18 വർഷത്തിന് ശേഷം റാമോസ് സെവിയ്യയിൽ; ഇന്ന് കരാർ ഒപ്പിട്ടേക്കും
text_fieldsമാഡ്രിഡ്: പി.എസ്.ജിയുടെ സെൻറർ ബാക്കായിരുന്ന സ്പാനിഷ് സൂപ്പർതാരം സെർജിയോ റാമോസ് ഒടുവിൽ സെവിയ്യയിലേക്ക് തന്നെ മടങ്ങി. സ്പാനിഷ് ക്ലബുമായി കരാർ ഒപ്പിടാൻ അദ്ദേഹം സെവിയ്യയിലെത്തി. തിങ്കളാഴ്ച കരാർ ഒപ്പിട്ടേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂണിൽ പി.എസ്.ജിയുമായി പിരിഞ്ഞ റാമോസ് നിലവിൽ ഫ്രീ ഏജന്റാണ്. സൗദിയുടെ അല്‍ ഇത്തിഹാദ് അടക്കമുള്ള ക്ലബുകൾ റാമോസിനായി രംഗത്തുണ്ടായിരുന്നെങ്കിലും സ്പെയിനിലേക്ക് തന്നെ മടങ്ങിപോകാനാണ് റാമോസിന്റെ തീരുമാനം. സെവിയ്യയുടെ യൂത്ത് അക്കാദമിയിൽ വളർന്നുവന്ന താരം 18 വർഷത്തിന് ശേഷമാണ് പഴയതട്ടകത്തിലേക്ക് മടങ്ങുന്നത്.
1996 മുതൽ സെവിയ്യയുടെ താരമായിരുന്ന റാമോസ് 2005ലാണ് റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നത്. 2021 വരെ 16 വർഷത്തോളം റയലിന്റെ സൂപ്പർ ബാക്കായി നിറഞ്ഞു നിന്നു. പിന്നീട് പി.എസ്.ജിയിലെത്തുകയും ഈ വർഷം ജൂണോടെ പി.എസ്.ജിയുമായി പിരിയുകയുമായിരുന്നു. ഫ്രീ ഏജന്റായ ശേഷം സൗദി ക്ലബിന് പുറമെ ടർക്കിഷ് ക്ലബുകളും എം.എൽ.എസ് ക്ലബുകളും 37 കാരനായി രംഗത്തുവന്നിരുന്നു.
"കളിക്കാൻ ഇവിടെ തിരിച്ചെത്താതെ മറ്റെവിടെയെങ്കിലും പോകുന്നത് അർത്ഥശൂന്യമാണ്. ഇത് എന്റെ മുത്തച്ഛനും, എന്റെ പിതാവിനും, അന്റോണിയോ പ്യൂർട്ടക്കും വേണ്ടി. സമയമായെന്ന് ഞാൻ കരുതുന്നു. ബാക്കി പിന്നീട് ." സെവിയ്യയിൽ എത്തിയശേഷം സെർജിയോ റാമോസ് നടത്തിയ ആദ്യ പ്രതികരണമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.