Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപത്തരമാറ്റിന്റെ...

പത്തരമാറ്റിന്റെ സിദാനിസം

text_fields
bookmark_border
zinedine zidane
cancel

ഫിഫ ലോകകപ്പ് ജേതാവ്, യൂറോപ്യൻ ചാമ്പ്യൻ, യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടവൻ, സീരി എയിലും ലാ ലിഗയിലും കപ്പുയർത്തിയവൻ. മൂന്നു തവണ ഫിഫ താരം. രണ്ടു ലോകകപ്പ് ഫൈനലുകളിൽ ഗോളടിച്ച നാലുപേരിൽ ഒരുവൻ... സിസൂ എന്ന് കായിക ലോകം സ്നേഹത്തോടെ വിളിച്ച സിനദിൻ സിദാൻ എന്ന ഫ്രഞ്ച് നക്ഷത്രം പച്ചപ്പുൽമൈതാനത്ത് വെട്ടിപ്പിടിച്ച അപൂർവതകളുടെ കണക്കുപുസ്തകങ്ങളിൽ ഇവ ചിലതു മാത്രം. കാൽപന്തിന്റെ ഏറ്റവും മികച്ച ടെക്നീഷ്യൻ എന്നു വിളിപ്പേരുമായി എത്തി അദ്ഭുതങ്ങളേറെ കാണിച്ചവൻ.

ബുദ്ധിയും ധിഷണയും ലാളിത്യവും സമം ചേർത്ത് മൈതാനത്തുനിറഞ്ഞ അറ്റാകിങ് മിഡ്ഫീൽഡർ. 18 വർഷത്തെ കരിയറിനിടെ ക്ലബിനായും രാജ്യത്തിനായും മാറോടു ചേർത്ത ട്രോഫികൾ 15. പരിശീലകനായ ചെറിയ കാലയളവിൽ വെട്ടിപ്പിടിച്ചതാകട്ടെ, അതിലും വലിയ നേട്ടങ്ങൾ.2006ൽ നിന്നു തുടങ്ങാം. ജർമനി രണ്ടാം തവണ ആതിഥ്യമരുളിയ ലോകകാൽപന്ത് മാമാങ്കത്തിൽ കിരീടത്തിനരികെ യൂറോപിലെ രണ്ടു അയൽക്കാരാണ് കലാശപ്പോരിൽ മുഖാമുഖം. കളിയുടെ ഏഴാം മിനിറ്റിൽ പനെങ്ക ഷോട്ടിൽ കാവൽക്കാരൻ ബുഫണെ കാഴ്ചക്കാരനാക്കി സിസു ഫ്രഞ്ച് ടീമിന് കാത്തിരുന്ന ലീഡ് നൽകുന്നു. വൈകാതെ സെറ്റ് പീസിൽ ലക്ഷ്യംകണ്ട് മാർക്കോ മറ്റരാസി അസൂറികളെ ഒപ്പമെത്തിച്ചു.

ഏത് ആംഗിളിലും പറന്നുകയറാൻ മിടുക്കനായ മൊട്ടത്തലയൻ സിദാനെ മാർക് ചെയ്യുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത മറ്റരാസി കാൽകൊണ്ട് നേരിടുന്നതിലേറെ മിടുക്ക് കാട്ടിയത് നാവുകൊണ്ടുള്ള 'ടാക്ലിങ്ങി'നായിരുന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 108ാം മിനിറ്റിലായിരുന്നു സംഭവം. സിസു തന്റെ രാജ്യത്തിനായി 108ാം തവണയാണ് കളിക്കുന്നതെന്ന സവിശേഷത കൂടിയുണ്ടായിരുന്നു അപ്പോൾ. ഗോൾമുഖത്ത് സിദാനെ മാർകു ചെയ്ത ഇറ്റാലിയൻ താരത്തിനുനേരെ ഓടിയെത്തിയ സിസു നേരെ തലകൊണ്ട് മറ്റരാസിയുടെ നെഞ്ചിലിടിക്കുന്നു. ഇറ്റാലിയൻ താരം ഗ്രൗണ്ടിൽ വീണതോടെ കാര്യങ്ങൾ കൈവിട്ടു. മറ്റു അംപയർമാരുമായി ആലോചിച്ച റഫറി പ്രതീക്ഷിച്ചപോലെ ചുവപ്പുകാർഡ് കാട്ടി.

