സെവൻസിൽ റഫറിമാർക്ക് പ്രായപരിധി, വിദേശ കളിക്കാരുടെ എണ്ണം ചുരുക്കും
text_fieldsപാലക്കാട്: സെവൻസ് ഫുട്ബാൾ മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിമാരുടെ പ്രായപരിധി 55 ആയി നിജപ്പെടുത്താൻ ധാരണ. 55ന് മുകളിൽ പ്രായമുള്ളവരെ മാറ്റിനിർത്തും. ടൂർണമെന്റുകൾക്ക് റഫറിമാരുടെ പാനൽ സെവൻസ് ഫുട്ബാൾ അസോസിയേഷൻ തയാറാക്കും.
ഒരു ടീമിൽ ഉൾപ്പെടുത്താവുന്ന വിദേശ കളിക്കാരുടെ എണ്ണം എട്ടിൽനിന്ന് ആറാക്കി ചുരുക്കാൻ കരട് നിയമാവലിയിൽ നിർദേശമുണ്ട്. പ്രാദേശിക കളിക്കാർക്ക് കൂടുതൽ അവസരം ഉറപ്പുവരുത്തുന്നതിനാണിത്. പരമാവധി മൂന്ന് വിദേശ താരങ്ങളേ ഒരേസമയം കളിക്കാവൂ.
സംസ്ഥാനത്ത് സെവൻസ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത 73 ടൂർണമെന്റ് കമ്മിറ്റികളുണ്ട്. കഴിഞ്ഞ വർഷം 37 ടൂർണമെന്റുകളേ നടന്നിരുന്നുള്ളൂ. ഈ വർഷം 45നും 50നും ഇടയിൽ ടൂർണമെന്റ് ഉണ്ടാകുമെന്നാണ് സൂചന. മലപ്പുറം -24, തൃശൂർ -ഒമ്പത്, പാലക്കാട് -10, കോഴിക്കോട്/വയനാട് -എട്ട്, കണ്ണൂർ -എട്ട്, കാസർകോട് -എട്ട്, എറണാകുളം -മൂന്ന്, കൊല്ലം, കോട്ടയം, ഇടുക്കി -ഒന്നുവീതം എന്നിങ്ങനെയാണ് ടൂർണമെന്റ് കമ്മിറ്റികളുള്ളത്.
അസോസിയേഷൻ നേരിട്ടു സംഘടിപ്പിക്കുന്ന സ്റ്റേറ്റ് ക്ലബ് ഫുട്ബാൾ പുനരാരംഭിക്കാൻ ആലോചനയുണ്ട്. രജിസ്റ്റർ ചെയ്ത 31 ക്ലബുകളും അഞ്ച് പ്രാദേശിക ക്ലബുകളുമാണ് ടൂർണമെന്റുകളിൽ മാറ്റുരക്കുക. വയനാട്, കാസർകോട് ജില്ലകളിൽനിന്നുള്ള അഞ്ച് പ്രാദേശിക ക്ലബ് ടീമുകൾ അതത് ജില്ലകളിൽ മാത്രമേ കളിക്കൂ. മറ്റുള്ളവ എല്ലാ ജില്ലകളിലും ഇറങ്ങും. ഒരു ടൂർണമെന്റിൽ കുറഞ്ഞത് 20 ടീമുകൾ വേണമെന്ന് കരട് നിയമാവലിയിൽ നിഷ്കർഷയുണ്ട്.
നേരത്തേ ഇത് 16 ആയിരുന്നു. ഒക്ടോബറിൽ ജില്ല സമ്മേളനങ്ങൾ പൂർത്തിയാക്കും. ജില്ലകളിൽനിന്ന് ഉയർന്നുവരുന്ന നിർദേശങ്ങൾ ക്രോഡീകരിച്ച് നവംബർ ആറിന് കാസർകോട് ചേരുന്ന സംസ്ഥാന സമ്മേളനം അന്തിമ നിയമാവലിക്ക് രൂപം നൽകുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. ലെനിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.