‘കഠിനാധ്വാനവും പ്രഫഷണലിസവും ഛേത്രിയെ വ്യത്യസ്തനാക്കുന്നു’; ഇതിഹാസത്തെ പ്രശംസിച്ച് ബൂട്ടിയ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രിയെ തലമുറയിലെ മറ്റു താരങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്‍റെ കഠിനാധ്വാനവും അഭിനിവേശവും പ്രഫഷണലിസവുമാണെന്ന് മുൻ ഇന്ത്യൻ നായകൻ ബൈജുങ് ബൂട്ടിയ.
കഠിനാധ്വാനമാണ് ഛേത്രിയെ ഒരു ഇതിഹാസ താരമാക്കിയതെന്നും ബൂട്ടിയ പറഞ്ഞു. വ്യാഴാഴ്ചയാണ് രാജ്യാന്തര ഫുട്ബാളിൽനിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യൻ ടീം നായകൻ ഛേത്രി വെളിപ്പെടുത്തിയത്. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
ഇരുപതു വർഷത്തോളം നീണ്ട കരിയറിനൊടുവിലാണ് താരം ബൂട്ടഴിക്കുന്നത്. ‘കഠിനാധ്വാനം, അഭിനിവേശം, അർപ്പണബോധം, യഥാർഥ പ്രഫഷണലിസം, കൂടുതൽ മെച്ചപ്പെടാനുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധയും ആഗ്രഹവും, ഇതൊക്കെയാണ് അവനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്പത്തിൽ തന്നെ പഠിക്കാനും സാധ്യമായതെല്ലാം ചെയ്യാനും അദ്ദേഹം തയാറായിരുന്നു’ -ബൂട്ടിയ വാർത്ത ഏജൻസി പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യൻ ഫുട്ബാളിന്‍റെ വളർച്ചക്ക് ഛേത്രി വലിയ സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യൻ ഫുട്ബാളിന് ഇത് വലിയ നഷ്ടമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് ഛേത്രിയെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു.
2005ൽ ഛേത്രി അരങ്ങേറ്റം കുറിക്കുമ്പോൾ ഇന്ത്യൻ ഫുട്‌ബാളിന്‍റെ പോസ്റ്റർ ബോയിയും നായകനും ബൂട്ടിയയായിരുന്നു. ഇരുവരും ഇന്ത്യൻ ടീമിൽ ആറു വർഷം ഒരുമിച്ച് കളിച്ചിട്ടുണ്ട്. 2011ൽ ബൂട്ടിയ കളം വിട്ടതിനു പിന്നാലെ ഇന്ത്യൻ ഫുട്ബാളിന്‍റെ ബാറ്റൺ ഛേത്രി കൈയിലെടുത്തു. ഇതിനിടെ ബൂട്ടിയ കുറിച്ച റെക്കോഡുകളെല്ലാം ഛേത്രി മറികടന്നു. ‘ഇന്ത്യൻ ടീമിലെത്തുമ്പോൾ ഐ.എം. വിജയൻ തന്‍റെ സീനിയറായിരുന്നു. വിരമിക്കാനായപ്പോൾ ഛേത്രി ടീമിലെത്തി. ഇരുവർക്കുമൊപ്പം കളിക്കാൻ കഴിഞ്ഞത് എന്‍റെ ഭാഗ്യമാണ്’ -ബൂട്ടിയ പറഞ്ഞു.
ബൂട്ടിയ തന്നെ ഏറെ സ്വാധീനിച്ചിരുന്നതായി ഛേത്രി ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു. കഴിഞ്ഞ മാർച്ചിൽ ഗുവാഹത്തിയിൽവെച്ചാണ് ഛേത്രി ഇന്ത്യക്കായി 150ാം മത്സരം കളിക്കാനിറങ്ങിയത്. ഛേത്രി ഗോൾ നേടിയെങ്കിലും ഇന്ത്യ അഫ്ഗാനോട് 2–1ന് തോറ്റു. 2005ൽ ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിച്ച ഛേത്രി 94 ഗോളുകൾ രാജ്യാന്തര കരിയറിൽ നേടിയിട്ടുണ്ട്.
ഇന്ത്യക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും ഛേത്രിയാണ്. സജീവമായിട്ടുള്ള താരങ്ങളിൽ ഗോൾ നേട്ടത്തിൽ പോർചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കും അർജന്‍റൈൻ ഇതിഹാസം ലയണൽ മെസ്സിക്കും തൊട്ടുപിന്നിലാണ് ഛേത്രിയുടെ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.