മൈതാനത്ത് അനിശ്ചിതത്വത്തിന്റെയും ഞെട്ടലിന്റെയും നിമിഷങ്ങൾ. ലോകം കാലുകളിലേക്ക് കൺപാർത്തുനിന്ന സൂപർതാരം വെറുതെ തലയിട്ടിടിച്ച് പവലിയനിലേക്ക് തിരിച്ചുകയറുന്നു. സിദാൻ പുറത്തുപോയ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഫ്രാൻസിനെ കടന്ന് അസൂറികൾ കപ്പുമായി മടങ്ങി. നിരന്തര പ്രകോപനങ്ങൾക്കിടെ വീണ്ടും പ്രശ്നമുണ്ടാക്കാനെത്തിയപ്പോൾ കളി കഴിഞ്ഞ് ജഴ്സി നൽകാമെന്ന് പറഞ്ഞതിന് അതുവേണ്ട, സഹോദരിയെ മതിയെന്ന് മറ്റരാസി പ്രതികരിച്ചതാണ് ഇടിക്ക് കാരണമായതെന്ന് ഇരുവരും വിശദീകരിച്ചെങ്കിലും സിദാൻ പിന്നീട് കാര്യമായി ബൂട്ടുകെട്ടിയില്ല.

ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട് ലഭിച്ചതും താരത്തിന് ആശ്വാസം പകർന്നില്ല. കിരീട നഷ്ടത്തിന് മാപ്പു ചോദിച്ച സിസുവിന് എന്നേ മാപ്പു നൽകിയ ഫ്രഞ്ച് ജനതയുടെ മനസ്സിൽ സിസു പകരക്കാരില്ലാത്ത ഇതിഹാസമാണ്. ടീമിനെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് നയിച്ച മഹാനായ താര സാന്നിധ്യം. സ്വന്തം കളിമുറ്റത്ത് ലോകപോരാട്ടം വിരുന്നെത്തിയ 1998ൽ ഫ്രഞ്ചു സ്വപ്നങ്ങളെ സിംഹാസനമേറ്റിയ രാജകുമാരൻ.

കളത്തിലെ ഒറ്റയാൻ

ഇനി അൽപം ചരിത്രം പറയണം. 1972ൽ ഫ്രഞ്ച് നഗരമായ മാഴ്സെയിൽ ജനനം. സിസു പിറക്കുന്നതിനും രണ്ട് പതിറ്റാണ്ട് മുമ്പ് അൾജീരിയയിൽനിന്ന് കുടിയേറിയതായിരുന്നു മാതാപിതാക്കൾ. നാലു സഹോദരങ്ങളടങ്ങിയ കുടുംബത്തിൽനിന്ന് കാൽപന്തിന്റെ ലോകത്തേക്ക് അതിവേഗം പിച്ചവെച്ച താരം 10ാം വയസ്സു മുതൽ ജൂനിയർ ടീമുകൾക്കായി കളിച്ചുതുടങ്ങി. കാൽകൊണ്ട് പന്തു നീക്കുന്ന അത്രയുമോ അതിലേറെയോ വേഗത്തിൽ തലച്ചോറു കൊണ്ടും കളി നയിക്കുന്നവനെന്നതായിരുന്നു അന്നു മുതൽ താരത്തിന്റെ സവിശേഷത. പാസിങ് ഗെയിമിന്റെ ആശാനായി നിലയുറപ്പിച്ചപ്പോഴും ഗോളുകൾ ആ കാലുകളിൽനിന്ന് നിരന്തരം പ്രവഹിച്ചു. ദേശീയ ടീമിനായി 108 കളികളിൽ നേടിയത് 31 ഗോളുകൾ.

17ാം വയസ്സിൽ ഫ്രഞ്ച് ടീം കാനിനായി പ്രഫഷനൽ ഫുട്ബാൾ കളിച്ചു തുടങ്ങിയ സിസു ബോർഡോയിലേക്കും അവിടുന്ന് യുവന്റസിലേക്കും റയലിലേക്കും മാറി. 1996ൽ വളരെ ചെറിയ തുകക്ക് ന്യൂകാസിൽ ജഴ്സിയണിയാൻ ശ്രമം നടത്തിയെങ്കിലും ഇംഗ്ലീഷ് ലീഗിൽ കളിക്കാനുള്ള മികവില്ലെന്നു പറഞ്ഞ് അവർ തള്ളി. സ്വന്തം നാടായ അൾജീരിയക്കുവേണ്ടി ഇറങ്ങാനുള്ള ശ്രമങ്ങളും ഇതേ കാരണങ്ങളാൽ തള്ളപ്പെട്ടത് മറ്റൊരു ചരിത്രം. യുവെയിലെത്തുന്നതോടെയാണ് സിദാന്റെ തലവര മാറുന്നത്. ടീം സീരി എയിൽ കപ്പുയർത്തി. തൊട്ടടുത്ത വർഷവും കിരീടനേട്ടം ആവർത്തിച്ചു.

