്രിമിയർ ലീഗിൽ 2020 ജനുവരിയിൽ അടിച്ചുമറന്ന ഗോൾ പിന്നെയും കണ്ടെത്തി അർജന്‍റീന താരം സെർജിയോ അഗ്യൂറോ. ലീഗിൽ സ്വന്തം ടീം കിരീടത്തിലേക്ക് അഞ്ചു ജയം മാത്രം അകലെയായിട്ടും തന്‍റെ ഇടം സന്ദിഗ്ധാവസ്ഥയിലായ ഘട്ടത്തിലാണ് ഫുൾഹാമിനെതിരെ മനോഹര ഗോളുമായി അഗ്യൂറോ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സൂചന നൽകിയത്. രണ്ടാം പകുതിയിൽ പിറന്ന മൂന്നു ഗോളുകൾക്ക് ഏകപക്ഷീയമായ ജയം സ്വന്തമാക്കിയ സിറ്റി ഇതോടെ പ്രിമിയർ ലീഗ് പോയിന്‍റ് പട്ടികയിൽ 17 പോയിന്‍റിന്‍റെ അഭേദ്യ ലീഡിലെത്തി.
47ാം മിനിറ്റിൽ ജൊആവോ കാൻസലോ എടുത്ത ഫ്രീകിക്ക് ടാപ് ചെയ്ത് ജോൺ സ്റ്റോൺസ് ആണ് ഗോളടിമേളം തുടങ്ങിയത്. ഫുൾഹാം പ്രതിരോധത്തിലെ പിഴവ് ഗോളാക്കി ഗബ്രിയേൽ ജീസസ് ലീഡുയർത്തി. ഫെറാൻ ടോറസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് അഗ്യൂറോ പട്ടിക തികച്ചു.
നീണ്ട ഇടവേളക്കു ശേഷം പ്രതിരോധത്തിൽ മൂന്നുപേരെയും മുന്നേറ്റത്തിൽ ജീസസ്- അഗ്യൂറോ േജാഡിയെ നിയോഗിച്ച് പെപ് ഗാർഡിയോള നടത്തിയ പരീക്ഷണം ആദ്യ പകുതിയിൽ പാളിയെന്നു തോന്നിച്ചെങ്കിലും എല്ലാം മാറ്റിമറിച്ച് രണ്ടാം പകുതിയിൽ തുടർച്ചയായ ഗോളുകൾ കുറിച്ചാണ് സിറ്റി വിജയം കൊണ്ടുപോയത്. ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഹിനെതിരെ കളിക്കും മുമ്പ് സ്വന്ത ലീഗിൽ നേടിയ ആധികാരിക വിജയം സിറ്റിക്ക് കരുത്തുനൽകും.
മറ്റു മത്സരങ്ങളിൽ ക്രിസ്റ്റൽ പാലസ് ഏകപക്ഷീയമായ ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് വെസ്റ്റ് ബ്രോമിനെയും 2-1ന് ബേൺലി എവർടണിനെയും തോൽപിച്ചപ്പോൾ ചെൽസി- ലീഡ്സ് മത്സരം സമനിലയിൽ കലാശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.