മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി; പരിക്കേറ്റ ഗോൾകീപ്പർ എഡേഴ്സൺ പുറത്ത്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരായ നിർണായക പോരാട്ടത്തിനിടെ തുടക്ക് പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പർ എഡേഴ്സണ് ഒരു മാസത്തെ വിശ്രമം. 49ാം മിനിറ്റിൽ ഡാർവിൻ നൂനസിന്റെ ഗോൾശ്രമം തടയുന്നതിനിടെയാണ് എഡേഴ്സണ് പരിക്കേറ്റത്.
എഡേഴ്സന്റെ ഫൗളിൽ നൂനസ് തെറിച്ചുവീണപ്പോൾ റഫറി പെനാൽറ്റിയിലേക്ക് വിസിലൂതുകയും അലക്സിസ് മാക് അലിസ്റ്റർ പന്ത് വലയിലെത്തിച്ച് ലിവർപൂളിന് സമനില സമ്മാനിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ വേദന കാരണം എഡേഴ്സൺ കളം വിട്ടിരുന്നു. സ്റ്റെഫാൻ ഒർട്ടേഗയാണ് ശേഷം വല കാക്കാനെത്തിയത്.
പരിക്കേറ്റ എഡേഴ്സണ് ലീഗിൽ ഒന്നാമതുള്ള ആഴ്സണലുമായി മാർച്ച് 31ന് നടക്കുന്ന നിർണായക പോരാട്ടമടക്കം നഷ്ടമാകും. ശനിയാഴ്ച ന്യൂകാസിലിനെതിരായ എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലും ബുധനാഴ്ച ആസ്റ്റൻ വില്ലക്കെതിരായ മത്സരത്തിലും 30കാരന് ഇറങ്ങാനാവില്ല.
ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 64 പോയന്റുള്ള ആഴ്സണലാണ് ഒന്നാമത്. അത്രയും പോയന്റുള്ള ലിവർപൂൾ ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 63 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.