2026 ലോകകപ്പിന് ‘സിംപിൾ’ ലോഗോ; അത്ര പോരെന്ന് ആരാധകർ
text_fieldsലോസ് ആഞ്ജലസ്: അടുത്ത ഫുട്ബാൾ ലോകകപ്പിന്റെ ഭാഗ്യമുദ്ര ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റിനോയും ഇതിഹാസ താരം റൊണാൾഡോയും ചേർന്ന് പുറത്തിറക്കി. യു.എസ്.എ, കാനഡ, മെക്സികോ എന്നീ രാജ്യങ്ങളിലാണ് 2026ലെ ലോകകപ്പ്. ലോകകപ്പിന്റെ ചിത്രവും ലോകകപ്പ് നടക്കുന്ന വർഷവും ചേർന്നുള്ളതാണ് ലോഗോ. ചരിത്രത്തിലാദ്യമായാണ് ട്രോഫിയും നടക്കുന്ന വർഷവും ലോഗോയിൽ ഇടം നേടുന്നത്. 16 വേദികളിലായി 104 മത്സരങ്ങളാണ് നടക്കുന്നത്. ‘വീ ആർ 26 ’ എന്ന പേരിൽ ഒാേരാ ആതിഥേയനഗരങ്ങളും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കറുപ്പ് പ്രതലത്തിൽ വെളുത്ത നിറത്തിൽ 26 എന്നെഴുതുകയും ലോകകപ്പിന്റെ ചിത്രം പതിക്കുകയും ചെയ്ത ലോഗോ അത്ര പോരെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലാളിത്യം കുറച്ച് കൂടിപ്പോയെന്നാണ് ആരോപണം. കുറച്ചുകൂടി വിശദമാക്കുന്നത് വേണ്ടിയിരുന്നുവെന്നും അഭിപ്രായമുയർന്നു. ലോഗോ ഡിസൈൻ ചെയ്തവനെ വെടിവെച്ച് കൊല്ലണമെന്ന് ഫുട്ബാൾ ജേണലിസ്റ്റായി അഡ്രിയാൻ സൗസ ട്വീറ്റ് ചെയ്തു. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ വർണഭംഗിയാർന്ന ലോഗോ പോസ്റ്റ് ചെയ്താണ് ചിലർ അരിശം തീർത്തത്. ലോകകപ്പിന് ആതിഥേയരാകുന്ന യു.എസ്.എ, കാനഡ, മെക്സികോ എന്നീ രാജ്യങ്ങളുടെ പ്രാതിനിധ്യം ലോഗോയിൽ ഇല്ല. മുൻകാലങ്ങളിൽ ആതിഥേയരുടെ അടയാളപ്പെടുത്തലുകളുണ്ടാകുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.