ഏഴ് ഗോൾ ത്രില്ലർ; വിജയക്കുതിപ്പ് തുടർന്ന് ആഴ്സണൽ
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് ആഴ്സണൽ. ഏഴ് ഗോൾ ത്രില്ലറിൽ ല്യൂട്ടൺ ടൗണിനെതിരെ 4-3നാണ് ഗണ്ണേഴ്സിന്റെ വിജയം. കളി അവസാനിക്കാനിരിക്കെ ഇഞ്ചുറി ടൈമിന്റെ ഏഴാം മിനിറ്റിൽ ഡെക്ലാൻ റൈസ് നേടിയ ഗോളാണ് സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ വിജയം സമ്മാനിച്ചത്. ജയത്തോടെ 36 പോയന്റായ ആഴ്സണൽ ഒന്നാം സ്ഥാനത്തെ ലീഡ് അഞ്ചായി ഉയർത്തി. ഒരു മത്സരം കുറച്ചു കളിച്ച് 31 പോയന്റുള്ള ലിവർപൂൾ രണ്ടാമതും 30 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റി മൂന്നാമതുമാണ്.
ബുകായോ സാക, ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി ത്രയത്തെ മുൻനിരയിൽ വിന്യസിച്ചാണ് മൈക്കൽ ആർടേറ്റ ടീമിനെ ഇറക്കിയത്. 20ാം മിനിറ്റിൽ സാകയുടെ മനോഹര പാസിൽ മാർട്ടിനെല്ലിയാണ് ഗോളടിക്ക് തുടക്കമിട്ടത്. വലതുവിങ്ങിലൂടെ മുന്നേറിയ സാക രണ്ട് പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് മാർക്ക് ചെയ്യാതെ നിന്നിരുന്ന മാർട്ടിനെല്ലിക്ക് പന്തെത്തിക്കുകയായിരുന്നു. എതിർ താരം ഓടിയെത്തിയപ്പോഴേക്കും പന്ത് വലയിലേക്കടിച്ചുകഴിഞ്ഞിരുന്നു. എന്നാൽ, അഞ്ച് മിനിറ്റിനകം ഗബ്രിയേൽ ഓഷോയിലൂടെ ല്യൂട്ടൺ തിരിച്ചടിച്ചു. ആൽഫി ഡോട്ടി എടുത്ത ഫ്രീകിക്ക് തകർപ്പൻ ഹെഡറിലൂടെ ഗോളിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 32ാം മിനിറ്റിൽ മാർട്ടിനെല്ലി വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ല്യൂട്ടൻ ഗോൾകീപ്പറുടെ ടോപ്ക്ലാസ് സേവ് തടസ്സമായി. ഏഴ് മിനിറ്റിനകം ബുകായോ സാകയുടെ വലതുവിങ്ങിൽനിന്നുള്ള ഉശിരൻ ഇടങ്കാലൻ ഷോട്ടും ഗോൾകീപ്പറുടെ മെയ്‍വഴക്കത്തിന് മുന്നിൽ നിഷ്ഫലമായി. എന്നാൽ, ഒന്നാം പകുതിക്ക് പിരിയാനിരിക്കെ ആഴ്സണൽ അർഹിച്ച ലീഡ് നേടി. വലതുവിങ്ങിൽനിന്ന് ബെൻ വൈറ്റ് നൽകിയ ക്രോസ് ഉയർന്നുചാടി ഗബ്രിയേൽ ജീസസ് ഹെഡറിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനകം ല്യൂട്ടൺ തിരിച്ചടിച്ചു. ഇത്തവണയും ഗോളിലേക്ക് നയിച്ചത് ഡോട്ടി എടുത്ത കോർണർ കിക്കായിരുന്നു. ഇത്തവണ ഹെഡ് ചെയ്ത് ലക്ഷ്യത്തിലെത്തിച്ചത് അഡെബായോ ആയിരുന്നു. 57ാം മിനിറ്റിൽ ഗണ്ണേഴ്സിനെ ഞെട്ടിച്ച് ല്യൂട്ടൺ ലീഡും പിടിച്ചു. ടൗൺസെൻഡ് നൽകിയ പാസ് കരുത്തുറ്റ ഇടങ്കാലൻ ഷോട്ടിലൂടെ ബാർക്‍ലീ പോസ്റ്റിനുള്ളിൽ കയറ്റുകയായിരുന്നു. എന്നാൽ, മൂന്ന് മിനിറ്റിനകം ആഴ്സണലിന് ആശ്വാസ ഗോളെത്തി. എതിർ പ്രതിരോധ താരത്തിന്റെ പൂട്ട്പൊട്ടിച്ച് ഗബ്രിയേൽ ജീസസ് നൽകിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ദൗത്യമേ കായ് ഹാവെർട്സിന് ഉണ്ടായിരുന്നുള്ളൂ. 86ാം മിനിറ്റിൽ ഹാവെർട്സ് രണ്ടാം ഗോളിന് അടുത്തെത്തിയെങ്കിലും താരത്തിന്റെ ഹെഡർ ഗോൾകീപ്പർ ഉയർന്നുചാടി കുത്തിയകറ്റി. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആഴ്സണലിന്റെ വിജയഗോൾ എത്തുന്നത്. മാർട്ടിൻ ഒഡേഗാർഡ് ഉയർത്തി നൽകിയ പന്ത് ഡെക്ലാൻ റൈസ് തകർപ്പൻ ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു. ഇതോടെ വിലപ്പെട്ട മൂന്ന് പോയന്റും ആഴ്സണൽ സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.