പെറുവിന് സങ്കടക്കണ്ണീർ; സോക്കറൂസിന് ലോകകപ്പ് യോഗ്യത
text_fieldsദോഹ: ഗാലറി നിറച്ച പെറുവിയൻ ആരാവങ്ങളെയെല്ലാം ഒരൊറ്റ സേവിൽ നിശബ്ദമാക്കി മഞ്ഞക്കുപ്പായക്കാരായ സോക്കറൂസ് ഖത്തർ ലോക്കപ്പിന് ടിക്കറ്റുറപ്പിച്ചു. തിങ്കളാഴ്ച രാത്രിയിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഇന്‍റർകോണ്ടിനെന്‍റൽ േപ്ല ഓഫ് പോരാട്ടത്തിൽ പെറുവിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ആസ്ട്രേലിയയുടെ ജയവും ലോകകപ്പ് പ്രവേശനവും. അടിമുടി ആവേശം നിറഞ്ഞ മത്സരം നിശ്ചിത സമയവും അധിക സമയവും പിന്നിട്ടിട്ടും ഗോളുകളൊന്നും പിറക്കാതെ സമനിലയിൽ തുടർന്നു. ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൽ വിധി നിർണയിക്കപ്പെട്ടു. ഇരു നിരയുടെയും അഞ്ചു കിക്കുകൾ പിന്നിട്ടിട്ടും ടൈ ബ്രേക്ക് ചെയ്യപ്പെട്ടില്ല (4-4). ഒടുവിൽ, സഡൻഡെത്തിന്‍റെ ഊഴം. ആദ്യ കിക്ക് ആസ്ട്രേലിയ സ്കോർ ചെയ്തു, മറുപടി ഷോട്ടെടുത്ത പെറുവിന്‍റെ അലക്സ് വലേര എടുത്ത ഷോട്ട്, വലത്തേക്ക് ചാടിയ ഗോൾകീപ്പർ ആൻഡ്ര്യൂ റെഡ്മെയ്ൻ കൈപ്പിടിയിലൊതുക്കി, സോക്കറൂസിന് ലോകകപ്പിലേക്കുള്ള ടിക്കറ്റ് സമ്മാനിച്ചു (5-4).
എക്സ്ട്രാ ടൈമിന്‍റെ അവസാന മിനിറ്റിൽ നായകൻ കൂടിയായ ഗോൾകീപ്പർ മാത്യൂ റ്യാന് പകരം, ആൻഡ്ര്യൂവിനെ കളത്തിലിറക്കിയ കോച്ച് ഗ്രഹാം അർനോൾഡിന്‍റെ തീരുമാനം പിഴച്ചില്ല. ഗോൾവലക്കു മുന്നിൽ ഇരുകൈകളും വിരിച്ച് സ്പൈഡർമാനായി നൃത്തം ചെയ്ത ആൻഡ്ര്യൂ പെറുവിന്‍റെ അന്തകനായി മാറി.
ഷൂട്ടൗട്ടിലെ വിജയയവുമായി സോക്കറൂസ് തങ്ങളുടെ ആറാം ലോകകപ്പിന്. 2006 മുതൽ ലോകകപ്പിലെ പതിവ് സാന്നിധ്യമായ സോക്കറൂസിന് തുടർച്ചയായ അഞ്ചാം ലോകകപ്പ് വിജയം കൂടിയാണിത്.
കഴിഞ്ഞയാഴ്ച നടന്ന ഏഷ്യൻ യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ യു.എ.ഇയെ 2-1ന് തോൽപിച്ചാണ് ആസ്ട്രേലിയ ഇന്‍റർകോണ്ടിനെന്‍റൽ േപ്ലഓഫിന് ടിക്കറ്റുറപ്പിച്ചത്. ലോകകപ്പ് ഗ്രൂപ്പ് 'ഡി'യിൽ നിലവിൽ ചാമ്പ്യന്മാരായ ഫ്രാൻസ്, ഡെന്മാർക്ക്, തുണീഷ്യ ടീമുകൾക്കൊപ്പമാണ് ഓസീസിന്‍റെ ഇടം.
ഇന്‍റർകോണ്ടിനെന്‍റൽ രണ്ടാം േപ്ലഓഫിൽ ചൊവ്വാഴ്ച രാത്രിയിൽ കോസ്റ്ററീക -ന്യൂസിലൻഡിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.