‘കോച്ചിന് തന്നെ വേണ്ട’- രാജ്യാന്തര ഫുട്ബാളിൽ വിടവാങ്ങൽ പ്രഖ്യാപിച്ച് സ്പാനിഷ് ഇതിഹാസം റാമോസ്
text_fieldsസ്പാനിഷ് പ്രതിരോധത്തിൽ ഏറെയായി പകരക്കാരനില്ലാത്ത സാന്നിധ്യമാണ് സെർജിയോ റാമോസ്. എണ്ണമറ്റ വിജയങ്ങളിലേക്ക് ടീമിനെ നയിച്ച അസാധ്യസ്പർശമുള്ള കാലുകളുടെ ഉടമ. ഇപ്പോഴും പി.എസ്.ജി പിൻനിരയിലെ പ്രമുഖൻ. എന്നാൽ, തന്നെ ഇനി വേണ്ടെന്ന് പുതുതായി ചുമതലയേറ്റ കോച്ച് പ്രഖ്യാപിച്ചതോടെ രാജ്യാന്തര ഫുട്ബാളിൽനിന്ന് അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ച് സ്പാനിഷ് താരം സെർജിയോ റാമോസ്. കളി നിർത്തുന്നതായി അറിയിച്ച് വിശദമായ കുറിപ്പും 36കാരൻ സമൂഹ മാധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.
‘‘ഇന്നു രാവിലെ നിലവിലെ പരിശീലകൻ എന്നെ വിളിച്ചിരുന്നു. പുതുതായി വാർത്തെടുക്കാനുദ്ദേശിക്കുന്ന ടീമിൽ തനിക്ക് ഇടമില്ലെന്നായിരുന്നു അറിയിപ്പ്. ഈ യാത്ര ഞാൻ തന്നെ തീരുമാനിച്ച് അവസാനിപ്പിക്കേണ്ടിയിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു. പ്രായത്തിന്റെ പ്രശ്നം പറഞ്ഞാകരുതെന്നും. മെസ്സി, മോഡ്രിച്ച്, പെപ്പെ തുടങ്ങിയ കളിക്കാരോട് അസൂയയവും ആദരവും തോന്നുകയാണ്. കാര്യങ്ങൾ അതുപോലാകില്ല എനിക്ക്’’- താരം പുറത്തുവിട്ട കുറിപ്പ് പറയുന്നു.
‘‘സമയമെത്തിയിരിക്കുന്നു. ദേശീയ ടീമിനോട്- എെന്റ സ്വന്തം റോയയോട് വിട പറയാൻ. ഇന്ന് രാവിലെയാണ് ഇനി മേലിൽ എന്നെ വേണ്ടെന്നറിയിച്ച് പുതിയ കോച്ച് വിളിച്ചത്. ഇപ്പോഴത്തെ എന്റെ നിലവാരമോ ഞാൻ കരിയർ തുടരുന്നുണ്ടെന്നതോ പരിഗണിക്കാതെയായിരുന്നു അറിയിപ്പ്.
ഏറെ വേദനയോടെയാണ്, എന്നാലും കൂടുതൽ നീണ്ടുനിൽക്കുമെന്ന് കരുതിയ കരിയറിന് ഇവിടെ അവസാനമാകുകയാണ്. അതും ദേശീയ ടീമിനൊപ്പം കുറിച്ച വലിയ വിജയങ്ങളെ ഒന്നുമല്ലാതാക്കി നാവിൽ അൽപം കയ്പുള്ള അനുഭവവുമായി.
വ്യക്തിഗതമായി ഞാൻ തന്നെ തീരുമാനമെടുത്തുവേണം ഈ കരിയർ അവസാനിക്കണമെന്നാണ് വിനയപൂർവം വിശ്വസിക്കുന്നു. നമ്മുടെ ദേശീയ ടീം അർഹിക്കുന്ന നിലവാരം ഇപ്പോൾ എന്റെ പ്രകടനത്തിനില്ലാതിരിക്കാം. പ്രായമോ മറ്റേതെങ്കിലും കാരണങ്ങളോ ആകില്ല.
ഇളമുറക്കാരാവുകയെന്നത് മാത്രം ഒരു മേന്മയോ വീഴ്ചയോ ആകുന്നില്ല. താത്കാലികമായ ഒരു അവസ്ഥ മാത്രം. അതുകൊണ്ടു മാത്രം പ്രകടന മികവ് ഉറപ്പാക്കാനുമാകില്ല. മോഡ്രിച്, മെസ്സി, പെപ്പെ... ഇവരെയെല്ലാം ഞാൻ അസൂയയോടും ആദരത്തോടും കൂടിയാണ് നോക്കിക്കാണുന്നത്. എന്നാൽ, എന്റെ കാര്യത്തിൽ അതൊന്നുമുണ്ടാകില്ല. കാരണം, ഫുട്ബാൾ എന്നും ന്യായയുക്തമല്ല, ഫുട്ബാൾ എന്നും നീതിപൂർണമായ ഫുട്ബാളല്ല.
ഈ കാരണങ്ങൾകൊണ്ടെല്ലാം വ്യസനത്തോടെ ഈ വിവരം ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ്. എന്നാൽ, തലയുയർത്തിപ്പിടിച്ചും ഈ വർഷങ്ങളത്രയും നിറഞ്ഞുനിന്നതിന് നന്ദിയോതിയുമാണ് വിട പറയുന്നത്.
ഈ നേട്ടങ്ങൾ, ഈ ജഴ്സി, ഈ ആരാധക വൃന്ദം.. ഇതെല്ലാം എന്നെ അതിയായി സന്തോഷിപ്പിക്കുന്നു’’- വിശദമായ കുറിപ്പ് ഇങ്ങനെ പോകുന്നു.
180 തവണ രാജ്യത്തെ പ്രതിനിധാനം ചെയ്ത താരം ഒരു വട്ടം ലോകകിരീടവും രണ്ടു വട്ടം യൂറോ ചാമ്പ്യൻഷിപ്പും സ്വന്തമാക്കിയിട്ടുണ്ട്. പ്രതിരോധത്തിലിറങ്ങി 23 ഗോളുകളും നേടി.
ലോകകപ്പ് പരാജയത്തോടെ പടിയിറങ്ങിയ ലൂയിസ് എന്റിക്വെയുടെ പകരക്കാരനായി ഡി ല ഫുവന്റെ കഴിഞ്ഞ ഡിസംബറിലാണ് ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.