യൂറോപ്യൻ മൈതാനങ്ങളുടെ ആവേശമായി അതിവേഗം ജ്വലിച്ചുനിന്ന സിസുവിനെ തേടി ബാലൺ ഡി ഓർ പുരസ്കാരവുമെത്തി. വലിയ സംഭാവനകളെ ആദരിച്ച് ഫ്രാൻസ് നൽകുന്ന ലീജ്യൺ ഓഫ് ഓണർ, അൾജീരിയയുടെ നേഷനൽ ഓർഡർ ഓഫ് മെറിറ്റ് എന്നിവയും സ്വന്തമാക്കി. 34ാം മിനിറ്റിൽ കളി നിർത്തിയ താരം വർഷങ്ങൾ കഴിഞ്ഞ് റയൽ പരിശീലക വേഷവുമണിഞ്ഞു. മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളുൾപ്പെടെ ക്ലബിനൊപ്പം സിസു കുറിച്ചത് എണ്ണമറ്റ നേട്ടങ്ങൾ. രണ്ട് യുവേഫ സൂപർ കപ്പ്, അത്രയും തവണ ഫിഫ ക്ലബ് ലോക കിരീടം, ലാ ലിഗ പട്ടം തുടങ്ങിയവയും ഇതിൽ പെടും. ലോകകപ്പിനു ശേഷം ഫ്രഞ്ച് പരിശീലക പദവിയിലേക്കും സിദാൻ എത്തുമെന്നാണ് ഏറ്റവുമൊടുവിലെ സൂചനകൾ.

ആഫ്രിക്കൻ വേരുകളുമായി എത്തി യൂറോപും അവിടുന്ന് ലോകം മുഴുക്കെയും കീഴടക്കിയ താരത്തെ പക്ഷേ, ശരിക്കും വേറിട്ടുനിർത്തുന്നത് 1998ലെ ലോകകപ്പ് കിരീടമാണ്. 20ാം നൂറ്റാണ്ടിലെ അവസാന ലോകകപ്പിൽ ഫ്രഞ്ച് മൈതാനങ്ങൾ സാക്ഷിയായത് സിദാനെന്ന അതിമനുഷ്യന്റെ സമാനതകളില്ലാത്ത പ്രകടനമികവിനായിരുന്നു. ദേശീയ ടീമിനെ മാടിവിളിച്ച് മുന്നിലുണ്ടായിരുന്നത് കന്നി ലോകകിരീടമെന്ന ചരിത്രം.

വമ്പന്മാരെ മുട്ടുകുത്തിച്ച് ഫൈനലിലെത്തിയവർക്ക് പക്ഷേ, അവസാന ചിരി മുടക്കാൻ ശേഷിയുള്ള സാംബ പടയെ കൂടി കടക്കേണ്ടിയിരുന്നു. അതുവരെയും എല്ലാ കളികളിലും രാജാവിനെ പോലെ പട നയിച്ച ഫ്രാൻസിനും സിസുവിനും ബ്രസീൽ എതിരാളികളായില്ല. ആദ്യ പകുതിയിൽ രണ്ടുവട്ടം തലകൊണ്ട് വല കുലുക്കി സിദാൻ എന്ന ഒറ്റയാൻ സാംബ കുരുതിക്ക് നേതൃത്വം നൽകി. ടീം അങ്ങനെ ആദ്യമായി ലോക ജേതാക്കളുമായി. ഇത്തവണയും അതേ നേട്ടം ആവർത്തിക്കുകയെന്ന വലിയ സ്വപ്നങ്ങൾക്കരികെയാണ് ഫ്രഞ്ചു സംഘം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sinadhin sidhan
News Summary - Sidonism Made by gold
Next Story