ഷമീൽ ചെമ്പകത്ത് ഹൈദരാബാദ് എഫ്.സി അണ്ടർ 18 ഹെഡ് കോച്ച്
text_fieldsപനാജി: മലയാളി പരിശീലകൻ ഷമീൽ ചെമ്പകത്തിനെ ഐ.എസ്.എൽ ടീം ഹൈദരാബാദ് എഫ്.സി അണ്ടർ 18 ഹെഡ് കോച്ചായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് കരാർ.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ യുവ ടീമുകളുടെ പരിശീലകനായിരുന്ന ഷമീൽ ചെമ്പകത്ത് കഴിഞ്ഞ മെയിൽ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. അവസാന മൂന്ന് വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു.
ഹൈദരാബാദ് എഫ്.സിയോടൊപ്പം ചേരാനായതിൽ വലിയ സന്തോഷമുണ്ടെന്നും ക്ലബിന് ആവശ്യമായ ഭാവി താരങ്ങളെ വളർത്തിയെടുക്കാൻ ആത്മാർഥമായി പരിശ്രമിക്കുമെന്നും ചുമതല ഏറ്റെടുത്ത് ഷമീൽ പ്രതികരിച്ചു.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ അണ്ടർ 15 ടീമിന്‍റെ പരിശീലകൻ ആയാണ് മൂന്ന് വർഷം മുമ്പ് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്‍റെ പരിശീലകനായി. ഫസ്റ്റ് ടീമിൽ അസിസ്റ്റന്‍റ് കോച്ചായും ഷമീൽ പ്രവർത്തിച്ചിരുന്നു. അടുത്തിടെയാണ് കോച്ചിങ് ലൈസൻസായ എ.എഫ്.സി എ ലൈസൻസ് ഷമീൽ സ്വന്തമാക്കിയത്. മലപ്പുറം ജില്ലയിൽ നിന്ന് ആദ്യമായി എ ലൈസൻസ് ലഭിക്കുന്ന പരിശീലകനായി ഷമീൽ ഇതോടെ മാറിയിരുന്നു.
തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയില്‍ കളി പഠിപ്പിച്ചു കോച്ചിങ് കരിയർ തുടങ്ങിയ ഷമീല്‍ 2010 മുതല്‍ സുബുലുസ്സലാം ഹയര്‍സെക്കന്‍ഡറി സ്കൂൾ ടീമിനേയും തെരട്ടമ്മല്‍ സോക്കര്‍ അക്കാദമിയേയും പരിശീലിപ്പിച്ചു. 2016 ൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സോക്കര്‍ സ്കൂള്‍ മലപ്പുറത്ത് തുടങ്ങിയപ്പോള്‍ ഹെഡ് കോച്ച് സ്ഥാനത്ത് എത്തിയതും ഷമീൽ ആയിരുന്നു. മലപ്പുറം ജില്ല ജൂനിയര്‍ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
വിവ കേരള, ഗോവ വാസ്കോ, മൊഹമ്മദന്‍സ് സ്പോര്‍ട്ടിങ്ങ് എന്നീ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയും കഴിവ് തെളിയിച്ച താരമാണ് ഷമീൽ. മുന്‍ കേരള യൂത്ത് ടീം വൈസ് ക്യാപ്റ്റനും ആയിട്ടുണ്ട്. 2007 ലെ പ്രി ഒളിമ്പിക്സ് ഇന്ത്യന്‍ അണ്ടര്‍ – 23 ടീം അംഗമായിരുന്ന ഷമീല്‍ രാജ്യാന്തരതലത്തിലും തന്‍റെ കളിമികവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.