പെലെയുടെ കൈയൊപ്പ് ചാര്‍ത്തിയ ഖത്തര്‍ റിയാല്‍; ഓർമകളിൽ ഷിഹാബുദ്ദീന്
text_fieldsകാഞ്ഞിരപ്പള്ളി: ഫുട്ബാൾ ഇതിഹാസം മറയുമ്പോൾ അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ഖത്തർ റിയാലിന്റെ ഓർമകളിൽ കോട്ടയം കൂട്ടിക്കൽ സ്വദേശി ഷിഹാബുദ്ദീൻ. കേട്ടുപരിചയമുള്ളവർപോലും പെലെയുടെ വേർപാട് ഏറെ ദുഃഖത്തോടെ നെഞ്ചേറ്റുമ്പോൾ ഷിഹാബുദ്ദീന് അത് താങ്ങാവുന്നതിലും അധികം വേദന. പെലെ എന്നത് കേട്ടുമാത്രം പരിചയമുള്ളയാളല്ല കൂട്ടിക്കൽ കല്ലുപുരയ്ക്കൽ ഷിഹാബുദ്ദീൻ പക്രുദ്ദീൻ. പെലെയെ നേരിൽ കണ്ട് സംസാരിച്ചു. ഒപ്പം ഫോട്ടോയെടുത്തു. കൈയിലുണ്ടായിരുന്ന കറൻസിയിൽ കൈയൊപ്പുവാങ്ങി... ആ മുഹൂർത്തങ്ങൾ ഈ കൂട്ടിക്കലുകാരന്റെ മനസ്സിൽ വീണ്ടും നിറയുന്നു.
ഒന്നരപതിറ്റാണ്ട് മുമ്പാണ് പെലെയെ നേരിൽ കാണാനുള്ള ഭാഗ്യം ഈ മലയാളിയെ തേടിയെത്തിയത്. ദോഹയിൽ ഫുഷോൺ എന്ന ഫ്രഞ്ച് കാറ്ററിങ് കമ്പനിയിൽ കാറ്ററിങ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്ന കാലത്താണ് ഈ ഭാഗ്യം ലഭിക്കുന്നത്. 2007ൽ ശൈഖ് ഹമദ് ബിൻ ഖലീഫ അൽത്താനിയുടെ ഭരണത്തിൽ ആഭ്യന്തര മന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് അൽത്താനിയുടെ അതിഥികളായി അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ പെലെയും ഖത്തർ അമീറും എത്തിയിരുന്നു.
ആസ്പയർ കോളജ് ഓഫ് ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനത്തിന് മറഡോണക്കൊപ്പം എത്തിയപ്പോഴാണ് പെലെ ശൈഖിന്റെ അതിഥിയായി പാലസിൽ എത്തുന്നത്. ഫുഷോൺ എന്ന കാറ്ററിങ് കമ്പനിക്കായിരുന്നു ഇവർക്കുള്ള ഭക്ഷണം ഒരുക്കാനുള്ള അവസരം ലഭിച്ചത്. കമ്പനി നിർദേശപ്രകാരം വിശിഷ്ടാതിഥികൾക്ക് ഭക്ഷണം ഒരുക്കാൻ പാലസിൽ എത്തിയപ്പോഴാണ് അന്നത്തെ ഖത്തർ അമീറും പെലെയുമാണ് അവിടെയുള്ളത് എന്നറിയുന്നത്. ഉള്ളിലെത്തിയപ്പോൾ കൺമുന്നിൽ സാക്ഷാൽ പെലെ.
പാലസിലേക്ക് കയറുമ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ പഴ്സ് അടക്കമുള്ള മുഴുവൻ വസ്തുക്കളും വാങ്ങിവെച്ചിരുന്നതിനാൽ പെലെയുടെ ഒപ്പ് വാങ്ങാൻ കൈയില്‍ ഒരു വസ്തുവും ഉണ്ടായിരുന്നില്ല. ശൈഖ് അബ്ദുല്ല ബിൻ ഖാലിദിന്റെ മകന്റെ കൈയിൽനിന്ന് ഒരു ഖത്തർ റിയാൽ വാങ്ങിയാണ് പെലെയുടെ ഒപ്പ് വാങ്ങിയത്. ഫോട്ടോയോ വിഡിയോയോ എടുക്കാൻ സാധിച്ചിരുന്നില്ല. അൽ ജസീറ ചാനൽ ഫോട്ടോഗ്രാഫർ മാത്രമാണ് ഇവരുടെ ഫോട്ടോ എടുത്തിരുന്നത്.
പെലെയോടും അന്നത്തെ ഖത്തർ അമീറിനോടും ഒപ്പമുള്ള ഫോട്ടോ അൽ ജസീറ ഫോട്ടോഗ്രാഫർ ഷിഹാബുദ്ദീന്റെ മെയിലിലേക്ക് അയച്ചുകൊടുത്തിരുന്നുവെങ്കിലും ആ മെയിൽ ഐ.ഡി നഷ്ടപ്പെട്ടതിനാൽ ഫോട്ടോകൾ വീണ്ടെടുക്കാൻ സാധിച്ചതുമില്ല. അത് വലിയൊരു നഷ്ടമായി കാണുകയാണ് ഷിഹാബുദ്ദീൻ. കഴിഞ്ഞ സെപ്റ്റംബറിലാണ് ഷിഹാബ് നാട്ടിലെത്തി മടങ്ങിയത്. ഇപ്പോൾ യു.എ.ഇയിൽ അൽഐനിൽ ഗാർഡൻ ലാൻഡ് ലാൻഡ്സ്കേപ് എന്ന കമ്പനി നടത്തുകയാണ് ഷിഹാബുദ്ദീൻ. കുടുംബസമേതം അവിടെയാണ് താമസം. ഭാര്യ: സൗമ്യ ഷിഹാബുദ്ദീൻ. ഫഹറുദ്ദീൻ, നേഹ ഫാത്തിമ, ഹയ ഫാത്തിമ എന്നിവർ മക്കളാണ്. നാട്ടിലും വിദേശത്തും കാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ് ഈ കൂട്ടിക്കലുകാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.