'എടാ ശരീഫേ.. ഇയ്യാള് കൊള്ളാലോ'; വൈറലായ ഫുട്ബാൾ ക്ലബിന്‍റെ പേരിന് പിന്നിലെ രഹസ്യം ഇതാണ്
text_fieldsമഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ചൊവ്വാഴ്ച രാത്രി നടത്തിയ വലിയ അട്ടിമറിയോടെ കാൽപന്ത് ലോകം ശരീഫിന് പിന്നാലെയാണ്. സാക്ഷാൽ റയൽ മഡ്രിഡിനെ സാന്‍റിയാഗോ ബെർണബ്യൂവിൽ കയറി ശരീഫ് തോൽപിച്ചത് അത്ഭുതത്തോടെയാണ് കാൽപന്ത് ലോകം കണ്ടത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കായിരുന്നു ശരീഫിന്‍റെ വിജയം.
ആദ്യ മത്സരത്തിൽ ഷാക്തറിനെയും തോൽപിച്ച ശരീഫ് ഗ്രൂപ്പ് ഡിയിൽ നിലവിൽ ഒന്നാമതാണ്. വമ്പൻമാരായ റയൽ മഡ്രിഡിനും ഇന്‍റർ മിലാനിനും മുകളിൽ...! എന്നാൽ മലയാളികളാവട്ടെ, ക്ലബിന്‍റെ പേരിനു പിന്നാലെയാണ്. സ്പോർട്സ് ഗ്രൂപ്പുകളിലെ മുഹമ്മദ് ശരീഫുമാർക്കും കണ്ണൂർ ശരീഫിനുമെല്ലാം മെൻഷൻ കൊണ്ട് ഇരിക്കാൻ വയ്യാത്ത സ്ഥിതിയാണ്.
എന്താണീ പേരിന് പിന്നിൽ?. ആദരീണയൻ, സന്മാർഗി എന്നെല്ലാം അർഥമുള്ള അറബിക് പേരായ ശരീഫുമായി ഈ ശരീഫിന് ബന്ധമൊന്നുമില്ല. മൽഡോവൻ നഗരമായ തിരാസ്പോൾ കേന്ദ്രീകരിച്ചുള്ള ഫുട്ബാൾ ക്ലബിന്‍റെ സ്പോൺസർമാരാണ് ശരീഫ്. 1997ൽ Tiras Tiraspol എന്ന പേരിൽ രൂപീകരിച്ച ക്ലബ് പിന്നീട് ശരീഫ് കമ്പനി ഏറ്റെടുത്തതോടെ ആ പേരിൽ അറിയപ്പെടുകയായിരുന്നു.
നാലുതവണ യൂറോപ്പ ലീഗ് കളിച്ച ശരീഫ് ചാമ്പ്യൻസ് ലീഗിനെത്തുന്ന ആദ്യത്തെ മൽഡോവൻ ക്ലബാണ്. ഉക്രയിനോട് ചേർന്നുകിടക്കുന്ന ട്രാൻസിൻസ്റ്റ്രിയ പ്രദേശത്ത് വിവിധ വ്യവസായങ്ങൾ ശരീഫ് കമ്പനിക്കുണ്ട്. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, ടി.വി ചാനൽ, പ്രസാധകർ, വാഹന ഡീലർ, പരസ്യക്കമ്പനി, മൊബൈൽ നെറ്റ്വർക്ക് ഇങ്ങനെ പലവിധ സേവനങ്ങൾ കമ്പനി നൽകുന്നു. ട്രാൻസിൻസ്റ്റ്രിയ പ്രദേശത്തെ ഭരണകൂടങ്ങളിലും രാഷ്ട്രീയ സംഭവവികാസങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നവരാണ് ഈ കമ്പനി. ശരീഫ് എന്ന റഷ്യൻ വാക്കിന് നിയമപാലകൻ, അധികാരി എന്നൊക്കെയാണ് അർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.