ലൈംഗിക പീഡനക്കേസ്: ബ്രസീലിയന്‍ താരം ഡാനി ആല്‍വസിന്‍റെ ജാമ്യാപേക്ഷ സ്പാനിഷ് കോടതി തള്ളി
text_fieldsലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പർ താരം ഡാനി ആല്‍വസിന്‍റെ ജാമ്യാപേക്ഷ സ്പാനിഷ് കോടതി തള്ളി. ജാമ്യം ലഭിച്ചാൽ രാജ്യം വിടാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ അന്വേഷണം അവസാനിക്കുന്നതുവരെ ജയിലില്‍ കഴിയണമെന്നും കോടതി വിധിച്ചു.
ജാമ്യം ലഭിച്ചാല്‍ പാസ്‌പോര്‍ട്ട് ഹാജരാക്കാമെന്നും ഇലക്ട്രോണിക് ട്രാക്കിങ് ഉപകരണം ധരിക്കാൻ താരം തയ്യാറാണെന്നും ആൽവസിന്‍റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി ഇത് നിരസിച്ചു. സ്പെയിനില്‍ ബലാത്സംഗ കേസില്‍ പരമാവധി 15 വര്‍ഷം വരെയാണ് ശിക്ഷ.
ഡിസംബര്‍ 30ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ബാഴ്സലോണയിലെ നിശാക്ലബില്‍വെച്ച് ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ പരാതി നല്‍കിയത്.
സമർഥമായ പൊലീസ് നീക്കത്തിനൊടുവിലാണ് ആൽവസ് ജയിലിലാകുന്നത്. മെക്സിക്കോ ക്ലബുമായി കരാറിലൊപ്പിട്ട താരം സ്‍പെയിനിൽനിന്ന് നേരത്തെ മടങ്ങിയിരുന്നു. ഇതോടെ കേസിൽ തുടർനടപടികൾ മുടങ്ങുമെന്ന ഘട്ടത്തിലാണ് ഡാനി ആൽവസിനെ എങ്ങനെയും സ്‍പെയിനിൽ തിരിച്ചെത്തിക്കാൻ പൊലീസ് നീക്കം തുടങ്ങിയത്.
അഭിഭാഷകനുമായി ധാരണപ്രകാരമായിരുന്നു മെക്സിക്കോയിലായിരുന്ന താരം സ്‍പെയിനിലേക്ക് തിരിച്ചുപറന്നത്. എന്നാൽ, ചെറിയ കേസാണെന്നും വിഷയം ഗുരുതരമല്ലെന്നുമാണ് പൊലീസ് അറിയിച്ചിരുന്നത്. സ്‍പെയിനിൽ വിമാനമിറങ്ങിയതോടെ കേസിന്റെ വിശദാംശങ്ങളും ഗൗരവവും ബോധ്യപ്പെടുത്തി. അതോടെ, എളുപ്പം രക്ഷപ്പെടാനാകില്ലെന്നും വന്നു. കസ്റ്റഡിയിലെടുത്ത പൊലീസ് നേരെ ജയിലിലാക്കുകയായിരുന്നു.
പരാതിക്കിടയായ ദിവസം ഇതേ നൈറ്റ്ക്ലബിൽ എത്തിയതായി ആൽവസ് സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ചെറിയ സമയത്തേക്ക് മാത്രമായിരുന്നുവെന്നും ഉടൻ മടങ്ങിയെന്നുമാണ് പൊലീസിനു നൽകിയ മൊഴി. പൊലീസ് ശേഖരിച്ച തെളിവുകളിൽ താരം ഏറെനേരം ഇവിടെ ചെലവഴിച്ചതിന് രേഖയുണ്ട്.
സ്‍പെയിനിൽ ഏറ്റവും പ്രശസ്തനായ അഭിഭാഷകൻ ക്രിസ്റ്റബെൽ മാർട്ടെല്ലിനെയാണ് കേസ് വാദിക്കാൻ ആൽവസ് നിയമിച്ചത്. പ്രമുഖ വ്യവസായി ഫെറുസോള, ബാഴ്സലോണ ക്ലബ് തുടങ്ങിയവർക്ക് നിയമസേവനം നൽകുന്നയാളാണ് മാർട്ടെൽ. ബാഴ്സലോണയിൽ നീണ്ടകാലം പന്തുതട്ടിയ താരം അടുത്തിടെയാണ് മെക്സിക്കോയിലെ ക്ലബുമായി കരാറിലെത്തിയത്. കേസ് നടപടികൾ മുന്നോട്ടുപോകുന്നത് പരിഗണിച്ച് ക്ലബ് താരവുമായി കരാർ റദ്ദാക്കിയിരുന്നു. കരിയർ പൂർണമായി അവസാനിപ്പിക്കുന്നതാകുമോ പരാതിയെന്ന് കാത്തിരുന്നുകാണേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.